ധരംശാലയിലെ 'ധർമസങ്കടം'; കളമറിഞ്ഞ് കരുക്കള്‍ നിരത്താന്‍ ഇന്ത്യ

ധരംശാലയിലെ 'ധർമസങ്കടം'; കളമറിഞ്ഞ് കരുക്കള്‍ നിരത്താന്‍ ഇന്ത്യ

ടീം ലൈനപ്പും സമവാക്യങ്ങളും എങ്ങനെ കൃത്യമായി പ്ലേസ് ചെയ്യാമെന്ന ധർമ്മ സങ്കടം ഇംഗ്ലണ്ടിന് മാത്രമല്ല ഇന്ത്യയ്ക്കുമുണ്ടാകും
Updated on
2 min read

''സത്യസന്ധമായി ബാസ്‍ബോള്‍ എന്താണ് അർത്ഥമാക്കുന്നതെന്ന് എനിക്ക് അറിയില്ല. ആക്രമിക്കുക എന്നതാണോ? അറിയില്ല,'' ധരംശാല ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട ഇന്ത്യന്‍ നായകന്‍ രോഹിത് ശർമയുടെ വാക്കുകളാണിത്. ബാസ്ബോള്‍ എറയില്‍ ഇംഗ്ലണ്ടിനെ കീഴടക്കിയ ആദ്യ നായകന്റെ ആത്മവിശ്വാസം മുഴുവന്‍ രോഹിതിലുണ്ടായിരുന്നു. എന്നാല്‍ ധരംശാലയില്‍ ആ വിജയം ആവർത്തിക്കാന്‍ ഇന്ത്യയ്ക്കാകുമോ? ഇംഗ്ലണ്ടിനോട് ചേർത്ത് വെക്കാന്‍ സാധിക്കുന്ന സാഹചര്യങ്ങളും കാലാവസ്ഥയുമുള്ള മൈതാനമാണ് ധരംശാലയിലേത്. ടീം ലൈനപ്പും സമവാക്യങ്ങളും എങ്ങനെ കൃത്യമായി പ്ലേസ് ചെയ്യാമെന്ന സംശയം ഇംഗ്ലണ്ടിന് മാത്രമല്ല ഇന്ത്യയ്ക്കുമുണ്ടാകും. ഇരുടീമുകളേയും ധർമ്മ സങ്കടത്തിലാഴ്ത്തുന്നത് ധരംശാലയിലെ വിക്കറ്റ് തന്നെയാണ്.

സ്പിന്നും പേസും ധരംശാലയും

പരമ്പരയില്‍ ഇതുവരെ നാല് മത്സരങ്ങള്‍ പൂർത്തിയായി, സ്പിന്നർമാരുടെ മികവാണ് പരമ്പരയെ കൂടുതല്‍ ആവേശത്തിലാഴ്ത്തിയത്. എന്നാല്‍ ധരംശാലയില്‍ അടുത്തിടെ നടന്ന രഞ്ജി ട്രോഫി മത്സരങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സ്പിന്നർമാർക്ക് അത്ര അനുകൂലമല്ല കാര്യങ്ങള്‍. നാല് മത്സരങ്ങളിലായി പേസർമാർ രഞ്ജിയിലെറിഞ്ഞത് 814 ഓവർ, വീഴ്ത്തിയത് 122 വിക്കറ്റ്, ശരാശരി 23.17. മറുവശത്ത് സ്പിന്നർമാർക്ക് ലഭിച്ചത് 122 ഓവർ മാത്രം, ലഭിച്ചതാകട്ടെ ഏഴേ എഴ് വിക്കറ്റ്, ശരാശരി 50ന് മുകളില്‍.

അവസാനമായി ധരംശാല ഒരു അന്താരാഷ്ട്ര ടെസ്റ്റിന് വേദിയായത് 2017ലായിരുന്നു, ഇന്ത്യ-ഓസ്ട്രേലിയ മത്സരം. 32 വിക്കറ്റുകളായിരുന്നു നാല് ഇന്നിങ്സുകളിലായി വീണത്. 18 വിക്കറ്റുകളും സ്പിന്നർമാരുടെ പേരിലുമായിരുന്നു. 12 വിക്കറ്റുകള്‍ പേസർമാരും നേടി. ഇരുടീമുകള്‍ക്കും ഒന്നാം ഇന്നിങ്സില്‍ 300 റണ്‍സിന് മുകളില്‍ സ്കോർ ചെയ്യാനുമായി. പേസർമാർക്കും സ്പിന്നർമാർക്കും ഏറെക്കുറെ ഒരുപോലെ പിന്തുണ നല്‍കിയ വിക്കറ്റ് ബാറ്റർമാരെയും നിരാശപ്പെടുത്തുന്നതായിരുന്നില്ല. പുതിയ സാഹചര്യം പേസിനായിരിക്കുമോ സ്പിന്നിനായിരിക്കുമോ പിന്തുണ കൂടുതല്‍ നല്‍കുക എന്നത് പ്രവചനാതീതമായിരിക്കുന്നു.

വിക്കറ്റിലുള്ള പുല്ലിന്റെ നേർത്ത സാന്നിധ്യത്തിലായിരിക്കും പേസർമാരുടെ പ്രതീക്ഷകളെല്ലാം. അതുകൊണ്ട് തന്നെ ജസ്പ്രിത് ബുംറയുടെ തിരിച്ചുവരവ് ഇന്ത്യയ്ക്ക് ഗുണകരമാകും. ബുംറ-മുഹമ്മദ് സിറാജ് ദ്വയത്തിന് വിക്കറ്റില്‍ നിന്നുള്ള പിന്തുണകൂടിയുണ്ടെങ്കില്‍ രോഹിതിന്റെ ജോലി എളുപ്പമാകും. സ്പിന്നർമാർക്ക് അനുകൂലമായിരുന്ന സാഹചര്യങ്ങളില്‍ പോലും പരമ്പരയില്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇരുവർക്കും സാധിച്ചിരുന്നു. മൂന്നാം പേസറെ ഇന്ത്യ പരിഗണിക്കാനുള്ള ധൈര്യം കാണിക്കുകയാണെങ്കില്‍ മുകേഷ് കുമാറിന് മുകളില്‍ ആകാശ് ദീപിനായിരിക്കും സാധ്യത.

രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് - ഓസ്ട്രേലിയക്കെതിരായ ടെസ്റ്റില്‍ വിക്കറ്റ് കോളത്തില്‍ മൂവരുടേയും പേര് നിറഞ്ഞു നിന്നിരുന്നതാണ്. ആ ഓർമ്മ ഉറപ്പായും ഇന്ത്യന്‍ ക്യാമ്പിലുണ്ടാകും.

ബാറ്റിങ്ങില്‍ യുവ ഇന്ത്യ

ബാറ്റിങ്ങിലേക്കെത്തിയാല്‍ ഇന്ത്യയുടെ ആശങ്ക മധ്യനിരയിലാണ്. രജത് പാട്ടിദാറിന് ഇതുവരെ പരമ്പരയില്‍ തിളങ്ങാനായിട്ടില്ല. മൂന്ന് മത്സരങ്ങളിലെ ആറ് ഇന്നിങ്സുകളിലായി താരം നേടിയത് കേവലം 63 റണ്‍സ് മാത്രമാണ്. ആഭ്യന്തര ക്രിക്കറ്റിലെ മികവ് താരത്തിന്റെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഫലിപ്പിക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ ഒരു അഴിച്ചുപണിക്ക് ഇന്ത്യ മുതിർന്നേക്കാം.

പാട്ടിദാറിന് പകരം യുവതാരം ദേവദത്ത് പടിക്കലായിരിക്കും വെള്ളക്കുപ്പായത്തില്‍ നാളെ ധരംശാലയില്‍ ഇറങ്ങുക. അരങ്ങേറ്റ ടെസ്റ്റില്‍ രണ്ട് അർധ സെഞ്ചുറികളുമായി തിളങ്ങിയ സർഫറാസ് ഖാന്‍ റാഞ്ചിയില്‍ പരാജയപ്പെട്ടിരുന്നു. അവസരത്തിനൊത്ത് ഉയരേണ്ട ഉത്തരവാദിത്തം സർഫറാസിനുമുണ്ട്.

ഇന്ത്യയുടെ ബാറ്റിങ് നിര പരിശോധിക്കുകയാണെങ്കില്‍ തലമുറ മാറ്റത്തിന്റെ എല്ലാ സൂചനകളും വ്യക്തമാണ്. 30കാരനായ പാട്ടിദാറിന്റെ സ്ഥാനത്ത് 23കാരനായ ദേവദത്ത് എത്തുമ്പോള്‍ ബാറ്റിങ്ങിന്റെ ഉത്തരവാദിത്തം പൂർണമായും യുവതാരങ്ങളിലേക്ക് മാറും. വിരാട് കോഹ്ലി, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നീ സീനിയർ താരങ്ങളുടെ അഭാവത്തിലായിരുന്നു ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയത്. പ്രോപ്പർ ബാറ്ററെന്ന തലക്കെട്ടുള്ള ഏക സീനിയർ താരം രോഹിത് ശർമ മാത്രവും. രോഹിതും പിള്ളേരുമെന്ന് ചുരുക്കിപ്പറയാം. യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, ദ്രുവ് ജൂറല്‍ എന്നിവരാണ് സർഫറാസിനേയും ദേവദത്തിനേയും കൂടാതെ ബാറ്റിങ് നിരയിലുള്ള യുവതാരങ്ങള്‍.

ആശ്വാസം തേടി ഇംഗ്ലണ്ട്

ഹൈദരാബാദില്‍ ഇന്ത്യ 'സമ്മാനിച്ച' വിജയം മാറ്റി നിർത്തിയാല്‍ ഇംഗ്ലണ്ടിന് ഓർത്തെടുക്കാന്‍ പോരാട്ടവീര്യത്തിന്റെ കഥ മാത്രമാണ് പരമ്പരയിലിതുവരെ ഉള്ളത്. ബാസ്ബോള്‍ ശൈലി സ്വീകരിച്ചതിന് ശേഷം ആദ്യമായാണ് സ്റ്റോക്സും സംഘവും ഒരു പരമ്പര കൈവിടുന്നതും. ക്രിക്കറ്റില്‍ പുതിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെടുന്ന ബാസ്ബോള്‍ ചോദ്യമുനയിലേക്ക് എത്തുക കൂടിയാണ് പരമ്പര നഷ്ടത്തോടെ. ഇതിനെല്ലാം പരിഹാരം കാണണമെങ്കില്‍ ധരംശാലയില്‍ ഇംഗ്ലണ്ടിന് ജയം അനിവാര്യമാണ്.

logo
The Fourth
www.thefourthnews.in