മുംബൈ വീണു, തടയിട്ട് 
യുപി വാരിയേഴ്സ്

മുംബൈ വീണു, തടയിട്ട് യുപി വാരിയേഴ്സ്

ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്
Updated on
2 min read

വനിതാ പ്രിമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ അപാരാജിത മുന്നേറ്റത്തിന് തടയിട്ട് യുപി വാരിയേഴ്‌സ്. അഞ്ച് വിക്കറ്റിന് മുംബൈയെ പരാജയപ്പെടുത്തിയ യുപി അവരുടെ പ്ലേഓഫ് സാധ്യത സജീവമാക്കി. സോഫി എക്ലെസ്റ്റോണ്‍ മൂന്നും രാജേശ്വരി ഗെയ്ക്വാദും ദീപ്തി ശര്‍മയും രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുംബൈയുടെ സ്‌കോര്‍ 127 ല്‍ ഓള്‍ ഔട്ട് ആയി. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപിയുടെ മുന്‍ നിരയെ പുറത്താക്കി മുംബൈ എതിരാളികളെ ഒന്ന് വിറപ്പിച്ചെങ്കിലും, താലിയ മഗ്രാത്തും ഗ്രേസ് ഹാരിസും മധ്യ നിരയില്‍ കടിഞ്ഞാണ്‍ ഏറ്റെടുത്തതോടെ മുംബൈയെ പരാജയപ്പെടുത്തുന്ന ആദ്യ ടീമായി യു പി. ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

ദീപ്തി ശര്‍മ പ്ലെയര്‍ ഓഫ് ദ മാച്ച്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് തുടക്കം മുതല്‍ തിരിച്ചടികളായിരുന്നു. 100 കടക്കും മുന്‍പേ മുംബൈയുടെ ടോപ് ഓര്‍ഡര്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞിരുന്നു. 16ാം ഓവറില്‍ 98 റണ്‍സില്‍ നില്‍ക്കുമ്പോള്‍ മുംബൈയുടെ ആറ് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ഹെയ്‌ലി മാത്യൂസും നായിക ഹര്‍മന്‍പ്രീത് കൗറും ഇസ്സി വോങും മാത്രമാണ് രണ്ടക്കം കടന്നത്. ഹെയ്‌ലി സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ കഴിയാതെ പോയി. യസ്തിക ഭാട്ടിയയെ (7) ബൗള്‍ഡ് ആക്കി അഞ്ജലി ശര്‍വാണി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു.

ഓള്‍ റൗണ്ടര്‍ സ്‌കീവര്‍ ബ്രന്റിനെ അഞ്ച് റണ്‍സില്‍ സോഫി എക്ലെസ്റ്റോണ്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. 30 പന്തില്‍ മൂന്ന് സിക്‌സും ഒരു ബൗണ്ടറിയുമായി 35 റണ്‍സെടുത്ത മുംബൈയുടെ ടോപ്‌സ്‌കോറര്‍ ഹെയ്‌ലിയുടെ ഇന്നിങ്‌സിന്റെ അന്ത്യവും എക്ലെസ്റ്റോണിന്റെ കൈകളിലായിരുന്നു. ഹര്‍മന്‍പ്രീത് കൗര്‍ 22 പന്തില്‍ 25 റണ്‍സെടുത്ത് പുറത്തായതും മുംബൈക്ക തിരിച്ചടിയായി. മധ്യനിരയില്‍ ഇസ്സിവോങ് ആണ് മുംബൈയെ മൂന്നക്കം കടത്തിയത്. നാല് ബൗണ്ടറികളും ഒരു സിക്‌സും പറത്തിയ വോങ് 19 പന്തില്‍ 32 റണ്‍സെടുത്ത് റണ്‍ഔട്ടില്‍ കുരുങ്ങുകയായിരുന്നു. പിന്നാലെ ഇറങ്ങിയ ആര്‍ക്കും സ്‌കോര്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. അവസാന പന്തില്‍ സൈക ഇസ്ഹാഖിനെയും റണ്‍ഔട്ട് ആക്കിയതോടെ മുംബൈയുടെ വിക്കറ്റ് വീഴച്ച പൂര്‍ണമായി.

മധ്യനിരയില്‍ മഗ്രാത്തും ഗ്രേസും മികച്ച പ്രകടനം കാഴ്ച്ച വച്ചതോടെ യുപി മടങ്ങിയെത്തി

മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപിയുടെ ഓപ്പമര്‍മാര്‍ക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞില്ല. ദേവിക വൈദ്യയും(1) അലീസ ഹീലിയും (8) കിരണ്‍ നവ്ഗിരെയും(12) പുറത്തായതോടെ യുപി അടി പതറി. എന്നാല്‍ മധ്യനിരയില്‍ മഗ്രാത്തും ഗ്രേസും മികച്ച പ്രകടനം കാഴ്ച്ച വച്ചതോടെ യുപി റണ്‍ ചേസിലേക്ക് മടങ്ങിയെത്തി. 25 പന്തില്‍ ആറ് ബൗണ്ടറികളും ഒരു സിക്‌സുമായി 38 റണ്‍സെടുത്ത മഗ്രാത്ത് അമേലിയ കെറാണ് പുറത്താക്കിയത്. ഗ്രേസ് ഹാരിസിന്റെ വിക്കറ്റും കെറിനായിരുന്നു. ഏഴ് ബൗണ്ടറികളുമായി ഗ്രേസ് 28 പന്തില്‍ 39 റണ്‍സെടുത്ത് കൂടാരം കയറി. ദീപ്തി ശര്‍മയും (14 പന്തില്‍ 13) എക്ലെസ്റ്റോണ്‍ (17 പന്തില്‍ 16) പുറത്താകാതെ നിന്നതോടെ മൂന്ന് പന്ത് ബാക്കി നില്‍ക്കെ യു പി വിജയലക്ഷ്യം മറികടന്നു.

logo
The Fourth
www.thefourthnews.in