ഇന്ന് ആര്‍സിബി വീണത് 10 വിക്കറ്റിന്

ഇന്ന് ആര്‍സിബി വീണത് 10 വിക്കറ്റിന്

ആറ് ബോള്‍ നാല് റണ്‍സ് മാത്രം നേടി സ്മൃതി മടങ്ങിയതോടെ ബാംഗ്ലൂരിൻ്റെ തകര്‍ച്ച ആരംഭിച്ചു
Updated on
1 min read

വനിതാ പ്രിമിയര്‍ ലീഗില്‍ നാലാം മത്സരത്തിലും സ്മൃതി മന്ദാനയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കൂറ്റന്‍ തോല്‍വി. 10 വിക്കറ്റിനാണ് യുപി വാരിയേഴ്‌സ് ആര്‍സിബിയെ തകര്‍ത്തത്. ഏഴ് ഓവര്‍ ബാക്കി നില്‍ക്കെയാണ് ആര്‍സിബി ഉയര്‍ത്തിയ 139 റണ്‍സ് എന്ന വിജയലക്ഷ്യം യുപി മറികടന്നത്.

പുറത്താകാതെ 47 പന്തില്‍ 96 റണ്‍സ് നേടിയ നായിക എലീസ ഹീലിയും 31 പന്തില്‍ 36 റണ്‍സുമായി ദേവിക വൈദ്യയും ആണ് യുപിയെ ജയത്തിലേക്ക് നയിച്ചത്. നേരത്തെ ടോസ് നേടിയ ആര്‍സിബി നായിക സ്മൃതി മന്ദാന ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആറ് ബോള്‍ നാല് റണ്‍സ് മാത്രം നേടി സ്മൃതി മടങ്ങിയതോടെ ബാംഗ്ലൂരിൻ്റെ തകര്‍ച്ച ആരംഭിച്ചു. പിന്നീട് മധ്യനിര താരം എല്‍സി പെറിയും ഓപ്പണർ സോഫി ഡിവൈനും ചേര്‍ന്ന് ടീമിനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 24 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 36 റണ്‍സ് നേടിയ സോഫിയെ വീഴ്ത്തി ഇംഗ്ലീഷ് താരം സോഫി എക്ലിസ്റ്റണ്‍ ആണ് യുപിയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് എത്തിയ ആര്‍ക്കും എല്‍സിയ്ക്ക് മികച്ച പിന്തുണ നല്‍കാനായില്ല.

കനിക അഹൂജയും( 10 പന്തില്‍ എട്ട് റണ്‍സ്) ഹേതര്‍ നൈറ്റും (രണ്ട് പന്തില്‍ രണ്ട് റണ്‍സ്) നിരാശപ്പെടുത്തിയപ്പോള്‍ ശ്രേയങ്ക പാട്ടില്‍ ആണ് 10 പന്തില്‍ 15 റണ്‍സുമായി അല്പ സമയമെങ്കിലും പിടിച്ച് നിന്നത്. എറിന്‍ ബേണ്‍സ് ഒന്‍പത് പന്തില്‍ 12 റണ്‍സ് എടുത്തപ്പോള്‍ റിച്ച ഘോഷ് ഒരു റണ്‍ മാത്രം എടുത്ത് പുറത്ത് പോയി. വാലറ്റത്തിനും പിടിച്ച് നില്‍ക്കാന്‍ പറ്റാതെ വന്നതോടെ ഓവര്‍ അവസാനിക്കും മുന്‍പേ 138 റണ്‍സില്‍ എല്ലാവരും പുറത്തായി. ആറ് ബൗണ്ടറികളും ഒരു സിക്‌സുമായി 39 പന്തില്‍ 52 എടുത്ത എല്‍സി പെറിയാണ് ടോപ് സ്‌കോറര്‍.

36 റണ്‍സ് നേടിയ ദേവിക വൈദ്യ അഞ്ച് ബൗണ്ടറികളാണ് നേടിയത്. ഓസീസ് ക്രിക്കറ്റര്‍ എലീസ ഹീലി 18 ബൗണ്ടറികളും ഒരു സിക്‌സുമായി 96 റണ്‍സോടെ കളി പൂര്‍ത്തിയാക്കി. എക്ലിസ്റ്റോണ്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് പേരെയാണ് വീഴ്ത്തിയത്. ദീപ്തി ശര്‍മ ആര്‍സിബിയുടെ വന്‍ വിക്കറ്റായ എലീസ ഉള്‍പ്പെടെ മൂന്ന് പേരെയും എറിഞ്ഞിട്ടു. നാല് മത്സരങ്ങളും തോറ്റതോടെ ആര്‍സിബി പോയിൻ്റ് പട്ടികയില്‍ അവസാനമാണ് ഉള്ളത്. ഇനിയൊരു തോല്‍വി ആര്‍സിബിയുടെ നോക്കൗട്ട് സ്വപ്‌നങ്ങള്‍ക്ക് വിരാമമിടും. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ടാം ജയവും ഒരു തോല്‍വിയുമായി യുപി വാരിയേഴ്‌സ് മൂന്നാമതുണ്ട്.

logo
The Fourth
www.thefourthnews.in