വെറ്റോറി ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു; മൂന്നാമൂഴം സണ്‍റൈസേഴ്‌സിനൊപ്പം
ന്യൂസിലന്‍ഡിന്റെ ഇതിഹാസ സ്പിന്നര്‍ ഡാനിയേല്‍ വെറ്റോറി വീണ്ടും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലേക്ക്. ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലകനായാണ് കിവീസ് താരം മടങ്ങിയെത്തുന്നത്. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് താരത്തിന്റെ മടങ്ങി വരവ്.
വെറ്റോറിയെ ടീമിന്റെ മുഖ്യപരിശീലകനായി നിയമിച്ചെന്ന് സണ്‍റൈണ്‍സഴ്‌സ് ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ സീസണുകളില്‍ ടീമിനെ പരിശീലിപ്പിച്ച വെസ്റ്റിന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറയ്ക്കു പകരക്കാരനായാണ് വെറ്റോറിയുടെ വരവ്. കിവീസ് താരം ചുമതലയേല്‍ക്കുമ്പോള്‍ സണ്‍റൈസേഴ്‌സിന്റെ മറ്റു സ്‌പ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ മാറുമോയെന്നത് സംബന്ധിച്ച് അന്തുമ തീരുമാനമായിട്ടില്ല.
2008-ല്‍ താരമെന്ന നിലയില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്(ഇന്നത്തെ ഡല്‍ഹി ക്യാപിറ്റല്‍സ്) ടീമിനൊപ്പമാണ് വെറ്റോറി ഐപിഎല്ലിന്റെ ഭാഗമാകുന്നത്. രണ്ടു സീസണുകളില്‍ അവര്‍ക്കായി കളിച്ച താരം പിന്നീട് 2011, 2012 സീസണുകളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായും പാഡണിഞ്ഞിട്ടുണ്ട്.
പിന്നീട് ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം പരിശീലന രംഗത്തേക്ക് തിരിഞ്ഞ വെറ്റോറി പരിശീലകനായാണ് ഐപിഎല്ലിലേക്ക് രണ്ടാം വരവ് നടത്തിയത്. 2014 മുതല്‍ 2018 തുടര്‍ച്ചയായി നാലു വര്‍ഷം റോയല്‍ ചലഞ്ചേഴ്‌സിന്റെ പരിശീലകനായിരുന്നു. 2015-ല്‍ അവരെ പ്ലേ ഓഫിലേക്കും 2016-ല്‍ ഫൈനലിലേക്കും നയിച്ചത് വെറ്റോറിയുടെ പരിശീലന തന്ത്രമായിരുന്നു. 2018-ല്‍ ബാംഗ്ലൂര്‍ വിട്ടതിനു ശേഷം അഞ്ചു വര്‍ഷത്തോളം ഐപിഎല്ലില്‍ നിന്നു മാറിനിന്ന താരം ഇപ്പോള്‍ സണ്‍റൈസേഴ്‌സിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.