വീരേന്ദർ സേവാഗ് ഏറ്റവും അപകടകാരിയായ ബാറ്റർ; മുത്തയ്യ മുരളീധരൻ

വീരേന്ദർ സേവാഗ് ഏറ്റവും അപകടകാരിയായ ബാറ്റർ; മുത്തയ്യ മുരളീധരൻ

ഒക്ടോബറിൽ റിലീസ് ചെയ്യാനിരിക്കുന്ന ബയോപികിന് മുന്നോടിയായി ഓൺലൈൻ മാധ്യമമായ പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പരാമർശം
Updated on
2 min read

രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ ബോൾ ചെയ്യാൻ ഏറ്റവും ഭയന്നിരുന്നത് ഇന്ത്യൻ താരം വീരേന്ദർ സേവാഗിനെതിരെയും വെസ്റ്റിൻഡീസ് താരം ബ്രയാൻ ലാറയ്ക്കും എതിരെയാണെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരൻ. എന്നാൽ, സച്ചിൻ തെൻഡുൽക്കറിനെതിരെ ബോൾ ചെയ്യുമ്പോൾ സേവാഗിനോളം ഭയപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളായിരുന്നു ശ്രീലങ്കൻ മുത്തയ്യ മുരളീധരൻ.

'800' എന്ന് പേരിട്ടിരിക്കുന്ന ബിയോപിക് ചിത്രത്തിൻറെ റിലീസിന് മുന്നോടിയായി 'പിങ്ക് വില്ല'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് സച്ചിനേക്കാൾ ഭയപ്പെട്ടിരുന്നത് സേവാഗിനെയാണെന്നും ഏറ്റവും അപകടകാരിയായ ബാറ്റർ സേവാഗ്‌ ആണെന്നുമുള്ള വെളിപ്പെടുത്തൽ മുത്തയ്യ മുരളീധരൻ നടത്തിയത്.

വീരേന്ദർ സേവാഗ് ഏറ്റവും അപകടകാരിയായ ബാറ്റർ; മുത്തയ്യ മുരളീധരൻ
എന്റെ പന്തുകള്‍ മനസിലാക്കാന്‍ ദ്രാവിഡിന് സാധിച്ചിരുന്നില്ല; സച്ചിനും സേവാഗിനും ഗംഭീറിനും സാധിച്ചിരുന്നെന്ന് മുരളീധരന്‍

രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്തിട്ടുള്ള താരമാണ് മുത്തയ്യ മുരളീധരൻ. ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റ് ക്ലബ്ബിലെത്തിയ ഏക ബൗളറും മുരളീധരനാണ്. 350 ഏകദിനങ്ങളിൽ നിന്നായി 534 വിക്കറ്റുകളും 133 ടെസ്റ്റുകളിൽ നിന്ന് 800 വിക്കറ്റുകളുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 2010 ലാണ് മുരളീധരൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നത്. നിലവിൽ, ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) സൺറൈസേഴ്സ് ഹൈദരാബാദിന്റെ ബൗളിംഗ് പരിശീലകനാണ്.

"ഓരോ പ്രാവിശ്യവും സേവാഗിനെ പുറത്താക്കുന്നത് ഞാൻ ആസ്വദിച്ചിട്ടുണ്ട്. പുറത്താകുന്നത് സേവാഗ് കാര്യമാക്കാറേയില്ല, ഫോമിലായിക്കഴിഞ്ഞാൽ സേവാഗിന്റെ വിക്കറ്റ് എടുക്കാൻ പ്രയാസമാണ്. തലങ്ങും വിലങ്ങും കളിച്ച് റൺസ് നേടും, ഏറ്റവും അപകടകാരിയായ ബാറ്ററാണ് സേവാഗ്", മുരളീധരൻ പറഞ്ഞു. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരികളായ ഓപ്പണർമാരുടെ കൂട്ടത്തിലാണ് ഇന്ത്യയുടെ വീരേന്ദർ സെവാഗിന് സ്ഥാനം. "സച്ചിനെതിരെ ബോൾ ചെയ്യുമ്പോൾ ഒരിക്കലും ഭയം തോന്നിയിട്ടില്ല. ഞാൻ ഉറ്റുനോക്കിയിട്ടുള്ള മികച്ച കളിക്കാരാണ് സച്ചിൻ ടെണ്ടുൽക്കറും, വിവ് റിച്ചാർഡ്സും" – മുരളീധരൻ പറഞ്ഞു.

"ഏതു കായികരംഗത്തുള്ളവർക്കും അസാധ്യമായി ഒന്നുമില്ലെന്ന് ഈ സിനിമയിലൂടെ തുറന്നു കാട്ടുന്നുണ്ട്". അപ്രതീക്ഷിതമായ തിരിച്ചടികളുള്ള കായികമാണ് ക്രിക്കറ്റെന്നും, കളി മാറുന്നതനുസരിച്ച് ഒരു ദിവസം നിങ്ങൾ സൂപ്പർസ്റ്റാറും തൊട്ടടുത്ത ദിവസം നിങ്ങൾ ഒന്നുമല്ലാതെയുമായി മാറാനുള്ള സാഹചര്യങ്ങൾ ഏറെയാണെന്നും അഭിമുഖത്തിൽ മുരളീധരൻ വ്യക്തമാക്കി.

വീരേന്ദർ സേവാഗ് ഏറ്റവും അപകടകാരിയായ ബാറ്റർ; മുത്തയ്യ മുരളീധരൻ
മുത്തയ്യ മുരളീധരന്റെ ജീവിതം, ചെറുത്തുനിൽപ്പിന്റെയും അതിജീവനത്തിന്റെയും '800'- ട്രെയിലർ

മുരളീധരന്‍റെ ജീവിത കഥ പറയുന്ന '800' എന്ന ചിത്രത്തിന്റെ ട്രെയിലർ ഈ മാസമാദ്യം റിലീസ് ചെയ്തിരുന്നു. മുത്തയ്യയുടെ ബാല്യകാലവും ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളും അതിൽ നിന്ന് ലോക ക്രിക്കറ്റിലെ സ്പിൻ ഇതിഹാസമായി മാറിയതെങ്ങനെയെന്നുമാണ് ചിത്രം. ‘സ്ലം ഡോഗ് മില്യനയ’റിലൂടെ പ്രശസ്തനായ മധുർ മിത്തലാണ് ചിത്രത്തിൽ മുത്തയ്യയായി വേഷമിടുന്നത്. '800'ൽ ആദ്യം മുത്തയ്യയാകാൻ തീരുമാനിച്ചത് വിജയ് സേതുപതിയെ ആയിരുന്നു. ക്യാരക്ടർ പോസ്റ്റർ അടക്കം പുറത്തിക്കിയിരുന്നു, എന്നാൽ ചില വിവാദങ്ങൾ ചൂടുപിടിച്ചതോടെ, മുത്തയ്യയുടെ അഭിപ്രായപ്രകാരം വിജയ് സേതുപതി തന്നെ ചിത്രത്തിൽ നിന്ന് പിൻമാറുകയായിരുന്നു.

എം എസ് ശ്രീപതി സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുക. ശ്രീപതി തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. നരേൻ, നാസർ, വേല രാമമുർത്തി, ഋത്വിക, ഹരി കൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന താരങ്ങൾ.

logo
The Fourth
www.thefourthnews.in