വിമര്‍ശകരുടെ വായടപ്പിച്ച് വീണ്ടും വാര്‍ണര്‍; വിരമിക്കല്‍ പരമ്പരയില്‍ സെഞ്ചുറിയോടെ തുടക്കം
വിമര്‍ശകര്‍ വാളോങ്ങുമ്പോള്‍ ബാറ്റുകൊണ്ട് മറുപടി നല്‍കുകയെന്ന പതിവ് ഇക്കുറിയും തെറ്റിക്കാതെ ഡേവിഡ് വാര്‍ണര്‍. തന്റെ അവസാന രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കായി ഇന്ന് കളത്തിലിറങ്ങിയ വാര്‍ണര്‍ ആദ്യദിനം തന്നെ തകര്‍പ്പന്‍ സെഞ്ചുറിയുമായി നയം വ്യക്തമാക്കി. വാര്‍ണറുടെ മികവില്‍ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പെര്‍ത്തില്‍ ഓസ്‌ട്രേലിയ മികച്ച നിലയില്‍.
മത്സരത്തില്‍ ഇന്ന് ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് ഒന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നിന് 294 റണ്‍സ് എന്ന നിലയിലാണ്. 196 പന്തുകളില്‍ നിന്ന് 16 ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 150 റണ്‍സുമായി വാര്‍ണറും 47 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികള്‍ സഹിതം 34 റണ്‍സുമായി ട്രാവിസ് ഹെഡുമാണ് ക്രീസില്‍. 41 റണ്‍സ് നേടിയ ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജ, 16 റണ്‍സ് നേടിയ മധ്യനിര താരം മാര്‍നസ് ലബുഷെയ്ന്‍, 31 റണ്‍സ് നേടിയ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് എത്തിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.
ഓപ്പണര്‍മാരായ വാര്‍ണറും ഖ്വാജയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് അവര്‍ക്ക് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ സെഞ്ചുറികൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ഇവര്‍ക്കായി. വാര്‍ണറായിരുന്നു കൂടുതല്‍ അപകടകാരി.ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ഇരുവരും ചേര്‍ന്ന് 29.4 ഓവറില്‍ 126 റണ്‍സ് നേടിയ ശേഷമാണ് കൂട്ടുകെട്ട് പിരിഞ്ഞത്. ഖ്വാജയെ വീഴ്ത്തി ഷഹീന്‍ ഷാ അഫ്രീദിയാണ് പാകിസ്താന് ബ്രേക്ക്ത്രൂ സമ്മാനിച്ചത്.
അധികം വൈകാതെ വാര്‍ണര്‍ തന്റെ കരിയറിലെ 26-ാം സെഞ്ചുറിയും കുറിച്ചു. 42-ാം ഓവറില്‍ ആമിര്‍ ജമാല്‍ എറിഞ്ഞ പന്തില്‍ ബൗണ്ടറി നേടിയാണ് വാര്‍ണര്‍ മൂന്നക്കം തികച്ചത്. മൂന്നാമനായി എത്തിയ ലബുഷെയ്ന്‍ വേഗം മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റില്‍ സ്മിത്തിനൊപ്പം 79 റണ്‍സിന്റെയും പിരിയാത്ത നാലാം വിക്കറ്റില്‍ ഹെഡിനൊപ്പം 56 റണ്‍സിന്റെയും കൂട്ടുകെട്ട് ഉയര്‍ത്തിയ വാര്‍ണര്‍ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.
മൂന്നു മത്സര പരമ്പരയില്‍ സിഡ്‌നിയില്‍ നടക്കുന്ന അവസാന ടെസ്റ്റ് പോരാട്ടത്തോടെ രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുമെന്ന് വാര്‍ണര്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. കളിച്ചുവളര്‍ന്ന തട്ടകത്തില്‍ വാര്‍ണറിനു വിരമിക്കല്‍ മത്സരം ഒരുക്കാന്‍ വേണ്ടിയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പരമ്പരയിലെ അവസാന മത്സരം സിഡ്‌നിയില്‍ തന്നെ നിശ്ചയിച്ചത്.
എന്നാല്‍ വാര്‍ണറിന് വിരമിക്കല്‍ മത്സരം കളിക്കാനുള്ള അവസരമൊരുക്കിയതിന് ഓസ്‌ട്രേലിയയില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പ്രതിപ്പട്ടികയില്‍ ഇടംപിടിച്ച വാര്‍ണറിന് അതിന് അര്‍ഹതയില്ലെന്നു ചൂണ്ടിക്കാട്ടി ഓസ്‌ട്രേയിലയന്‍ മുന്‍താരം മിച്ചല്‍ ജോണ്‍സണാണ് പരസ്യവിമര്‍ശനവുമായി രംഗത്തുവന്നത്. എന്നാല്‍ അതൊന്നും മുഖവിലയ്‌ക്കെടുക്കാതെ മൗനം ഭജിച്ച വാര്‍ണര്‍ ഇപ്പോള്‍ ബാറ്റുകൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ്.