വാഷിങ്ടണ്‍ സുന്ദര്‍
വാഷിങ്ടണ്‍ സുന്ദര്‍

ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര: പരുക്കേറ്റ ദീപക് ചഹറിന് പകരം വാഷിങ്ടണ്‍ സുന്ദര്‍ ടീമിൽ

ഇന്‍ഡോറില്‍ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി 20 പരമ്പരയിലെ അവസാന മത്സരത്തിനിടെയാണ് ചഹറിന് പരുക്കേറ്റത്
Updated on
1 min read

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ ദീപക് ചഹറിന് പകരം വാഷിങ്ടണ്‍ സുന്ദറിനെ ഉള്‍പ്പെടുത്തി. ഇന്‍ഡോറില്‍ നടന്ന അവസാന ടി 20 മത്സരത്തിനിടെ ചഹറിന് പരുക്കേറ്റിരുന്നു. പരുക്ക് ഭേദമാകാത്തതിനെ തുടർന്നാണ് പകരക്കാരനെ പ്രഖ്യാപിച്ചത്.

ദീപക് ചഹർ
ദീപക് ചഹർ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം പരുക്ക് മൂലം ചഹറിന് നഷ്ടമായിരുന്നു. ദീപക് ചഹറിന്റെ പരുക്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ബെഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ എത്തി ചഹർ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാകുമെന്ന് ബിസിസിഐ വാർത്താകുറിപ്പിൽ അറിയിച്ചു. പരുക്ക് മൂലം ഈ വർഷം ചഹ‍റിന് ആറ് മാസത്തോളം കളിക്കാനായിരുന്നില്ല. ഈ മാസം അവസാനം ആരംഭിക്കുന്ന ടി-20 ലോകകപ്പിനുള്ള റിസർവ് ടീമിൽ താരം ഉൾപ്പെട്ടിരുന്നു. പരുക്ക് മൂലം ലോകകപ്പിൽ നിന്ന് ജസ്പ്രീത് ബുംറയെ നഷ്ടമായ ഇന്ത്യയ്ക്ക് ശുഭകരമായ വാർത്തയല്ല ചഹറിന്റെ മോശം ഫിറ്റ്നസ്.

ലോകകപ്പ് ടീമിൽ ബുംറയുടെ പകരക്കാരനെ ബിസിസിഐ ഉടൻ പ്രഖ്യാപിച്ചേക്കും.

ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയിലെ അടുത്ത മത്സരം നാളെ റാഞ്ചിയിലും അവസാനത്തേത് ചൊവ്വാഴ്ച്ച ഡല്‍ഹിയിലുമാണ് നടക്കുക. ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയോട് ഒന്‍പത് റണ്‍സിന് പരാജയപ്പെട്ട ഇന്ത്യ പരമ്പരയിൽ 1-0ന് പിന്നിലാണ്. പരമ്പര നഷ്ടമാകാതിരിക്കാൻ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യയ്ക്ക് ജയിക്കേണ്ടതുണ്ട്.

അതേസമയം ലോകകപ്പ് ടീമിൽ ബുംറയുടെ പകരക്കാരനെ ബിസിസിഐ ഉടൻ പ്രഖ്യാപിച്ചേക്കും.

ഇന്ത്യന്‍ ഏകദിന ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), രജത് പടിദാര്‍, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഷഹബാസ് അഹമ്മദ്, ഷാര്‍ദുല്‍. താക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്നോയ്, മുകേഷ് കുമാര്‍, അവേശ് ഖാന്‍, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍.

logo
The Fourth
www.thefourthnews.in