തകർന്നടിഞ്ഞ് ഇന്ത്യ: വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ദയനീയ തോൽവി
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പരാജയം. ക്വീൻസ് പാർക്ക് ഓവലിൽ നടന്ന മത്സരത്തിൽ ഇന്ത്യക്കെതിരെ ആറു വിക്കറ്റ് വിജയമാണ് വെസ്റ്റിന്‍ഡീസ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 40.5 ഓവറില്‍ 181 റണ്‍സിന് നേടിയിരുന്നു. എന്നാൽ ഇന്ത്യ തീർത്ത റൺസിനെ നാല് വിക്കറ്റ് നഷ്ടത്തിൽ വെറും 36.4 ഓവറിലാണ് വെസ്റ്റിന്‍ഡീസ് മറികടന്നത്.
ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇരുകൂട്ടരും 1-1 എന്ന നിലയിൽ ഒപ്പത്തിനൊപ്പമായി. 2019 ഡിസംബറിന് ശേഷം ഇന്ത്യയ്‌ക്കെതിരായ ഏകദിനത്തിൽ വെസ്റ്റിൻഡീസിന്റെ ആദ്യ വിജയം കൂടിയാണിത്.
ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും വിശ്രമം അനുവദിച്ച് ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ടീം ഇന്ത്യ ഇറങ്ങിയത്. സഞ്ജു സാംസൺ ആദ്യ ഇലവനിൽ സ്ഥാനം നേടി മൂന്നാം നമ്പർ ബാറ്റിങ്ങിനിറങ്ങിയെങ്കിലും 19 പന്തിൽ നിന്ന് 9 റൺസ് നേടി ബ്രണ്ടൻ കിംഗിന്റെ പന്തിൽ പുറത്താകുകയായിരുന്നു.
ബ്രണ്ടന്‍ കിംഗും കൈല്‍ മെയേഴ്‌സും ചേര്‍ന്ന ഓപ്പണിംഗ് സഖ്യം മികച്ച തുടക്കമായിരുന്നു വെസ്റ്റിന്‍ഡീസിന് നൽകിയത്. ഇന്ത്യയുടെ റൺനിര തകർക്കാൻ മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പും കീസി കാർട്ടിയും ചേർന്ന് അടിച്ചുകൂട്ടിയ റൺസാണ് വിൻഡീസിനെ വിജയലക്ഷത്തിലെത്തിച്ചത്. 80 പന്തുകളില്‍ നിന്നായി 63 റണ്‍സ് നേടിയ ഷായ് ഹോപ്പ് ആണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.
ഇഷാന്‍ കിഷന്‍-ശുഭ്മന്‍ ഗില്‍ സഖ്യം ഇന്ത്യക്കായി 90 റൺസെന്ന നല്ലൊരു തുടക്കം നൽകിയെങ്കിലും വിൻഡീസിന്റെ പന്തുകൾക്ക് മുന്നിൽ അധികനേരം പിടിച്ചു നിൽക്കാൻ ടീമിന് സാധിച്ചില്ല. 34 റണ്‍സെടുത്ത ഗില്ലാണ് ആദ്യം പുറത്തായത്. നിർണായക മത്സരത്തിൽ വിൻഡീസിനു വേണ്ടി ഗുഡകേഷ് മോട്ടിയും റൊമാരിയോ ഷെപ്പേർഡും മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അൽസാരി ജോസഫ് രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്.
കൈൽ മേയേഴ്‌സ് 28 പന്തിൽ നിന്ന് 36 റൺസും ഇഷാൻ കിഷൻ 55 പന്തിൽ നിന്ന് 55 റൺസുമാണ് നേടിയത്. വ്യാഴാഴ്ച നടന്ന ആദ്യ ഏകദിന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ അഞ്ച് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. നേരത്തെ നടന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 1-0ന് സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന ഏകദിനം ചൊവ്വാഴ്ച ട്രിനിഡാഡിലെ ബ്രയാൻ ലാറ ക്രിക്കറ്റ് അക്കാദമിയിലാണ് നടക്കുക.