വനിതാ ടി20 ലോകകപ്പ്; സ്മൃതി മടങ്ങിയെത്തി, ഇന്ത്യ ആദ്യം ബൗള്‍ ചെയ്യും

വനിതാ ടി20 ലോകകപ്പ്; സ്മൃതി മടങ്ങിയെത്തി, ഇന്ത്യ ആദ്യം ബൗള്‍ ചെയ്യും

ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനെതിരേ കളിച്ച ഇലവനില്‍ നിന്നു രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യന്‍ ഇന്നിറങ്ങുന്നത്.
Published on

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ തങ്ങളുടെ രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യ ആദ്യം ബൗള്‍ ചെയ്യും. കേപ് ടൗണില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് നായിക ഹെയ്‌ലി മാത്യൂസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനെതിരേ തകര്‍പ്പന്‍ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പാകിസ്താനെതിരേ കളിച്ച ഇലവനില്‍ നിന്നു രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യന്‍ ഇന്നിറങ്ങുന്നത്.

പരുക്കിനെത്തുടര്‍ന്ന് ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന സ്റ്റാര്‍ ഓപ്പണറും ഉപനായികയുമായ സ്മൃതി മന്ദാന തിരിച്ചെത്തി. സ്മൃതി മടങ്ങി വന്നതോടെ കഴിഞ്ഞ മത്സരത്തില്‍ ഓപ്പണ്‍ ചെയ്ത യസ്തിക ഭാട്യ ഇലവനു പുറത്തായി. സ്പിന്‍ ഓള്‍റൗണ്ടര്‍ ഹര്‍ലീന്‍ ഡിയോളാണ് ഇലവനില്‍ നിന്നു പുറത്തുപോയ മറ്റൊരു ഇന്ത്യന്‍ താരം. ഹര്‍ലീനു പകരം മറ്റൊരു ഓള്‍റൗണ്ടര്‍ ദേവിക വൈദ്യ ടീമില്‍ ഇടംനേടി.

ഗ്രൂപ്പ് റൗണ്ടില്‍ ഇരുടീമുകളുടെയും രണ്ടാം മത്സരമാണിത്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷമാണ് വിന്‍ഡീസ് ഇന്ത്യക്കെതിരേ ഇറങ്ങുന്നത്. നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കി നിലനിര്‍ത്താന്‍ അവര്‍ക്ക് ഇന്ന് ജയം അനിവാര്യമാണ്.

അതേസമയം തുടര്‍ച്ചയായ രണ്ടാം ജയം തേടിയാണ് ഇന്ത്യ ഇറങ്ങുന്നത്. നിലവില്‍ ഒരു മത്സരം ജയിച്ച ഇന്ത്യ രണ്ടു പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ടാണ് നാലു പോയിന്റുമായി ഒന്നാം സ്ഥാനത്ത്്. വിന്‍ഡീസ് അഞ്ചു ടീമുകളടങ്ങിയ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്.

logo
The Fourth
www.thefourthnews.in