ആറ് വർഷത്തിനിടയില്‍ ആദ്യ പരമ്പര നേട്ടവുമായി കരീബിയൻ പട; 
അഞ്ചാം ടി20യിൽ ഇന്ത്യയ്ക്ക് തോല്‍വി

ആറ് വർഷത്തിനിടയില്‍ ആദ്യ പരമ്പര നേട്ടവുമായി കരീബിയൻ പട; അഞ്ചാം ടി20യിൽ ഇന്ത്യയ്ക്ക് തോല്‍വി

2017ന് ശേഷം ഇന്ത്യയ്‌ക്കെതിരായ വെസ്റ്റ് ഇൻഡീസിന്റെ ആദ്യ ടി20 പരമ്പര വിജയത്തിനാണ് ഫ്ലോറിഡ ഇന്നലെ സാക്ഷ്യം വഹിച്ചത്.
Updated on
2 min read

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പര നഷ്ടപ്പെട്ട് ഇന്ത്യ. ഫ്‌ളോറിഡയില്‍ നടന്ന നിർണ്ണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ 8 വിക്കറ്റിന് തകർത്തു. ഇതോടെ, അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര വെസ്റ്റ് ഇൻഡീസ് 3-2ന് സ്വന്തമാക്കുകയായിരുന്നു. നിക്കോളസ് പൂരാൻ പരമ്പരയിലെ താരമായപ്പോൾ റൊമാരിയോ ഷെപ്പേർഡ് കളിയിലെ താരമായി. 2017ന് ശേഷം ഇന്ത്യയ്‌ക്കെതിരായ വെസ്റ്റ് ഇൻഡീസിന്റെ ആദ്യ ടി20 പരമ്പര വിജയത്തിനാണ് ഫ്ലോറിഡ ഇന്നലെ സാക്ഷ്യം വഹിച്ചത്.

റൊമാരിയോ ഷെപ്പേർഡും ബ്രാൻഡൻ കിംഗും വെസ്റ്റ് ഇൻഡീസിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആറ് വർഷത്തിനിടെ ഇന്ത്യയ്‌ക്കെതിരായ ആദ്യ ടി20 പരമ്പര ആയിരുന്നു ഇന്നലെ ഫ്ളോറിഡയിലെ വിജയത്തിലൂടെ വിൻഡീസ് നേടിയത്. രണ്ട് ഇന്നിംഗ്‌സിലും മഴ കളിയെ തടസ്സപ്പെടുത്തിയെങ്കിലും വിജയം ഒടുവിൽ വിന്‍ഡീസിന് ഒപ്പം നില്‍ക്കുകയായിരുന്നു.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിന്‍ഡീസ് വിജയിച്ചിരുന്നു. എന്നാല്‍ മൂന്നും നാലും മത്സരങ്ങളില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് പരമ്പര പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് നീലപ്പട ഇന്നലെ ഇറങ്ങിയത്.
ഫ്ലോറിഡയിലെ ലോഡർഹില്ലിലുള്ള സെൻട്രൽ ബ്രോവാർഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്.

ആറ് വർഷത്തിനിടയില്‍ ആദ്യ പരമ്പര നേട്ടവുമായി കരീബിയൻ പട; 
അഞ്ചാം ടി20യിൽ ഇന്ത്യയ്ക്ക് തോല്‍വി
റിവ്യു കൊടുത്തില്ല, മണ്ടത്തരത്തിലൂടെ പുറത്തായി ഗില്‍; ട്രോള്‍ മഴയുമായി ആരാധകർ

പരമ്പര ലക്ഷ്യമിട്ടിറങ്ങിയ വിൻഡീസ് ആദ്യ ഓവറിൽ തന്നെ ഒരു സിക്‌സും ഫോറും പറത്തിയാണ് കൈൽ മയേഴ്‌സ് കളി തുടങ്ങിയതെങ്കിലും അർഷ്ദീപ് സിങിന്റെ അടുത്ത ഓവറിൽ താരം പുറത്തായി. എന്നാൽ, ആദ്യ വിക്കറ്റ് നൽകിയ പ്രതീക്ഷ പിന്നീട് അങ്ങോട്ട് ഇന്ത്യയ്ക്ക് തുടരാനായില്ല. ഓപ്പണർ ബ്രാൻഡൻ കിംഗിന്റെയും വിക്കറ്റ് കീപ്പർ നിക്കോളാസ് പൂരാന്റെയും ബാറ്റിങിന്റെ ചൂടാണ് പിന്നെ ഇന്ത്യൻ ബൗളർമാർ അറിഞ്ഞത്. ഇരുവരും ചേർന്ന് 105 റൺസിന്റെ സുപ്രധാന കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും പൂരാന്‍-കിങ് കൂട്ടുകെട്ട് പൊളിക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചില്ല. 35 പന്തുകളിൽ 47 റൺസ് നേടിയ പൂരൻ തിലകിന്റെ പന്തിൽ പുറത്തായെങ്കിലും ഷായ് ഹോപ്പുമായി ചേർന്ന് ബ്രാൻഡൻ കിം​ഗ് വിൻഡീസിനെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. കിംഗ് 55 പന്തിൽ 85 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ഹോപ്പ് 13 പന്തിൽ 22 റൺസ് നേടി.

എന്നാൽ, നിര്‍ണായകമായ അഞ്ചാം മത്സരത്തിൽ ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാള്‍(5), ശുഭ്മാന്‍ ഗില്‍(9) എന്നിവർ വേ​ഗത്തിൽ കൂടാരം കയറിത് ഇന്ത്യയ്ക്ക് തിരിച്ചടിയാ‌വുകയായിരുന്നു. പരമ്പരയിലെ നാലാം മത്സരത്തിൽ മികച്ച സ്കോർ പടുത്തുയർത്തിയ ജയ്‌സ്വാള്‍-​ഗില്ലിന് നിർണായക മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെ പോയി. എന്നാല്‍ ഗില്ലിന്റെ വിക്കറ്റ് ഔട്ടായിരുന്നില്ലെന്ന് മടങ്ങിയതിന് ശേഷമാണ് മനസ്സിലായത്. നിര്‍ണായക മത്സരത്തില്‍ റിവ്യൂ ചെയ്യാന്‍ പോലും ശ്രമിക്കാതെയാണ് ഗില്‍ മൈതാനം വിട്ടത്. ഹൗസൈന്ന്റെ പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്കാണ് പോയത്. റിവ്യൂ ചെയ്തിരുന്നെങ്കില്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടമാവില്ലായിരുന്നു.

ആറ് വർഷത്തിനിടയില്‍ ആദ്യ പരമ്പര നേട്ടവുമായി കരീബിയൻ പട; 
അഞ്ചാം ടി20യിൽ ഇന്ത്യയ്ക്ക് തോല്‍വി
രക്ഷകനായി സൂര്യകുമാര്‍; പരമ്പര 'ഫൈനലില്‍' ഇന്ത്യ ഒമ്പതിന് 165

2 വിക്കറ്റിന് 17 എന്ന നിലയിൽ നിൽക്കുമ്പോഴാണ് സൂര്യകുമാർ എത്തുന്നത്. അര്‍ധസെഞ്ചുറിയുമായി മിന്നല്‍ പ്രകടനം കാഴ്ചവച്ച മധ്യനിര താരം സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് തുണയായത്. 45 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 61 റണ്‍സാണ് സൂര്യ നേടിയത്. സൂര്യയ്ക്കു പുറമേ യുവതാരം തിലക് വര്‍മയ്ക്കു മാത്രമാണ് തിളങ്ങാനായത്.

സൂര്യകുമാർ യാദവ് ഫോമിലുള്ള തിലക് വർമ്മയ്‌ക്കൊപ്പം ചേർന്ന് 49 റൺസാണ് സ്വന്തമാക്കിയത്. 18 പന്തിൽ 27 റൺസ് നേടിയ തിലക് റോസ്റ്റൺ ചേസിന്റെ പന്തിൽ ക്യാച്ച് നൽകി പുറത്താവുകയായിരുന്നു. പിന്നാലെ സഞ്ജു സാംസൺ വന്നുവെങ്കിലും കാര്യമായി ഒന്നും തന്നെ താരത്തിന് ചെയ്യാൻ കഴി‍ഞ്ഞിരുന്നില്ല. 9 പന്തിൽ 13 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. അതേസമയം, ടി20യിൽ സഞ്ജു 6000 റൺസ് നേടി. സഞ്ജുവിന്റെ പുറത്താകലിന് പിന്നാലെ, ടി20യിൽ സൂര്യകുമാർ തന്റെ 15-ാം അർദ്ധസെഞ്ചുറിയും നേടിയിരുന്നു. നായകൻ ഹാർദിക് പാണ്ഡ്യയും 14 റണസ് നേടി പുറത്തായ തൊട്ടടുത്ത ഓവറിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച സൂര്യകുമാറും പുറത്താവുകയായിരുന്നു.

അക്‌സർ പട്ടേൽ 10 പന്തിൽ 13 റൺസും അർഷ്ദീപ് സിംഗ് എട്ട് റൺസുമായി പുറത്തായപ്പോൾ ഇന്ത്യ സ്‌കോർ ബോർഡിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെന്ന നിലയിൽ ഒന്നാം ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. നാലു വിക്കറ്റ് വീഴ്ത്തിയ വലംകൈയ്യൻ ഫാസ്റ്റ് ബൗളറായ റൊമാരിയോ ഷെപ്പേര്‍ഡാണ് ഇന്ത്യയെ തകര്‍ത്തത്. രണ്ടു വിക്കറ്റുകള്‍ വീതം നേടിയ അകീല്‍ ഹൊസെയ്ന്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരും ഒരു വിക്കറ്റ് വീഴ്ത്തിയ റോഷ്ടണ്‍ ചേസും ഷെപ്പേര്‍ഡിന് മികച്ച പിന്തുണ നല്‍കി.

logo
The Fourth
www.thefourthnews.in