CWC 2023 | വൈകി വന്ന വിജയം മതിയാകില്ല; പാകിസ്താന് മുന്നില്‍ കടമ്പകളേറെ
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഏറെ കാത്തിരുന്നു തങ്ങളുടെ മൂന്നാം ജയം കുറിച്ചതോടെ പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിനും സംഘത്തിനും മുന്നില്‍ സെമി സാധ്യതകളുടെ ഇത്തിരിവെട്ടം അല്‍പംകൂടി തെളിഞ്ഞിരിക്കുകയാണ്. ബംഗ്ലാദേശിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്ന പാകിസ്താന് പക്ഷേ അവസാന നാലില്‍ ഒരു ബെര്‍ത്ത് ഉറപ്പാക്കാണമെങ്കില്‍ ശേഷിക്കുന്ന തങ്ങളുടെ രണ്ട് മത്സരങ്ങളില്‍ നേടുന്ന രണ്ട് ജയം മാത്രം മതിയാകില്ലെന്നതാണ് സ്ഥിതി.
രണ്ടാഴ്ചയ്ക്കപ്പുറം 15-ന് മുംബൈ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ ഈ ലോകകപ്പിന്റെ സെമിഫൈനല്‍ പോരാട്ടം ആരംഭിക്കുമ്പോള്‍ അവസാന നാലില്‍ ഒന്നാകാന്‍ പാകിസ്താന് മുന്നിലുള്ള വഴികള്‍ ഏതൊക്കെയാണ്. അവരുടെ സെമി സാധ്യതകള്‍ ഏതൊക്കെ ടീമുകളുമായി കെട്ടുപിണഞ്ഞു കിടക്കുകയാണെന്ന് പരിശോധിക്കാം.
പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഇന്ത്യക്ക് വരെ ഇതുവരെ സെമി ബെര്‍ത്ത് ഉറപ്പാക്കാനായിട്ടില്ലെന്നതാണ് നിലവിലെ സ്ഥിതി. കളിച്ച ആറു മത്സരങ്ങളും ജയിച്ച ഇന്ത്യ 12 പോയിന്റുമായാണ് ഒന്നാം സ്ഥാനത്തുള്ള സെമി ബെര്‍ത്ത് ഉറപ്പിക്കാന്‍ ഇന്ത്യക്ക് ഇനി ഒരു ജയം കൂടി വേണം. ഇന്ത്യയുള്‍പ്പടെ ലോകകപ്പില്‍ പങ്കെടുക്കുന്ന ഒമ്പതു ടീമുകള്‍ക്കു മുന്നിലും സാധ്യതകള്‍ തുറന്നുകിടക്കുകയാണ്. ബംഗ്ലാദേശ് മാത്രമാണ് സെമി കാണാതെ പുറത്തായ ഏക ടീം.
നിലവില്‍ പാകിസ്താന് രണ്ട് മത്സരങ്ങള്‍ കൂടിയാണ് ശേഷിക്കുന്നത്. നവംബര്‍ നാലിന് ന്യൂസിലന്‍ഡിനെതിരേയും നവംബര്‍ 11-ന് ഇംഗ്ലണ്ടിനെതിരേയും. ഈ രണ്ടു മത്സരങ്ങളും ജയിച്ചാല്‍ ഒമ്പതു മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയങ്ങളുമായി 10 പോയിന്റോടെ ഗ്രൂപ്പ് റൗണ്ട് അവസാനിപ്പിക്കാം. എന്നാല്‍ മറ്റ് അഞ്ച് ടീമുകള്‍ക്ക് ഇതിനേക്കാള്‍ കൂടുതല്‍ പോയിന്റുമായി ഫിനിഷ് ചെയ്യാനുള്ള അവസരമുണ്ട്.
ഈ സാഹചര്യത്തില്‍ പാകിസ്താന്‍ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് പോയിന്റ് പട്ടികയില്‍ യഥാക്രമം രണ്ട് മുതല്‍ നാലു വരെ സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ ടീമുകളുടെ പക്കല്‍ നിന്നും പട്ടികയില്‍ തങ്ങള്‍ക്കു പിന്നില്‍ ആറാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനില്‍ നിന്നുമാണ്. ഇവരുടെ മത്സരഫലങ്ങളെ ആശ്രയിച്ചിരിക്കും പാകിസ്താന്റെ ഭാവി.
പാക് ടീം ന്യൂസിലന്‍ഡിനെയും ഇംഗ്ലണ്ടിനെയും തോല്‍പിച്ചെന്നിരിക്കട്ടെ. പിന്നീട് അവര്‍ക്ക് മുന്നില്‍ നോക്കൗട്ടിലേക്കുള്ള വാതില്‍ തുറക്കണമെങ്കില്‍ ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ തങ്ങളുടെ ശേഷിക്കുന്ന മത്സരങ്ങള്‍ മുഴുവന്‍ തോല്‍ക്കുകയോ അല്ലെങ്കില്‍ കുറഞ്ഞ പക്ഷം രണ്ടു മത്സരങ്ങളിലെങ്കിലും കനത്ത തോല്‍വി നേരിടുകയോ വേണം. ഇരുടീമുകള്‍ക്കും റണ്‍നിരക്ക് പാകിസ്താനെക്കാള്‍ കൂടുതലുള്ള സാഹചര്യത്തില്‍ രണ്ടു മത്സരങ്ങളില്‍ അവര്‍ കനത്ത തോല്‍വിയേറ്റു വാങ്ങിയാല്‍ മാത്രമേ പാകിസ്താന് രക്ഷയുള്ളു.
പോയിന്റ് പട്ടികയില്‍ തങ്ങള്‍ക്കു താഴെയുള്ള അഫ്ഗാനിസ്താന്റെ കാര്യത്തിലും ഇതുതന്നെയാണ് പാകിസ്താന്‍ പ്രതീക്ഷിക്കുന്നത്. പാകിസ്താനും അഫ്ഗാനും ആറു പോയിന്റ് വീതമാണെങ്കിലും തങ്ങളെക്കാള്‍ ഒരു മത്സരം കൂടുതല്‍ ശേഷിക്കുന്ന അഫ്ഗാനിസ്ഥാന് പോയിന്റ് പട്ടികയില്‍ 12 പോയിന്റുമായി മുന്നിലെത്താന്‍ സാഹചര്യമുണ്ട്. നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരേയാണ് അവരുടെ മത്സരങ്ങള്‍. ഇതില്‍ ഏതെങ്കിലും ഒരു മത്സരം അഫ്ഗാന്‍ തോല്‍ക്കുകയും മറ്റു രണ്ടെണ്ണത്തില്‍ നേരിയ ജയം മാത്രം സ്വന്തമാക്കുകയും ചെയ്താല്‍ അഫ്ഗാനെ പോയിന്റ് പട്ടികയില്‍ പിന്തള്ളാന്‍ പാകിസ്താന് കഴിയും. കാരണം റണ്‍നിരക്കില്‍ അഫ്ഗാനെക്കാള്‍ മികച്ച നിലയിലാണ് പാകിസ്താന്‍.
ഇതോടെ സ്വന്തം മത്സരങ്ങളെക്കാള്‍ കൂടുതല്‍ ശ്രദ്ധ മറ്റുള്ളവരുടെ മത്സരങ്ങളില്‍ ചെലുത്തേണ്ട സ്ഥിതിയാണ് പാകിസ്താന് മുന്നിലുള്ളത്. നെതര്‍ലന്‍ഡ്‌സിനെയും ശ്രീലങ്കയെയും തോല്‍പിച്ച് മികച്ച രീതിയില്‍ ലോകകപ്പ് തുടങ്ങിയ പാകിസ്താന് പിന്നീട് ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്താന്‍, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരേ തുടര്‍ച്ചയായിയേറ്റ നാലു തോല്‍വികളാണ് തിരിച്ചടിയായത്. സെമി പ്രതീക്ഷ വച്ചുപുലര്‍ത്തുമ്പോഴും ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ അവര്‍ക്ക് കനത്ത വെല്ലുവിളിയാണ്. മികച്ച കുതിപ്പ് നടത്തുന്ന ന്യൂസിലന്‍ഡിനെ കീഴടക്കാന്‍ അവര്‍ക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനങ്ങളിലാണെങ്കിലും ഏതു ടീമിനെയും കൊമ്പ്കുത്തിക്കാനുള്ള വമ്പ് ഇംഗ്ലണ്ടിനുണ്ടെന്നതും പാക് ആരാധകരെ ആശങ്കപ്പെടുത്തുന്നു.