ഏഷ്യാ കപ്പ് 2022: ബാറ്റിങില്‍ ആരാവും കേമന്‍?
ഏഷ്യന്‍ ക്രിക്കറ്റിന്റെ പുതിയ തന്ത്രങ്ങള്‍ക്കും കളി മികവിനും ഇന്നു മുതല്‍ സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് യുഎഇ. മൈതാനത്ത് എതിരാളികളുടെ ബൗളിങ് പരീക്ഷണങ്ങളെ ആക്രമിച്ച് തകര്‍ത്തടിക്കാനുള്ള ഒരുക്കത്തിലാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ആറു ടീമുകളുടെയും ബാറ്റര്‍മാര്‍. ഇന്ത്യയും പാകിസ്താനും മികച്ച കളിക്കാരാല്‍ സമ്പന്നരായ ടീമുകളാണ്. അതേസമയം ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ ടീമുകള്‍ യുവനിരയെയാണ് അണിനിരത്തുന്നത്. റണ്ണൊഴുകുമെന്നു പ്രതീക്ഷിക്കുന്ന യുഎഇയിലെ പിച്ചുകളില്‍ ഏതു താരമാകും ടോപ്‌സ്‌കോറര്‍ക്കഒള്ള ഗോള്‍ഡണ്‍ ബാറ്റ് സ്വന്തമാക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതിനായുള്ള മത്സരത്തില്‍ ഒരുപിടി താരങ്ങളാണ് നേര്‍ക്കുനേര്‍ നില്‍ക്കുന്നത്.
1. രോഹിത് ശര്‍മ്മ : ഇന്ത്യയുടെ നായകന്‍ രോഹിത് ശര്‍മ ന്യൂസിലന്‍ഡിന്റെ മാര്‍ടിന്‍ ഗുപ്ടിലിനൊപ്പം ടി20 ചാര്‍ട്ടുകളില്‍ മുന്‍നിര റണ്‍ വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്താണ്. രോഹിത് ശര്‍മയെ സംബന്ധിച്ചിടത്തോളം ഏഷ്യാ കപ്പ് ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള റിഹേഴ്‌സലാണെന്ന തന്നെ പറയാം. അതുകൊണ്ട് തന്നെ നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ തയ്യാറെടുക്കുകയാണ് ഹിറ്റ്മാന്‍. ആഞ്ഞടിച്ച് ബൗണ്ടറികള്‍ പായിക്കാനും വമ്പന്‍ സ്‌കോറുകള്‍ നേടാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് ടീം ഇന്ത്യക്ക് ഏറെ മുതല്‍ക്കൂട്ടാകും.
2. ബാബര്‍ അസം : ലോകക്രിക്കറ്റില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ചര്‍ച്ച ചെയ്യുന്ന പേരാണ് പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിന്റേത്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ടി20 ബാറ്ററാണ് അദ്ദേഹം. കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം മികച്ച ഫോമിലാണ് മുന്നോട്ട് പോകുന്നത്. ഇന്ത്യ പാകിസ്താനോട് മല്ലിടാനിറങ്ങുമ്പോള്‍ അവരുടെ മുന്‍ നിരയില്‍ നില്‍ക്കുന്ന ബാബര്‍ അസം എന്ന നായകനെ കരുതിയിരുന്നേ മതിയാവു.
3. മൊഹമ്മദ് റിസ്വാന്‍: പാകിസ്താന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്വാന്‍ കഴിഞ്ഞ സീസണില്‍ തന്റേതായ ഒരു നിലവാരം കെട്ടിപ്പടുത്തിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് വലിയ ഉയരങ്ങളൊന്നും കൈയെത്തിപ്പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ ടോപ് ഓര്‍ഡറിലുള്ള റിസ്വാന് അനുകൂല സാഹചര്യങ്ങളില്‍ എതിരാളികളെ അടിച്ചു തകര്‍ക്കാനുള്ള കഴിവുണ്ട്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 2000+ അന്താരാഷ്ട്ര റണ്‍സ് നേടിയ ലോകത്തിലെ ഏക ബാറ്റ്‌സ്മാനാണ് അദ്ദേഹം. കൂടാതെ മൂന്ന് അന്താരാഷ്ട്ര ഫോര്‍മാറ്റുകളിലും സെഞ്ചുറി നേടിയിട്ടുണ്ട്.
4. ഹസ്രത്തുള്ള സസായ്: 150 ന് അടുത്ത് കരീര്‍ സ്‌ട്രൈക്ക് റേറ്റും ടി20 യില്‍ ഒരു സെഞ്ചുറിയുമായ് ടോപ് ഓര്‍ഡറിലുള്ള ഹസ്രത്തുള്ള നസായി അഫ്ഗാനികളുടെ വലിയ പ്രതീക്ഷയാണ്. വലിയ ഷോട്ടുകള്‍ തൊടുത്തു തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ മെരുക്കി നിര്‍ത്താന്‍ ബുദ്ധിമുട്ടാണ്. 2019-ല്‍ അന്താരാഷ്ട്ര ടി 20 യില്‍ അയര്‍ലാന്‍ഡിനെതിരെ 62 ബോളില്‍ അടിച്ചെടുത്ത 162 റണ്‍സാണ് അദ്ദേഹത്തിന്റെ മികച്ച വ്യക്തിഗത സ്‌കോര്‍.
5. ഷാക്കിബ് അല്‍ ഹസന്‍: ഐസിസി ഏകദിന താരങ്ങളുടെ റാങ്കിങ്ങില്‍ ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടറും, ബംഗ്ലാദേശ് ദേശീയ ടെസ്റ്റ്, ടി20 ക്രിക്കറ്റിലെ നിലവിലെ ക്യാപ്റ്റനുമാണ് അദ്ദേഹം. ബംഗ്ലാദേശിന്റെ എക്കാലത്തെയും ഏറ്റവും മികച്ച കളിക്കാരന് ടീമിന്റെ വിജയത്തിനായി മുന്നില്‍ നിന്നു നയിക്കേണ്ടി വരും കഴിഞ്ഞ നാല് ഏഷ്യാ കപ്പുകളില്‍ മൂന്നെണ്ണത്തിലും അവര്‍ ഫൈനലിലെത്തി, ഇത്തവണ ഒരു പടികൂടി കടന്ന് വിജയകിരീടം ചൂടുകയാണ് ലക്ഷ്യം.