ടെസ്റ്റ് ക്രിക്കറ്റില്‍ വീണ്ടുമൊരു 'റെസ്റ്റ് ഡേ'; പതിനാറ് വര്‍ഷത്തിന് ശേഷം ആദ്യം, കാരണമെന്ത്?

ടെസ്റ്റ് ക്രിക്കറ്റില്‍ വീണ്ടുമൊരു 'റെസ്റ്റ് ഡേ'; പതിനാറ് വര്‍ഷത്തിന് ശേഷം ആദ്യം, കാരണമെന്ത്?

ഫലത്തില്‍ അഞ്ചു ദിവസം കൊണ്ടു തീരേണ്ട മത്സരം ആറാം ദിനം മാത്രമേ പൂര്‍ത്തിയാകൂയെന്ന സ്ഥിതിയാണ്. എന്തായിരിക്കും ഇതിനു കാരണം?
Updated on
2 min read

ഒന്നര പതിറ്റാണ്ടിന് ശേഷം രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു മത്സരത്തിനിടെ 'വിശ്രമദിനം' അനുവദിച്ചിരിക്കുകയാണ്. ശ്രീലങ്കയും ന്യൂസിലന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെ നാലാം ദിനമായ ഇന്നാണ് 'വിശ്രമദിനം' അനുവദിച്ചിരിക്കുന്നത്. മത്സരത്തില്‍ രണ്ടാമിന്നിങ്‌സില്‍ ആതിഥേയരായ ലങ്ക നാലു വിക്കറ്റിന് 237 റണ്‍സ് എന്ന നിലയില്‍ ആകെ 202 റണ്‍സിന്റെ ലീഡില്‍ നില്‍ക്കെയാണ് നാലാംദിനമായ ഇന്ന് വിശ്രമം അനുവദിച്ചത്.

ഇന്നു ബാറ്റിങ് പുനരാരംഭിക്കേണ്ടിയിരുന്ന ശ്രീലങ്കന്‍ ബാറ്റര്‍മാര്‍ നാളെയെ ഇനി കളത്തിലിറങ്ങു. ഫലത്തില്‍ അഞ്ചു ദിവസം കൊണ്ടു തീരേണ്ട മത്സരം ആറാം ദിനം മാത്രമേ പൂര്‍ത്തിയാകൂയെന്ന സ്ഥിതിയാണ്. എന്തായിരിക്കും ഇതിനു കാരണം? കാലാവസ്ഥയോ, താരങ്ങള്‍ ക്ഷീണിതരായതോ?

എന്നാല്‍ ഇതുരണ്ടുമല്ല മത്സരം നിര്‍ത്തിവച്ചതിനു പിന്നില്‍.

2022-ലെ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും രാഷ്ട്രീയ അസ്ഥിരതയ്ക്കും ശേഷം ശ്രീലങ്കന്‍ ജനത ഇന്നു തങ്ങളുടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ പോളിങ് ബൂത്തിലേക്ക് പോകുകയാണ്. വലിയ പ്രതിസന്ധിക്കു ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായതിനാല്‍ ലങ്കന്‍ ജനത അതീവ താല്‍പര്യത്തോടെയും ജാഗ്രതയോടെയുമാണ് വോട്ട്‌രേഖപ്പെടുത്താനൊരുങ്ങുന്നത്.

രാജ്യം ഉറ്റുനോക്കുന്ന ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാകാന്‍ ശ്രീലങ്കന്‍ താരങ്ങള്‍ക്കും മറ്റ് ഒഫീഷ്യലുകള്‍ക്കും അവസരമൊരുക്കാനാണ് മത്സരത്തിനിടെ 'വിശ്രമദിനം' അനുവദിക്കാന്‍ ഐസിസിയുടെ അനുമതിയോടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമും ബോര്‍ഡും ആ തീരുമാനത്തോട് പൂര്‍ണ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.

മത്സരത്തിന്റെ നാലാംദിനമായ ഇന്ന് കിവീസ് താരങ്ങള്‍ വിശ്രമിച്ച് ഉല്ലസിക്കുമ്പോള്‍ ലങ്കന്‍ താരങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തങ്ങളുടെ വോട്ട് രേഖപ്പെടുത്താനുള്ള ക്യൂവിലാണ്. സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം ഇന്നു രാത്രി തന്നെ താരങ്ങള്‍ മത്സരം നടക്കുന്ന ഗാലെ സ്‌റ്റേഡിയത്തിന് സമീപമുള്ള തങ്ങളുടെ ഹോട്ടല്‍മുറികളില്‍ തിരിച്ചെത്തും. നാളെ മത്സരത്തിനുമിറങ്ങും.

മൂന്നാം ദിനമായ ഇന്നലത്തെ മത്സരശേഷം ഉടന്‍ തന്നെ ലങ്കന്‍ താരങ്ങള്‍ക്ക് കൊളംബോയിലേക്കു പോകാന്‍ ബസ് തയാറാക്കിയിരുന്നു. അവിടെ നിന്നു പ്രത്യേക വാഹനങ്ങളില്‍ താരങ്ങളെ അവരവരുടെ വോട്ടിങ് കേന്ദ്രങ്ങളിലേക്ക് എത്തിക്കാനും രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം ഉച്ചയോടെ കൊളംബോയിലേക്ക് തിരികെ എത്തിക്കാനും സൗകര്യമൊരുക്കിയിരുന്നു. കൊളംബോയില്‍ അല്‍പസമയം വിശ്രമിച്ച ശേഷം വൈകിട്ടോടെയാകും ഇവര്‍ ഗാലെയിലേക്ക് മടങ്ങുക. താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും പുറമേ ഗ്രൗണ്ട് സ്റ്റാഫ്, ശ്രീലങ്കന്‍ മാധ്യമപ്രവര്‍ത്തകര്‍, കമന്റേറ്റര്‍മാര്‍, അമ്പയര്‍മാര്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ക്കും ഇത്തരത്തില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

എന്തുകൊണ്ടു മത്സരം മാറ്റിവച്ചില്ല?

ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും വളരെ മുമ്പ് തന്നെ ന്യൂസിലന്‍ഡിന്റെ ലങ്കന്‍ പര്യടനം തീരുമാനിക്കപ്പെട്ടിരുന്നു. ആ ഫിക്‌സ്ചറില്‍ മാറ്റംവരുത്തുന്നത് ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിനെ ബാധിക്കുമെന്നതിനാലാണ് മാറ്റിവയ്ക്കാതിരുന്നത്. മാത്രമല്ല ന്യൂസിലന്‍ഡിന് തിരക്കേറിയ ക്രിക്കറ്റ് ഷെഡ്യൂളുമാണുള്ളത്.

ഇതിന് മുമ്പ് ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ?

1990-കളുടെ പകുതി വരെ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ വിശ്രമദിനം അനുവദിക്കുന്നത് സ്വാഭാവിക നടപടിയായിരുന്നു. എന്നാല്‍ അതെല്ലാം കാലാവസ്ഥയുടെ പേരിലായിരുന്നുവെന്നു മാത്രം. ഒരു രാജ്യത്തിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പേരില്‍ മത്സരത്തിനിടെ ഇന്നേവരെ വിശ്രമദിനം അനുവദിച്ചിട്ടില്ല. 90-കള്‍ക്കു ശേഷം വിശ്രമദിനം അനുവദിക്കുന്നത് തന്നെ പതിവല്ല.

ഇതിനു മുമ്പ് ഏറ്റവും ഒടുവില്‍ ഒരു മത്സരത്തിനിടെ വിശ്രമദിനം അനുവദിച്ചത് 2008-ലായിരുന്നു. അന്നും ശ്രീലങ്കയായിരുന്നു ഒരു വശത്ത്. എതിരാളികള്‍ ബംഗ്ലാദേശും. ബംഗ്ലാദേശ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായിരുന്നു അത്. ഘട്ടംഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ ഒരു ഘട്ടത്തിലെ തീയതി മത്സരദിനവുമായി ക്ലാഷ് വന്നപ്പോള്‍ അന്ന് വിശ്രമദിനം അനുവദിക്കുകയായിരുന്നു. എന്നാല്‍ അന്ന് ബംഗ്ലാദേശ് താരങ്ങള്‍ക്ക് ആര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ പോകേണ്ടി വന്നിരുന്നില്ല.

logo
The Fourth
www.thefourthnews.in