പന്ത് 'കൈകാര്യം' ചെയ്ത മുഷ്ഫിഖറിനെ 'ഒബ്‌സ്ട്രക്ടിങ് ദ ഫീല്‍ഡ്' കുറ്റത്തിന് പുറത്താക്കിയത് എന്തുകൊണ്ട്?

പന്ത് 'കൈകാര്യം' ചെയ്ത മുഷ്ഫിഖറിനെ 'ഒബ്‌സ്ട്രക്ടിങ് ദ ഫീല്‍ഡ്' കുറ്റത്തിന് പുറത്താക്കിയത് എന്തുകൊണ്ട്?

മനപ്പൂര്‍വം എതിര്‍ടീം താരങ്ങളുടെ ഫീല്‍ഡിങ് തടസപ്പെടുത്തുകയോ, അവരുടെ ത്രോ തടയുകയോ ചെയ്യുമ്പോഴാണ് ഇതുവരെ 'ഒബ്‌സ്ട്രക്ടിങ് ദ ഫീല്‍ഡ്' എന്ന് പേരില്‍ ഔട്ട് വിധിച്ചിരുന്നത്
Updated on
2 min read

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുന്‍ നായകനും വിക്കറ്റ് കീപ്പറുമായി മുഷ്ഫിഖര്‍ റഹീമിന്റെ പുറത്താകലാണ് ക്രിക്കറ്റ് ലോകത്തും സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ ട്രെന്‍ഡിങ് ആകുന്നത്. ന്യൂസിലന്‍ഡിനെതിരെ സ്വന്തം മണ്ണില്‍ നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനമായ ഇന്നാണ് മുഷി അസാധാരണമായ രീതിയില്‍ പുറത്തായത്. ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ 41-ാം ഓവറിലായിരുന്നു സംഭവം.

കിവീസ് പേസര്‍ കൈല്‍ ജാമിസണ്‍ എറിഞ്ഞ ഓവറിന്റെ നാലാം പന്തിലായിരുന്നു അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. ജാമിസണ്‍ എറിഞ്ഞ ബോള്‍ പ്രതിരോധിച്ച മുഷി തന്റെ ബാറ്റില്‍ തട്ടി നിലത്ത് കുത്തിയുയര്‍ന്ന പന്ത് കൈകൊണ്ട് തട്ടിയകറ്റുകയായിരുന്നു. പന്ത് സ്റ്റംപ് ലൈനിന് പുറത്ത് പോയ സാഹചര്യത്തിലായിരുന്നു മുഷിയുടെ അപ്രതീക്ഷിത നീക്കം.

ഉടന്‍തന്നെ കിവീസ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും ഫീല്‍ഡ് അമ്പയര്‍മാരായ പോള്‍ റീഫലും റോഡ് ടക്കറും തീരുമാനം മൂന്നാം അമ്പയറിനു വിട്ടു. റീപ്ലേകള്‍ പരിശോധിച്ച ടിവി അമ്പയര്‍ അഹ്‌സന്‍ റാസ ഒടുവില്‍ ഔട്ട് വിധിച്ചു. പുറത്തായി മടങ്ങിയ മുഷ്ഫിക്കറിന്റെ പേരില്‍ 'ഒബ്‌സ്ട്രക്ടിങ് ദ ഫീല്‍ഡ്' എന്നാണ് രേഖപ്പെടുത്തിയത്. ഇതാണ് ആരാധകരെ കുഴപ്പിച്ചത്.

മനപ്പൂര്‍വം എതിര്‍ടീം താരങ്ങളുടെ ഫീല്‍ഡിങ് തടസപ്പെടുത്തുകയോ, അവരുടെ ത്രോ തടയുകയോ ചെയ്യുമ്പോഴാണ് ഇതുവരെ 'ഒബ്‌സ്ട്രക്ടിങ് ദ ഫീല്‍ഡ്' എന്ന് പേരില്‍ ഔട്ട് വിധിച്ചിരുന്നത്. ഇവിടെ മുഷ്ഫിഖര്‍ റഹീം ആ കുറ്റം ചെയ്തിരുന്നില്ല. പിന്നെയെങ്ങനെ ആ രീതിയില്‍ ഔട്ട് വിധിച്ചുവെന്നായിരുന്നു ആരാധകരുടെ സംശയം.

ബൗളര്‍ എറിയുന്ന പന്ത് 'കൈ കൊണ്ട്' തട്ടിയാല്‍ ബാറ്ററെ ഔട്ട് വിളിക്കാന്‍ അമ്പയര്‍മാര്‍ക്ക് അധികാരമുണ്ട്. അത് 'ഹാന്‍ഡിലിങ് ദ ബോള്‍' എന്ന കുറ്റമായാണ് പെടുത്തുക. എന്നാല്‍ ഇവിടെ പന്ത് കൈകൊണ്ട് തട്ടിയിട്ടും മുഷ്ഫിക്കറിന്റെ ഔട്ട്, അദ്ദേഹം ചെയ്യാത്ത 'ഒബ്‌സ്ട്രക്ടിങ് ദ ഫീല്‍ഡ്' എന്ന കുറ്റത്തിന്‍റെ ഗണത്തില്‍ പെടുത്തിയത് എന്തുകൊണ്ടാണെന്നായിരുന്നു ആരാധകരുടെ ചോദ്യം.

2017-ല്‍ ക്രിക്കറ്റ് നിയമങ്ങളില്‍ വരുത്തിയ ഭേദഗതിയാണ് മുഷ്ഫിക്കറിന് വിനയായത്. ഭേദഗതി അനുസരിച്ച് 'ഹാന്‍ഡിലിങ് ദ ബോള്‍' നിയമം ഐസിസി മരവിപ്പിച്ചിരുന്നു. എന്നാല്‍ ആ നിയമം റദ്ദാക്കപ്പെട്ടിട്ടില്ല. ആ കുറ്റങ്ങള്‍ എല്ലാം ഇപ്പോള്‍ 'ഒബ്‌സ്ട്രക്ടിങ് ദ ഫീല്‍ഡ്' എന്ന പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. കൂടാതെ പന്ത് 'ഔട്ട് ഓഫ് പ്ലേ' ആകുന്നതിന് മുമ്പ് എവിടെ വച്ച് ബാറ്റര്‍ കൈകൊണ്ട് തട്ടിയാലും എതിര്‍ടീമിന് അപ്പീല്‍ ചെയ്യാനും അമ്പയര്‍ക്ക് അത് ഔട്ട് അനുവദിക്കാനും ഭേദഗതി അധികാരം നല്‍കുന്നുണ്ട്. അതായത് സ്റ്റംപ് ലൈനില്‍ അല്ലാത്ത പന്തില്‍ ബാറ്റര്‍ 'കൈ വച്ചാല്‍' പോലും അത് ഔട്ട് വിധിക്കാന്‍ അമ്പയര്‍ക്ക് കഴിയും. അതാണ് ഇന്ന് മുഷ്ഫിക്കറിന്റെ കാര്യത്തില്‍ സംഭവിച്ചത്.

2017 സെപ്റ്റംബറിലാണ് നിയമഭേദഗതി വന്നത്. അതിനു ശേഷം ഇതാദ്യമായാണ് ഒരു ബാറ്റര്‍ പന്ത് 'കൈകാര്യം' ചെയ്തതിന് അപ്പീല്‍ നേരിടുന്നത്. ഇതിനു മുമ്പ് 'ഹാന്‍ഡിലിങ് ദ ബോള്‍' എന്ന രീതിയില്‍ പുറത്തായ അവസാന ബാറ്റര്‍ സിംബാബ്‌വെയുടെ ചാമു ചിബാബയാണ്. 2015-ല്‍ ബുലവായോയില്‍ അഫ്ഗാനിസ്ഥാനെതിരേ നടന്ന ഏകദിന മത്സരത്തിലായിരുന്നു അത്. അതിനു മുമ്പ് ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോനും ഓസ്‌ട്രേലിയന്‍ മുന്‍നായകന്‍ സ്റ്റീവ് വോയും ഇത്തരത്തില്‍ പുറത്തായിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തില്‍ പന്ത് 'കൈകാര്യം ചെയ്ത്' ഔട്ടാകുന്ന പതിനൊന്നാം താരമാണ് മുഷ്ഫിക്കര്‍. 1957-ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ താരം റസല്‍ എന്‍ഡീനാണ് ഇത്തരത്തില്‍ പുറത്തായ ആദ്യ താരം.

logo
The Fourth
www.thefourthnews.in