ദിനേശ് കാർത്തിക്
ദിനേശ് കാർത്തിക്

ജഡേജയുടെ പരുക്ക് കാര്‍ത്തിക്കിന് വിനയാകുമോ?

അധിക ബാറ്റർ അല്ലെങ്കിൽ അക്‌സർ പട്ടേല്‍ ആദ്യ പതിനൊന്നിലേക്ക് വന്നാലേ കാർത്തിക്കിന് അവസരം ലഭിക്കൂ
Updated on
1 min read

മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം. പൊതുവെ ശുഭ പ്രതീക്ഷയിൽ പറയാറുള്ള പഴംചൊല്ലാണെങ്കിലും ദിനേശ് കാർത്തിക്കിന് അത്രത്തോളം ശുഭമല്ല കാര്യങ്ങൾ. രവീന്ദ്ര ജഡേജയുടെ പരുക്ക് വലച്ചിരിക്കുന്നത് കാർത്തിക്കിനെ കൂടിയാണ്. വലതു കാലിനേറ്റ പരുക്ക് ജഡേജയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് ഭീഷണി ഉയർത്തുന്നുണ്ട്. അത് ഒരുപക്ഷെ കാർത്തിക്കിനെയും ബാധിച്ചേക്കാം.

ലോകകപ്പിന് മുൻപുള്ള ട്രയൽ റണ്ണായി കണക്കാക്കിയ ഏഷ്യ കപ്പിൽ, ടീമിലേക്ക് കാർത്തിക് ഇടം പിടിക്കുമോ?

ലോകകപ്പിന് മുൻപുള്ള ട്രയൽ റണ്ണായി കണക്കാക്കിയ ഏഷ്യ കപ്പിൽ, ടീമിലേക്ക് കാർത്തിക് ഇടം പിടിക്കുമോ എന്നതായിരുന്നു ഏവരുടെയും സംശയം. എന്നാൽ ഈ വർഷം 13 ടി20 മത്സരങ്ങളില്‍ നിന്ന് 26 ശരാശരിയില്‍ വെറും 260 റണ്‍ നേടിയ ഋഷഭ് പന്തിനെ പുറത്തിരുത്തി ആദ്യ മത്സരത്തിൽ തന്നെ കാർത്തിക്കിന് അവസരം ലഭിച്ചു. ഇതോടെ ടീമിൽ വന്ന ഇടംകൈ ബാറ്റർമാരുടെ അഭാവത്തെ ഇന്ത്യ മറികടന്നത് രവീന്ദ്ര ജഡേജയ്ക്ക് സ്ഥാനക്കയറ്റം നൽകിയാണ്. ജഡേജയുടെ പരുക്കോടെ ഇത്തരം ഒരു മാറ്റം നടത്താൻ ഇന്ത്യക്ക് അവസരം ഇല്ലാതെ ആയി. ഇതോടെ പാകിസ്താനെതിരെയുള്ള സൂപ്പർ ഫോർ പോരാട്ടത്തിലെ ടീമിൽനിന്ന് കാർത്തിക്കിനെ ഒഴിവാക്കി ഋഷഭ് പന്തിനെ കൊണ്ടുവന്നു. ഇനി ഒരു അധിക ബാറ്റർ അല്ലെങ്കിൽ അക്‌സർ പട്ടേല്‍ ആദ്യ പതിനൊന്നിലേക്ക് വന്നാലേ കാർത്തിക്കിന് അവസരം ലഭിക്കൂ.

വരുന്ന ടി20 ലോകകപ്പിൽ ഫിനിഷറുടെ റോൾ ആര് നിർവഹിക്കും എന്ന ഇന്ത്യൻ നായകൻ രോഹിത് ശർമയുടെയും കോച്ച് രാഹുൽ ദ്രാവിഡിന്റെയും അന്വേഷണങ്ങൾക്കുള്ള ഉത്തരമായിരുന്നു ദിനേശ് കാർത്തിക്. ഏഷ്യ കപ്പിലെ മികച്ച പ്രകടനത്തിലൂടെ അടുത്ത മാസം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ കുപ്പായം അണിയാമെന്ന കാർത്തിക്കിന്റെ പ്രതീക്ഷകളാണ് ത്രിശങ്കുവിലായിരിക്കുന്നത്. ഏഷ്യ കപ്പിന് ശേഷം ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയുമായും ദക്ഷിണാഫ്രിക്കയുമായും നാട്ടിൽ ടി20, ഏകദിന പരമ്പരകളുണ്ട്. ഇതിൽ ഇടം നേടണമെങ്കിലും കളിക്കളത്തിലെ കണക്കുകൾ കാർത്തിക്കിന് ആവശ്യമായി വരും.

"മുഴുവൻ സമയ കമന്റേറ്റർ താൽകാലിക ക്രിക്കറ്റർ" എന്ന പരിഹാസം കേട്ടാണ് തമിഴ്‌നാട്ടിൽ നിന്നുള്ള ഈ വലംകൈ ബാറ്റർ 2022 ഐപിഎല്ലില്‍ എത്തുന്നത്. എന്നാൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്‌ വേണ്ടി 16 ഇന്നിങ്സിൽ നിന്നായി 55 റൺ ശരാശരിയിൽ 183 പ്രഹരശേഷിയോടെ 330 റൺസ് നേടി, കളിയാക്കിയവരുടെ വായ അടപ്പിച്ചു അദ്ദേഹം. 16 ഇന്നിങ്സിൽ വെറും ആറ് എണ്ണത്തിൽ മാത്രമാണ് അദ്ദേഹത്തിനെ പുറത്താക്കാൻ എതിർ ടീമുകൾക്ക് സാധിച്ചത്. ഇതോടെ മികച്ച ഫിനിഷർ എന്ന പേരും, ഈ പ്രകടനങ്ങളിലൂടെ കാർത്തിക് നേടിയെടുത്തു. പിന്നീട് മികച്ച പ്രകടനങ്ങളിലൂടെ ടീം ഇന്ത്യയുടെ ഭാഗമാകുകയായിരുന്നു.

logo
The Fourth
www.thefourthnews.in