രോഹിത് പെർത്ത് ടെസ്റ്റിനുണ്ടാകുമോ? വ്യക്തത വരുത്താതെ പകരക്കാരെ പറഞ്ഞ് ഗംഭീർ

രോഹിത് പെർത്ത് ടെസ്റ്റിനുണ്ടാകുമോ? വ്യക്തത വരുത്താതെ പകരക്കാരെ പറഞ്ഞ് ഗംഭീർ

ബോർഡർ-ഗവാസ്കർ ട്രോഫിക്കായി ഇന്ത്യൻ ടീം നവംബർ 11നാണ് ഓസ്ട്രേലിയയിലേക്ക് തിരിക്കുക
Updated on
1 min read

ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ നായകൻ രോഹിത് ശർമ കളിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താതെ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. പെർത്ത് ആതിഥേയത്വം വഹിക്കുന്ന ആദ്യ ടെസ്റ്റ് നവംബർ 22നാണ് ആരംഭിക്കുന്നത്.

ഭാര്യ റിതികയ്ക്കൊപ്പം രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന രോഹിത് ആദ്യ ടെസ്റ്റിലുണ്ടാകില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ബോർഡർ-ഗവാസ്കർ ട്രോഫിക്കായി ഇന്ത്യൻ ടീം നവംബർ 11നാണ് ഓസ്ട്രേലിയയിലേക്ക് തിരിക്കുക.

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ കനത്ത തോല്‍വിക്ക് ശേഷം ആദ്യമായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഗംഭീർ രോഹിതിന്റെ കാര്യത്തില്‍ പ്രതികരണം നടത്തിയത്.

"രോഹിത് ടീമിനൊപ്പം ചേരുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. വ്യക്തത വരുന്നതനുസരിച്ച് അറിയിക്കും. രോഹിത് ആദ്യ ടെസ്റ്റിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ആശങ്കകള്‍ക്കും പരമ്പരയുടെ തുടക്കത്തില്‍ വ്യക്തതയുണ്ടാകും," ഗംഭീർ പറഞ്ഞു.

രോഹിതിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലോ അഭിമന്യു ഈശ്വരനോ രോഹിതിന് പകരം ഓപ്പണിങ്ങിന് ഇറങ്ങിയേക്കും.

"ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനെക്കുറിച്ച് ചിന്തിക്കുന്നില്ല. എല്ലാ പരമ്പരകളും പ്രധാന്യം അർഹിക്കുന്നതാണ്. മുൻപ് എന്ത് സംഭവിച്ചുവെന്നതില്‍ കാര്യമില്ല. ഓസ്ട്രേലിയയിലേക്ക് പോകാനും മികച്ച പ്രകടനം പുറത്തെടുക്കാനും കാത്തിരിക്കുകയാണ്. ഈശ്വരനും കെഎല്ലുമാണ് രോഹിതിന്റെ പകരക്കാരായി പരിഗണിക്കുന്നത്," ഗംഭീർ കൂട്ടിച്ചേർത്തു.

രോഹിത് പെർത്ത് ടെസ്റ്റിനുണ്ടാകുമോ? വ്യക്തത വരുത്താതെ പകരക്കാരെ പറഞ്ഞ് ഗംഭീർ
സഞ്ജുവും, രണ്ട് സെഞ്ചുറികളും, മലയാളികളും

രോഹിതിന്റെ ലഭ്യതയില്‍ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ അഭിമന്യുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച ഫോമിലാണ് താരം. നാല് മത്സരങ്ങളില്‍ തുടർച്ചയായി നാല് സെഞ്ചുറികള്‍ താരം നേടിയിരുന്നു. രാഹുലിനെ രോഹിതിന്റെ പകരക്കാരനായി പരിഗണിക്കാൻ സാധ്യതയില്ല. താരത്തെ മധ്യനിരയില്‍ പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മാനേജ്മെന്റ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഓസ്ട്രേലിയ എയ്ക്കെതിരായ പരമ്പരയില്‍ രാഹുലും അഭിമന്യുവും പരാജയപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in