നൂറുമേനിയില്‍ സഞ്ജുവിന് കൂടുതല്‍ കളം ഒരുങ്ങുമോ?

നൂറുമേനിയില്‍ സഞ്ജുവിന് കൂടുതല്‍ കളം ഒരുങ്ങുമോ?

2021-ല്‍ ഏകദിനത്തിലരങ്ങേറിയ പ്രതിഭാധനനായ വലംകൈയന്‍ ബാറ്റർക്ക് ഒരു ശതകത്തിനായി കാത്തിരിക്കേണ്ടി വന്നത് രണ്ട് വർഷം
Updated on
2 min read

''പുറത്താകരുതാത്ത സാഹചര്യങ്ങളില്‍ പുറത്താകാനുള്ള മാർഗങ്ങള്‍ തേടുന്ന താരം,'' ന്യൂസിലന്‍ഡിന്റെ മുന്‍താരവും കമന്റേറ്ററുമായ സൈമണ്‍ ഡോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലെ സഞ്ജു സാംസണിന്റെ പ്രകടനത്തെ വിലയിരുത്തിയത് ഇങ്ങനെയായിരുന്നു. ക്രിക്കറ്റ് താരങ്ങള്‍ പലപ്പോഴും വിമർശനങ്ങളെ നേരിടുന്നത് നിശബ്ദതകൊണ്ടാണ്. മറുപടി കൊടുക്കുന്നത് കളത്തിലും, അത് ബാറ്റുകൊണ്ടുമാകാം, പന്തുകൊണ്ടുമാകാം.

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സഞ്ജുവിന്റെ ബാറ്റ് സൈമണ്‍ ഡോളിന്റെ വാക്കുകളെ തിരുത്തി. ഓപ്പണർമാരും നായകനുമടക്കം വീണ മുന്‍നിരയെ ഒറ്റയാനായി പിടിച്ചുനിർത്തി, അന്താരാഷ്ട്ര ക്രിക്കറ്റിലെ കന്നി സെഞ്ചുറിയോടെയായിരുന്നു മറുപടി. 2021-ല്‍ ഏകദിനത്തിലരങ്ങേറിയ പ്രതിഭാധനനായ വലംകൈയന്‍ ബാറ്റർക്ക് ഒരു ശതകത്തിനായി കാത്തിരിക്കേണ്ടി വന്നത് രണ്ട് വർഷം.

കരുതലോടെ, കരുത്തോടെ

ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ ബാറ്റിങ് ലൈനപ്പിലെ സഞ്ജുവിന്റെ സ്ഥാനം അഞ്ച് അല്ലെങ്കില്‍ ആറായിരിക്കുമെന്നായിരുന്നു നായകന്‍ കെ എല്‍ രാഹുലിന്റെ പ്രഖ്യാപനം. രണ്ടാം ഏകദിനത്തില്‍ അഞ്ചാമനായി ക്രീസിലെത്തി തലകുനിച്ചായിരുന്നു സഞ്ജു മടങ്ങിയത്. എന്നാല്‍ പരമ്പരയിലെ നിർണായക മത്സരത്തില്‍ സ്ഥാനക്കയറ്റം ലഭിച്ച് മൂന്നാം നമ്പറില്‍ സഞ്ജുവെത്തി. സഞ്ജുവിന്റെ 'യഥാർത്ഥ സ്ഥാനം'.

സഞ്ജു ക്രീസിലെത്തിയത് അഞ്ചാം ഓവറിലായിരുന്നു. ബോളണ്ട് പാർക്കിലെ വിക്കറ്റിന്റെ ആനുകൂല്യങ്ങളെല്ലാം ദക്ഷിണാഫ്രിക്കയുടെ പേസ് നിര ആസ്വദിക്കുന്ന സമയം. രജത് പട്ടിദാറിന്റെ പ്രത്യാക്രമണം പരാജയപ്പെടുകയും ഫോമിലുള്ള സായ് സുദർശന്‍ പ്രതിരോധത്തിലുമായ സാഹചര്യം. ഏകദിന ക്രിക്കറ്റില്‍ സാന്നിധ്യം നിലനിർത്താന്‍ സഞ്ജുവിന് ഒരു 'ബിഗ് ഇന്നിങ്സ്' അനിവാര്യമായിരുന്നു.

ഏത് സാഹചര്യത്തിലും പുറത്താകാവുന്ന 'സഞ്ജു ഇന്നിങ്സാ'യിരുന്നില്ല ബോളണ്ട് പാർക്കില്‍ കണ്ടത്. അനാവശ്യ ഷോട്ടുകളെ അകറ്റി നിർത്തി, ക്ഷമയോടെ സിംഗിളുകളെടുത്ത് തുടക്കം

നൂറുമേനിയില്‍ സഞ്ജുവിന് കൂടുതല്‍ കളം ഒരുങ്ങുമോ?
ശതകം തൊട്ട് സഞ്ജു; അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ സെഞ്ചുറി

ഏത് സാഹചര്യത്തിലും പുറത്താകാവുന്ന 'സഞ്ജു ഇന്നിങ്സാ'യിരുന്നില്ല ബോളണ്ട് പാർക്കില്‍ കണ്ടത്. അനാവശ്യ ഷോട്ടുകളെ അകറ്റി നിർത്തി, ക്ഷമയോടെ സിംഗിളുകളെടുത്ത് തുടക്കം. സായിയുടേയും രാഹുലിന്റേയും വീഴ്ചകളും തിലക് വർമയുടെ മെല്ലപ്പോക്കിന്റെ സമ്മർദവും പ്രോട്ടിയാസ് പേസ് നിരയുടെ കൃത്യതയും സഞ്ജുവിന്റെ നിശ്ചയദാർഢ്യത്തെ ബാധിച്ചില്ല. ആദ്യ 20-30 ബോളുകള്‍ എപ്പോഴും സഞ്ജുവിന് നിർണായകമാകാറുണ്ട്, അതിജീവിക്കാന്‍ സാധിച്ചാല്‍ റണ്ണൊഴുക്കാനുള്ള സാങ്കേതിക മികവ് താരത്തിന്റെ കരങ്ങള്‍ക്കുണ്ടുതാനും.

അന്തിമ ഇലവനിലെ സ്ഥിരസാന്നിധ്യമാകാന്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ഇന്നിങ്സ് സഞ്ജുവിനെ സഹായിക്കുമോ എന്ന ചോദ്യം ബാക്കിയാകുകയാണ്

അതുതന്നെയായിരുന്നു കണ്ടതും. നേടുന്ന റണ്‍സിന്റെ ഭൂരിഭാഗവും ബൗണ്ടറികള്‍ക്കൊണ്ട് കണ്ടെത്തുന്ന സഞ്ജുവിന്റെ കന്നി സെഞ്ചുറിയിലാകെ ഉണ്ടായിരുന്നത് ആറ് ഫോറും മൂന്ന് സിക്സും. സമ്മർദസാഹചര്യത്തില്‍ സ്ട്രൈക്ക് റൊട്ടേഷന്റെ പ്രാധാന്യം എത്രത്തോളമാണെന്നുള്ള തിരിച്ചറിവില്‍ നിന്നായിരുന്നു ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ലായ ഇന്നിങ്സിന്റെ പിറവി.

ഏകദിന കരിയറിലെ 15 ഇന്നിങ്സുകളില്‍ മൂന്ന് ആർധസെഞ്ചുറിയും ഒരു ശതകവുമുള്‍പ്പടെ സഞ്ജുവിന്റെ റണ്‍നേട്ടം 510 ആയി ഉയർന്നു. അന്തിമ ഇലവനിലെ സ്ഥിരസാന്നിധ്യമാകാന്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ഇന്നിങ്സ് സഞ്ജുവിനെ സഹായിക്കുമോ എന്ന ചോദ്യം ബാക്കിയാകുകയാണ്.

പ്രിയം കോഹ്ലിയുടെ മൂന്നാം നമ്പർ

ഐപിഎല്ലില്‍ നിരവധി സീസണുകളിലായി രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി സഞ്ജു സ്ഥിരമായി ബാറ്റ് ചെയ്യുന്നത് മൂന്നാം നമ്പറിലാണ്. ഇതുവരെ 77 മത്സരങ്ങളിലാണ് ഐപിഎല്ലില്‍ സഞ്ജു മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയത്. മൂന്ന് സെഞ്ചുറികള്‍ ഉള്‍പ്പെടെ 2,504 റണ്‍സ് താരം നേടിയിട്ടുണ്ട്. ശരാശരി 35-നും സ്ട്രൈക്ക് റേറ്റ് 140-നും മുകളിലാണ്.

മുന്‍നിരയില്‍ സഞ്ജു എത്രത്തോളം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്ന് കണക്കുകള്‍ തെളിയിക്കുന്നു. പക്ഷേ, ഇന്ത്യന്‍ ടീമിലേക്ക് എത്തിയാല്‍ മൂന്നാം നമ്പർ സ്വപ്നം സഞ്ജുവിന് ഉപേക്ഷിക്കേണ്ടി വരും. കാരണം, ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ വിരാട് കോഹ്ലിയാണ് മൂന്നാം നമ്പറിലെ സ്ഥിരസാന്നിധ്യം.

നൂറുമേനിയില്‍ സഞ്ജുവിന് കൂടുതല്‍ കളം ഒരുങ്ങുമോ?
ക്യൂരിയസ് കേസ് ഓഫ് സഞ്ജു സാംസണ്‍

മുന്‍നിരയില്‍ സഞ്ജു എത്രത്തോളം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്ന് കണക്കുകള്‍ തെളിയിക്കുന്നു

സ്ഥാനങ്ങളും സാധ്യതയും

ഏകദിന ക്രിക്കറ്റ് ലോകകപ്പോടെ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പ് ഭാവിയിലെത്തരത്തിലാകുമെന്നതിന്റെ സൂചനകള്‍ വ്യക്തമായിരുന്നു. രോഹിത് ശർമ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എല്‍ രാഹുല്‍..ആദ്യ അഞ്ച് സ്ഥാനങ്ങള്‍ കുറഞ്ഞത് അടുത്ത രണ്ട് വർഷത്തേക്കെങ്കിലും ഇവരില്‍ ഭദ്രമാണ്. ആറ്, ഏഴ് സ്ഥാനങ്ങളില്‍ ഏറെക്കാലമായി ഓള്‍ റൗണ്ടർമാരെയാണ് ബിസിസിഐ പരീക്ഷിക്കുന്നത്. ഹാർദിക്ക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമാണ് മുന്നിലുള്ള ഓപ്ഷനുകളും.

മുതിർന്ന താരങ്ങളായ രോഹിതിനും കോഹ്ലിക്കുമുള്ള പകരക്കാരെ വളർത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ ഇതിനോടകം തന്നെ ബിസിസിഐ ആരംഭിച്ചുകഴിഞ്ഞു. റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, തിലക് വർമ, യശസ്വി ജയ്‌സ്വാള്‍ തുടങ്ങിയ ഒരുപിടി യുവതാരങ്ങളിലാണ് ബിസിസിഐ വിശ്വാസം അർപ്പിച്ചിരിക്കുന്നതെന്ന് അടുത്തിടെയായുള്ള ടീം പ്രഖ്യാപനങ്ങള്‍ വിലയിരുത്തിയാല്‍ വ്യക്തമാകും.

പ്രധാന താരങ്ങളുടെ അഭാവത്തിലായിരിക്കും സഞ്ജുവിന് അവസരമൊരുങ്ങുക എന്നതിലേക്കാണ് ഇത്തരം സൂചനകള്‍ വിരള്‍ ചൂണ്ടുന്നതും. ടീമിലെ സ്ഥിരസാന്നിധ്യമാകാന്‍ കഴിഞ്ഞേക്കും, പക്ഷേ അന്തിമ ഇലവനില്‍ സ്ഥാനമുറപ്പിക്കാന്‍ ശതകങ്ങളും അർധ ശതകങ്ങളും ഉള്‍പ്പെടുന്ന സ്ഥിരതയുടെ നീണ്ടകാലം ആവശ്യമായി വന്നേക്കാം.

logo
The Fourth
www.thefourthnews.in