പരമ്പര നേടാന്‍ വിന്‍ഡീസ്, ആദ്യം ബാറ്റ് ചെയ്യും; ഒപ്പമെത്താന്‍ ഇന്ത്യ

പരമ്പര നേടാന്‍ വിന്‍ഡീസ്, ആദ്യം ബാറ്റ് ചെയ്യും; ഒപ്പമെത്താന്‍ ഇന്ത്യ

കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയ അതേ ഇലവനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം മൂന്നു മാറ്റങ്ങളോടെയാണ് വിന്‍ഡീസിന്റെ വരവ്
Updated on
1 min read

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ ഒപ്പമെത്തി കിരീട സാധ്യത നിലനിര്‍ത്താന്‍ ഒരുങ്ങി ഇന്ത്യ. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നടക്കുന്ന നിര്‍ണായകമായ നാലാം ടി20 മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു. അഞ്ചു മത്സര പരമ്പരയില്‍ ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച അവര്‍ നിലവില്‍ 2-1 എന്ന നിലയില്‍ മുന്നിലാണ്.

അമേരിക്കന്‍ മണ്ണില്‍ ഇന്നു നടക്കുന്ന മത്സരം ജയിച്ച് പരമ്പരയില്‍ അനിഷേധ്യ ലീഡ് നേടാനാണ് വിന്‍ഡീസിന്റെ ശ്രമം. അതേസമയം തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കു ശേഷം മൂന്നാം ടി20യില്‍ തകര്‍പ്പന്‍ ജയത്തോടെ തിരിച്ചുവരവ് നേടിയ ഇന്ത്യക്ക് പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഇന്നും ജയം അനിവാര്യമാണ്.

കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയ അതേ ഇലവനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം മൂന്നു മാറ്റങ്ങളോടെയാണ് വിന്‍ഡീസിന്റെ വരവ്. ജേസണ്‍ ഹോള്‍ഡര്‍, ഒഡീന്‍ സ്മിത്ത്, ഷായ് ഹോപ് എന്നിവര്‍ തിരിച്ചെത്തിയപ്പോള്‍ ജോണ്‍സണ്‍ ചാള്‍സ്, റോഷ്ടണ്‍ ചേസ്, അല്‍സാരി ജോസഫ് എന്നിവര്‍ പുറത്തു പോയി.

ഫോമിലേക്ക് മടങ്ങിയെത്തിയ മധ്യനിര താരം സൂര്യകുമാര്‍ യാദവ്, തകര്‍പ്പന്‍ ഫോമിലുള്ള യുവതാരം തിലക് വര്‍മ എന്നിവരുടെ ബാറ്റിലാണ് ഇന്ത്യയുടെ പ്രതീക്ഷയത്രയും. ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്ന ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞദിവസം അരങ്ങേറ്റം കുറിച്ച് യശ്വസി ജയ്‌സ്വാളിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. താരം ഇന്ന് കാര്യമായ സംഭാവനകള്‍ ടോപ് ഓര്‍ഡറില്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇഷാന്‍ കിഷന്‍ ഇന്നും പുറത്തിരിക്കുന്ന സാഹചര്യത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ തന്നെയാണ് വിക്കറ്റിനു പിന്നില്‍. സ്പിന്നര്‍മാരായ യൂസ്‌വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ തകര്‍പ്പന്‍ ഫോമിലാണ്. ഇവര്‍ക്കൊപ്പം ഹര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍കൂടി ചേരുമ്പോള്‍ വിന്‍ഡീസിനെ കുറഞ്ഞ സ്‌കോറില്‍ എറിഞ്ഞിടാമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

logo
The Fourth
www.thefourthnews.in