വാലറ്റവും ബാറ്റെടുത്തു; ഇംഗ്ലണ്ടിനെതിരേ ഇന്ത്യ 445-ന്‌ പുറത്ത്

വാലറ്റവും ബാറ്റെടുത്തു; ഇംഗ്ലണ്ടിനെതിരേ ഇന്ത്യ 445-ന്‌ പുറത്ത്

എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജൂറല്‍-അശ്വിന്‍ സഖ്യം നേടിയ 77 റണ്‍സാണ് ടീമിനെ 400 കടത്തിയത്
Updated on
1 min read

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. രാജ്‌കോട്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ടാം ദിനമായ ഇന്ന് 445 റണ്‍സ് നേടി പുറത്തായി. തകര്‍പ്പന്‍ സെഞ്ചുറികളുമായി തിളങ്ങിയ നായകന്‍ രോഹിത് ശര്‍മ(131), ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ(112) എന്നിവരുടെയും അരങ്ങേറ്റം ഗംഭീരമാക്കിയ സര്‍ഫറാസ് ഖാന്‍(62), ധ്രൂവ് ജൂറല്‍(46) എന്നിവരുടെയും വാലറ്റതാരം രവിചന്ദ്രന്‍ അശ്വിന്റെയും(37) മികച്ച ബാറ്റിങ്ങാണ് ഇന്ത്യക്ക് കരുത്തായത്.

ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് അഞ്ചിന് 326 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ രണ്ടു വിക്കറ്റുകള്‍ നഷ്ടമായെങ്കിലും എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജൂറല്‍-അശ്വിന്‍ സഖ്യം ടീമിനെ തകര്‍ച്ചയിലേക്കു വീഴാതെ കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് നേടിയ 77 റണ്‍സാണ് ടീമിനെ 400 കടത്തിയത്. അശ്വിന്‍ 89 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെ 37 റണ്‍സ് നേടിയപ്പോള്‍ 104 പന്തുകളില്‍ നിന്ന് രണ്ട് ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതമാണ് 46 റണ്‍സ് നേടിയത്.

നൈറ്റ്‌വാച്ച്മാന്‍ കുല്‍ദീപ് യാദവിന്റെ(4) വിക്കറ്റാണ് ഇന്ന് ആദ്യം നഷ്ടമായത്. പിന്നീട് സെഞ്ചുറി നേടിയ ജഡേജയും ക്ഷണത്തില്‍ മടങ്ങിയതോടെ ഇന്ത്യ 400 കടക്കുമോയെന്നു സംശയമായി. 225 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 112 റണ്‍സ് നേടിയ ജഡേജയെ ജോ റൂട്ട് സ്വന്തം ബൗളിങ്ങില്‍ പിടികൂടുകയായിരുന്നു. പിന്നീടായിരുന്നു ജൂറല്‍-അശ്വിന്‍ സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനം.

ഇവര്‍ പുറത്തായ ശേഷം 30 റണ്‍സ് കൂട്ടിച്ചര്‍ത്ത ജസ്പ്രീത് ബുംറ(26)യും മുഹമ്മദ് സിറാജും(3) ചേര്‍ന്നാണ് ടീമിനെ 445-ല്‍ എത്തിച്ചത്. ഇംഗ്ലണ്ടിനു വേണ്ടി നാലു വിക്കറ്റ് വീഴ്ത്തിയ മാര്‍ക്ക് വുഡാണ് ബൗളിങ്ങില്‍ തിളങ്ങിയത്. റെഹാന്‍ അഹമ്മദ് രണ്ടും ജയിംസ് ആന്‍ഡേഴ്‌സണ്‍, ടോം ഹാര്‍ട്‌ലി, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

logo
The Fourth
www.thefourthnews.in