ആഷസ്: ഓസ്‌ട്രേലിയ നാലിന് 113, പിടിമുറുക്കി ഇംഗ്ലണ്ട്

ആഷസ്: ഓസ്‌ട്രേലിയ നാലിന് 113, പിടിമുറുക്കി ഇംഗ്ലണ്ട്

88 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെ 44 റണ്‍സുമായി മാര്‍നസ് ലബുഷെയ്‌നും ഒരു റണ്ണുമായി ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷുമാണ് ക്രീസില്‍
Updated on
1 min read

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇംഗ്ലണ്ടിന് മേല്‍കൈ. മാഞ്ചസ്റ്ററിലെ ഓള്‍ഡ്ട്രാഫോര്‍ഡില്‍ നടക്കുന്ന മത്സരത്തിന്റെ മൂന്നാം ദിനം സന്ദര്‍ശകര്‍ക്കെതിരേ 275 റണ്‍സിന്റെ ലീഡ് നേടിയ ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സില്‍ നാല് ഓസ്‌ട്രേലിയന്‍ വിക്കറ്റുകള്‍ പിഴുതാണ് മേല്‍കൈ നേടിയത്.

മൂന്നാം ദിനമായ ഇന്ന് കളിനിര്‍ത്തുമ്പോള്‍ തങ്ങളുടെ രണ്ടാമിന്നിങ്‌സില്‍ നാലിന് 113 എന്ന നിലയിലാണ് ഓസീസ്. 88 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെ 44 റണ്‍സുമായി മാര്‍നസ് ലബുഷെയ്‌നും ഒരു റണ്ണുമായി ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷുമാണ് ക്രീസില്‍.

275 എന്ന വലിയ കടവുമായി രണ്ടാമിന്നിങ്‌സിനിറങ്ങിയ ഓസീസിന്റെ തുടക്കം മികച്ചതായിരുന്നില്ല. സ്‌കോര്‍ബോര്‍ഡില്‍ 32 റണ്‍സ് എത്തിയപ്പോഴേക്കും ഫോമിലുള്ള ഓപ്പണര്‍ ഉസ്മാന്‍ ക്വാജ(18)യുടെ വിക്കറ്റ് അവര്‍ക്ക് നഷ്ടമായി. പിന്നീട് ഡേവിഡ് ബാര്‍ണറും ലബുഷെയ്‌നും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല.

ടീം സ്‌കോര്‍ 50 പിന്നിട്ടതിനു പിന്നാലെ 28 റണ്‍സ് നേടിയ വാര്‍ണറിനെ പുറത്താക്കി ക്രിസ് വോക്‌സ് പ്രഹരിച്ചു. തുടര്‍ന്ന് ക്രീസിലെത്തിയ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിനും പിടിച്ചു നില്‍ക്കാനായില്ല. 17 റണ്‍സ് നേടിയ സ്മിത്തിനെയും തൊട്ടുപിന്നാലെ ഒരു റണ്‍ നേടിയ ട്രാവിസ് ഹെഡിനെയും പുറത്താക്കി മാര്‍ക്ക് വുഡാണ് ഇംഗ്ലണ്ടിന് മേല്‍കൈ സമ്മാനിച്ചത്.

നേരത്തെ തങ്ങളുടെ ഒന്നാമിന്നിജ്‌സില്‍ 592 റണ്‍സ് അടിച്ചുകൂട്ടിയാണ് ഇംഗ്ലണ്ട് കൂറ്റന്‍ ലീഡ് സ്വന്തമാക്കിയത്. മൂന്നാം ദിനമായ ഇന്ന് അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ ജോണി ബെയര്‍സ്‌റ്റോ(99 നോട്ടൗട്ട്), മധ്യനിര താരം ഹാരി ബ്രൂക്ക്(61), നായകന്‍ ബെന്‍ സ്‌റ്റോക്‌സ്(51) എന്നിവരാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

നേരത്തെ ഓപ്പണര്‍ സാക് ക്രോളി(182 പന്തില്‍ 189)യുടെ തകര്‍പ്പന്‍ സെഞ്ചുറിയും മധ്യനര താരങ്ങളായ ജോ റൂട്ട്(95 പന്തില്‍ 84), മൊയീന്‍ അലി(82 പന്തില്‍ 54) എന്നിവരുടെ അര്‍ധസെഞ്ചുറികളുമാണ് ഇംഗ്ലണ്ടിന് മികച്ച അടിത്തറ സമ്മാനിച്ചത്. ഓസ്‌ട്രേലിയയ്ക്കു വേണ്ടി ജോഷ് ഹേസില്‍വുഡ് അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ടും പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും സ്വന്തമാക്കി.

logo
The Fourth
www.thefourthnews.in