'കീര്‍ത്തി' പേരിലൊതുക്കിയ ആസാദ്‌

'കീര്‍ത്തി' പേരിലൊതുക്കിയ ആസാദ്‌

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആക്രമണോത്സുക വലംകൈ ബാറ്റ്‌സ്മാനും ഓഫ്‌സ്പിന്നറുമായ ആസാദിന് 83 ലോകകപ്പില്‍ തന്റെ പ്രതിഭയ്‌ക്കൊത്ത്‌ തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.
Updated on
2 min read

വിശ്വ പ്രസിദ്ധമായ ലോര്‍ഡ്‌സിന്റെ ബാല്‍ക്കണില്‍ ടീം ഇന്ത്യ പ്രൗഡിയോടെ തല ഉയര്‍ത്തി നിന്ന ദിവസം, ക്രിക്കറ്റ് ലോകകപ്പ് ഉയര്‍ത്തുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി കപില്‍ ദേവ്. 1983 ജൂണ്‍ 25ന് ഒട്ടേറെ വിശേഷണങ്ങളുണ്ട് ഇന്ത്യന്‍ ആരാധകരുടെ മനസില്‍. ആ വിജയത്തിന്റെ കീര്‍ത്തിക്കപ്പുറം പേരിലെ കീര്‍ത്തി ജീവിതത്തില്‍ സ്വന്തമാക്കാന്‍ കഴിയാതെ പോയ ഒരാളുണ്ട് കപിലിന്റെ 'ചെകുത്താന്‍ കൂട്ടത്തില്‍'. സ്വാതന്ത്ര സമര സേനാനിയും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ഭഗവത് ഝാ ആസാദിന്റെ മകന്‍ കീര്‍ത്തിവര്‍ദ്ധന്‍ ഭഗവത് ഝാ കീര്‍ത്തി ആസാദ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആക്രമണോത്സുക വലംകൈ ബാറ്റ്‌സ്മാനും ഓഫ്‌സ്പിന്നറുമായ ആസാദിന് 83 ലോകകപ്പില്‍ തന്റെ പ്രതിഭയ്‌ക്കൊത്ത്‌ തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന് ഒരു വിക്കറ്റ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിലായിരുന്നു അത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഫൈനലിലും കാര്യമായ സംഭാവന അദ്ദേഹത്തിന്റെ പക്കല്‍ നിന്ന് ഉണ്ടായില്ല. മധ്യനിരയില്‍ ബാറ്റിങ്ങിനിറങ്ങിയ താരം സംപൂജ്യനായി പുറത്താകുകയായിരുന്നു. എന്നാല്‍ നിര്‍ണായക മൂന്ന് ഓവര്‍ എറിഞ്ഞ് ഏഴ് റണ്‍സ് മാത്രം വഴങ്ങി ആസാദും ചരിത്രത്തിന്റെ ഭാഗമായി.

home

1976-77ലെ കൂച്ച് ബിഹാര്‍ ട്രോഫി സെമിഫൈനലില്‍ ദക്ഷിണമേഖലയ്‌ക്കെതിരേ145 റണ്‍സ് നേടിയാണ് ദേശീയ തലത്തില്‍ ശ്രദ്ധപിടിച്ചുപറ്റിയത്. പിന്നീട്‌ സികെ നായിഡു ട്രോഫിയില്‍ സെഞ്ച്വറി നേടിയ അദ്ദേഹം താമസിയാതെ തന്നെ ഡല്‍ഹി രഞ്ജി ക്രിക്കറ്റ് ടീമിലെത്തി. ആസാദിന്റെ അരങ്ങേറ്റ സീസണായ 1976-77ലാണ് ഡല്‍ഹി ആദ്യമായി രഞ്ജി ഫൈനലില്‍ എത്തുന്നത്. രണ്ട് സീസണുകള്‍ക്ക് ശേഷം അവര്‍ കിരീടം ഉയര്‍ത്തി.

1980 മുതല്‍ 1986 വരെ വളരെ ചെറിയ കാലഘട്ടം മാത്രമാണ് അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. വെല്ലിങ്ടണ്ണില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. മെല്‍ബണില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. 1981 ല്‍ ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയില്‍ അദ്ദേഹം സ്ഥാനം നിലനിര്‍ത്തിയെങ്കിലും പിന്നീട് കരിയറില്‍ വലിയൊരു ഇടവേള എടുക്കേണ്ടി വന്നു. രണ്ട് വര്‍ഷത്തോളം ടീമിന് പുറത്ത് ചിലവഴിച്ച ശേഷമാണ് അദ്ദേഹത്തെ ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുത്തത്.

ആറ് വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ ആസാദ് ഏഴ് ടെസ്റ്റ് മത്സരങ്ങളും 25 ഏകദിനങ്ങളും കളിച്ചു. ഏകദിനത്തില്‍ 269 ഉം, ടെസ്റ്റില്‍ 135 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 10 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. രഞ്ജി ട്രോഫിയില്‍ മാത്രം 46.81 ശരാശരിയില്‍ 4,869 റണ്‍സും 29.03 ശരാശരിയില്‍ 162 വിക്കറ്റുമാണ് അദ്ദേഹം നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും അന്താരാഷ്ട്ര തലത്തില്‍ അദ്ദേഹത്തിന് വലിയ അവസരങ്ങളൊന്നും ലഭിക്കാതെ പോയി. അന്താരാഷ്ട്ര കരിയര്‍ മങ്ങിയതോടെ അദ്ദേഹം 86 ല്‍ വിരമിച്ചു. 1986 ല്‍ പാകിസ്ഥാനെതിരെ ഷാര്‍ജയില്‍ ആണ് അവസാന മത്സരം കളിച്ചത്. പിന്നീട് പതുക്കെ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി. ഡല്‍ഹിക്കു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും അധികം നാള്‍ അത് തുടരാനായില്ല. വൈകാതെ 33ാം വയസ്സില്‍ അദ്ദേഹം തന്റെ ക്രിക്കറ്റ് കരിയറിന് തിരശ്ശീലയിട്ടു.

'കീര്‍ത്തി' പേരിലൊതുക്കിയ ആസാദ്‌
യശ്പാല്‍ ശര്‍മ; ടീം ഇന്ത്യയുടെ 'ക്രൈസിസ് മാന്‍', 83-ലെ വാഴ്ത്തപ്പെടാത്ത പോരാളി

കീര്‍ത്തി ആസാദിന്റെ അടുത്ത ചുവടുവയ്പ്പ് രാഷ്ട്രീയത്തിലേക്കായിരുന്നു. അച്ഛന്റെ വഴി പിന്തുടര്‍ന്ന് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം 1993ല്‍, ബീഹാറിലെ ദര്‍ഭംഗയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1999-ലും 2009-ലും അദ്ദേഹം ലോക്‌സഭാംഗമായി. 2015 ഡിസംബര്‍ 23-ന് ഡല്‍ഹി ക്രിക്കറ്റ് ബോഡി ഡല്‍ഹിയിലും ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലും നടന്ന ക്രമക്കേടുകളും അഴിമതിയും ആരോപിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ പരസ്യമായി അപമാനിച്ചതിന് അദ്ദേഹത്തെ ബിജെപിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

26 വര്‍ഷത്തെ ബിജെപി രാഷ്ട്രീയത്തില്‍ നിന്ന് വിടപറഞ്ഞ അദ്ദേഹം 2019 ല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. കീര്‍ത്തി ആസാദിന്റെ സാന്നിധ്യം ബിഹാറില്‍ കോണ്‍ഗ്രസിന് വലിയ നേട്ടമാകും എന്ന് വിലയിരുത്തിയിരുന്നുവെങ്കിലും പാര്‍ട്ടിക്ക് കാര്യമായ നേട്ടമുണ്ടായില്ല എന്ന് പിന്നീട് നടന്ന തിരഞ്ഞെടുപ്പുകള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസില്‍ തിളങ്ങാന്‍ കഴിയാതെ പോയതോടെ അദ്ദേഹം 2021 ല്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കളം മാറ്റി ചവിട്ടുകയായിരുന്നു.

logo
The Fourth
www.thefourthnews.in