''ആ സിക്‌സറുകളാണ് എൻ്റെ കരിയർ മാറ്റിമറിച്ചത്''- വിരമിക്കല്‍ പ്രഖ്യാപനത്തിനിടെ യുവ്‌രാജിനെ ഓര്‍മിച്ച് ബ്രോഡ്
2007 ലെ ലോകകപ്പില്‍ ഡര്‍ബനിലെ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവ്‌രാജ് സിങ് തുടര്‍ച്ചയായി അടിച്ച ആറ് സിക്‌സുകള്‍ ആരും മറക്കാനിടയില്ല. ഇംഗ്ലണ്ട് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡായിരുന്നു ആ വന്യമായ ആക്രമണത്തിന്റെ 'ഇര'യായത്. യുവരാജ് അടിച്ച ആ സിക്‌സറുകളുടെ പേരിലാകും ഇനി ബ്രോഡ് എക്കാലവും അറിയപ്പെടുക എന്ന് അന്ന് പലരും വിധിയെഴുതിയിരുന്നു. എന്നാല്‍ ആ വിലയിരുത്തലുകളെയും മുന്‍വിധികളെയും തിരുത്തിയെഴുതുകയായിരുന്നു ബ്രോഡ് പിന്നീടിങ്ങോട്ട്. ''ഒരിക്കലും പരാജയപ്പെടാതിരിക്കുന്നതിലല്ല നമ്മുടെ ഏറ്റവും വലിയ മഹത്വം , മറിച്ച് പരാജയത്തില്‍ നിന്ന് ഉയര്‍ന്നു വരുമ്പോഴാണ്'' എന്ന ചൈനീസ് തത്വചിന്തകന്‍ കണ്‍ഫ്യൂഷ്യസിന്റെ വാക്കുകളെ അന്വര്‍ഥമാക്കുന്ന വിധത്തിലായിരുന്നു ബ്രോഡിന്റെ കരിയര്‍.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡര്‍ബനില്‍ ആഞ്ഞടിച്ച യുവി കൊടുങ്കാറ്റില്‍ വീണു പോകാതെ പാഠങ്ങള്‍ പഠിച്ച് മുന്നേറി, ഇന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളറായി മാറി സ്റ്റുവര്‍ട്ട് ക്രിസ്റ്റഫര്‍ ജോണ്‍ ബ്രോഡ് എന്ന അന്നത്തെ ഇരുപത്തിരണ്ടുകാരന്‍. ഓവലില്‍ നടക്കുന്ന അഞ്ചാം ആഷസ് ടെസ്റ്റിന് ശേഷം പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് കഴിഞ്ഞ ദിവസം ബ്രോഡ് പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ കരിയറിന് വിരാമമിടാനിരിക്കെ യുവരാജിന്റെ ആറ് സിക്‌സറുകള്‍ക്ക് ശേഷമുള്ള തന്റെ മാറ്റത്തെക്കുറിച്ച് ബ്രോഡ് തുറന്നു പറഞ്ഞു.
'' അതൊരു മോശപ്പെട്ട ദിവസമായിരുന്നു, ആ സമയത്ത് ഒരു രാജ്യാന്തര താരമെന്ന നിലയില്‍ ഞാന്‍ തീരെ പുറകിലായിരുന്നു. എന്നാല്‍ ആ ദുരനുഭവത്തിനു ശേഷം ഞാന്‍ എന്റെ മാനസികനിലയിലും ദിനചര്യകളിലുമെല്ലാം ഒരുപാട് മാറ്റം വരുത്തി. ഞാന് സ്വയം വിലയിരുത്തുകയായിരുന്നു. അതുവരെ ഒന്നിലും കൃത്യമായി ഞാന്‍ ശ്രദ്ധകൊടുത്തിരുന്നില്ല. അതിനുശേഷമാണ് ക്രിക്കറ്റിനെ ഗൗരവമായി കണ്ടതും പൊരുതാന്‍ ആരംഭിച്ചതും'' അദ്ദേഹം വ്യക്തമാക്കി.
''അന്ന് അങ്ങനെയൊന്നും സംഭവിക്കാതരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. അതൊരു നിര്‍ണായകമല്ലാത്ത മത്സരം ആയത് ഭാഗ്യമാണ്. അതിനാല്‍ ഞാന്‍ കാരണം ടീം ലോകകപ്പില്‍ നിന്ന് പുറത്തായി എന്നൊരു തോന്നലുണ്ടായില്ല. പക്ഷേ എന്നെ ഒരു മികച്ച എതിരാളിയാക്കി വളര്‍ത്തിയെടുക്കാന്‍ ആ മത്സരം എന്നെ ഒരുപാട് സഹായിച്ചു മാത്രമല്ല അവിടെ നിന്ന് ഞാന്‍ ഒരുപാട് മുന്നോട്ടേക്ക് വന്നു''-ബ്രോഡ് കൂട്ടിച്ചേര്‍ത്തു.
ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരില്‍ അഞ്ചാമനാണ് ബ്രോഡ്
'' നിങ്ങളുടെ ജീവിതത്തില്‍ തീര്‍ച്ചയായും ഉയര്‍ച്ച താഴ്ച്ചകളുണ്ടാകും. കഴിഞ്ഞ 15-16 വര്‍ഷത്തെ കരിയറില്‍ എനിക്ക് നല്ല ദിവസങ്ങളേക്കാള്‍ കൂടുതല്‍ ചീത്ത ദിനങ്ങള്‍ ഉണ്ട്. അതിനാല്‍ നിങ്ങലുടെ നല്ല ദിനങ്ങള്‍ മികച്ചതാക്കാന്‍ മറ്റുള്ളവയെയെല്ലാം തരണം ചെയ്യാന്‍ സാധിക്കണം'' ബ്രോഡ് പറയുന്നു. 167 മത്സരങ്ങള്‍ കളിച്ച ബ്രോഡ് 602 ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരില്‍ അഞ്ചാമനാണ് ബ്രോഡ്.
അദ്ദേഹം ഒരു എക്‌സ്‌പ്രെസ് പേസര്‍ ആയിരുന്നില്ല, എങ്കിലും ബൗണ്‍സും ലേറ്റ് മൂവ്‌മെന്റും സൃഷ്ടിച്ച് അദ്ദേഹം തന്റെ തലമുറയിലെ ബാറ്റ്‌സ്മാന്‍മാരെ എപ്പോഴും വിഷമിപ്പിച്ചു കൊണ്ടിരുന്നു. എന്നാല്‍ അന്ന് ഡര്‍ബനില്‍ യുവരാജിനെ പിടിച്ചുകെട്ടാന്‍ അദ്ദേഹത്തിന് കഴിയാതെ പോയി. വര്‍ഷങ്ങള്‍ക്കിപ്പുറം ബ്രോഡിനെ ക്രിക്കറ്റ് ലോകം അറിയപ്പെടുന്നത് ഡര്‍ബനിലെ യുവരാജിന്റെ സിക്‌സറുകളുടെ പേരിലല്ല. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബൗളറായാണ് അദ്ദേഹം തന്റെ ക്രിക്കറ്റ് കരിയറിന് വിരാമമിടുന്നത്.