ആളൊഴിഞ്ഞ സ്റ്റേഡിയം, അമ്പതോവര്‍ മരിക്കുന്നുവോ? ആശങ്ക പങ്കുവച്ച് യുവി
കാര്യവട്ടത്തെ മത്സരത്തിന് സ്റ്റേഡിയത്തിലെ ഒഴിഞ്ഞ കസേരകളിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. വിരാട് കോഹ്ലിയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും മനോഹര ഇന്നിങ്‌സ് കണ്ട മത്സരത്തിൽ സ്റ്റേഡിയം കപ്പാസിറ്റിയുടെ പകുതി സീറ്റുകളും കാലി ആയിരുന്നു. മത്സരം തുടങ്ങി ആദ്യ ഇന്നിങ്‌സ് അവസാനിക്കുന്നതിന് മുൻപായിരുന്നു താരത്തിന്റെ ആശങ്ക അടങ്ങുന്ന ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.
"മികച്ച കളി ശുഭ്മാന്‍ ഗിൽ സെഞ്ചുറി നേടുമെന്ന് പ്രതീക്ഷിക്കുന്നു, മറുവശത്ത് കോഹ്‌ലിയും ഉറച്ചുനിന്ന് കളിക്കുന്നു. പക്ഷെ എന്റെ ആശങ്ക സ്റ്റേഡിയത്തിലെ ഒഴിഞ്ഞ സീറ്റുകളിലാണ്, ഏകദിന ക്രിക്കറ്റ് മരിക്കുകയാണോ" യുവരാജ് സിങ് കുറിച്ചു.
ക്രിക്കറ്റ് ജ്വരത്തില്‍ നിന്ന് അകന്നുമാറി നടന്നു ശീലമില്ലാത്ത മലയാളി ആരാധകാരാണ് ഒരു ഇടവേളക്ക് ശേഷം കേരളത്തില്‍ വിരുന്നെത്തിയ ഏകദിന മത്സരത്തിൽ നിന്നും വിട്ട് നിന്നത്. മുന്‍കാലങ്ങളില്‍ ഇവിടെ നടന്ന മത്സരങ്ങളുടെ ടിക്കറ്റുകള്‍ വില്‍പ്പന ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വിറ്റുതീർന്നിടത്താണ് ഇത്തവണ ഇങ്ങനൊരു ദുരവസ്ഥ. യുവരാജ് സിങ് കരുതുന്നത് പോലെ ഇത് ഏകദിന ക്രിക്കറ്റിന്റെ മരണമായി കാണാൻ സാധിക്കില്ല. പകരം കാര്യവട്ടം ഏകദിനവുമായി ബന്ധപ്പെട്ട് ടിക്കറ്റ് നിരക്കിൽ ചുമത്തിയ വിനോദ നികുതിയുടെ ഭാരവും അതിനെതിരെ ചോദ്യങ്ങൾ ഉയർന്നപ്പോൾ വന്ന മന്ത്രിയുടെ 'പട്ടിണിപ്പാവം' പ്രതികരണവുമാണ് ഇത്തരം ഒരു അവസ്ഥയിലേക്ക് എത്തിച്ചതിന് കാരണം.
ഇതിന് മുൻപ് കാര്യവട്ടത്ത മത്സരം സംഘടിപ്പിച്ചപ്പോൾ ബാറ്റിംഗ് പൂരം പ്രതീക്ഷിച്ചെത്തിയ ആരാധകർക്ക് തിരിച്ചടി ആയിരുന്നു ഫലം. അതിന്റെ നിരാശ ഒരുപരിധി വരെ ഇന്നത്തെ മത്സരത്തെ ബാധിച്ചിട്ടുണ്ട്. ഇതിന് പുറമെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര നേടിയ ഇന്ത്യക്ക് ഇന്നത്തെ മത്സരം ഒട്ടും നിർണായകമായിരുന്നില്ല. വേണ്ടത്ര വീറും വാശിയും സമ്മാനിക്കുന്നതിൽ മത്സരത്തിന് സാധിക്കില്ല എന്ന ആളുകളുടെ കണക്ക് കൂട്ടലുകളും ഗാലറിയിലേക്ക് ആളെ എത്തിക്കുന്നത് കുറയ്ക്കാൻ കാരണമായി.
ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഏതെങ്കിലും മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടത്താനുള്ള ശ്രമത്തിലായിരുന്നു കെ.സി.എ. ടിക്കറ്റ് വരുമാനം ഗണ്യമായി ലഭിക്കുന്ന ഉത്തരേന്ത്യന്‍ വേദികള്‍ ഒഴിവാക്കി കേരളത്തില്‍ മത്സരം നടത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ബി.സി.സി.ഐ. എത്തിയാല്‍ അത് കേരളാ ക്രിക്കറ്റിനും ആരാധകര്‍ക്കും വലിയ നഷ്ട്ടമാകും.