'എട്ടുവര്‍ഷം അവര്‍ക്കായി കളിച്ചു, എന്നിട്ടും കറിവേപ്പില പോലെ എടുത്തുകളഞ്ഞു'; ആര്‍.സി.ബിക്കെതിരേ തുറന്നടിച്ച് ചഹാല്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ക്ലബ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ ഗുരുതര ആരോപണങ്ങളുമായി മുന്‍ താരം യൂസ്‌വേന്ദ്ര ചഹാല്‍. 2022ലെ ഐപിഎൽ ലേലത്തിൽ ടീം തന്നെ സ്വന്തമാക്കുമെന്ന് പറഞ്ഞെങ്കിലും അവസാന നിമിഷം കൈവിടുകയായിരുന്നുവെന്നും എന്നാല്‍ ആ തീരുമാനം തന്നെ അറിയിക്കാനുള്ള മാന്യത പോലും മാനേജ്‌മെന്റ് കാട്ടിയില്ലെന്നും ചഹാല്‍ കുറ്റപ്പെടുത്തി. ഉയർന്ന തുക പ്രതിഫലമായി ആവശ്യപ്പെട്ടതിനാലാണ് ആർസിബി തന്നെ കൈവിട്ടതെന്ന് ആളുകൾ പ്രചാരണം നടത്തിയതും ഏറ്റവും വേദനിപ്പിച്ചതായി ചഹാല്‍ വ്യക്തമാക്കി.
"ഞാൻ കരിയർ ആരംഭിച്ചത് ആർസിബിയിലൂടെയാണ്. എട്ടു വർഷമാണ് ഞാൻ അവർക്ക് വേണ്ടി കളിച്ചത്. ആർസിബി എനിക്ക് കുടുംബം പോലെയായിരുന്നു. ഞാൻ വലിയ തുക ആവശ്യപ്പെട്ടത് കൊണ്ടാണ് എന്നെ ടീമിൽ തിരികെ എടുക്കാത്തത് എന്നൊക്കെ പലരും അപവാദങ്ങൾ പ്രചരിപ്പിച്ചു. എന്നാൽ അത്തരത്തിൽ ഒരു സംഭവവും നടന്നിട്ടില്ല. കാരണം ക്രിക്കറ്റിലെ എന്റെ യോഗ്യതയും അതിനു അനുസരിച്ചു അർഹിക്കുന്ന തുകയും എത്രയാണെന്ന് എനിക്ക് ഒരു ധാരണയുണ്ട്", രൺവീർ അലാബാദിയയുടെ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ചഹാല്‍ വ്യക്തമാക്കി.
"ലേലത്തിൽ ഒന്നും പ്രവചിക്കാൻ കഴിയില്ലെന്ന് എനിക്ക് അറിയാം. എന്നാലും ആർസിബി എന്നെ സമീപിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷെ എനിക്കേറ്റവും വിഷമം തോന്നിയത് അവർ എനിക്കൊരു ഫോൺ കോൾ പോലും ചെയ്യാതെ ഇരുന്നപ്പോഴാണ്. കുറഞ്ഞ പക്ഷം അവർ എന്നോട് സംസാരിക്കുമെന്നെങ്കിലും ഞാൻ കരുതിയിരുന്നു", താരം പറഞ്ഞു.
മുംബൈ ഇന്ത്യൻസിലൂടെ 2011 ലാണ് യുസ്‌വേന്ദ്ര ചഹാല്‍ ഐപിഎല്ലിൽ എത്തിയത്. നിലവിൽ രാജസ്ഥാൻ റോയൽസ് അംഗമാണെങ്കിലും ആർസിബിയിലൂടെയാണ് ചഹാല്‍ പ്രശസ്തി നേടിയത്. 2014ലാണ് ചഹാല്‍ ആർസിബിയിൽ ഇടം നേടുന്നത്. നീണ്ട എട്ടു വർഷത്തോളം ആർസിബിയിൽ തുടർന്നു 114 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ആർസിബിയുടെ മിക്ക വിജയങ്ങളിലും ചഹാല്‍ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. 2014 ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസിനെതിരായ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയിരുന്നു.