ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ബാവ്മ; അമ്പരപ്പിച്ചുവെന്നു രോഹിത്
ഗ്രീന്‍ഫീല്‍ഡിലെ പിച്ച് ഇത്ര തീപാറുന്നതായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവ്മയും. ഇന്നു മത്സരശേഷം സംസാരിക്കവെയാണ് ഇരുനായകന്മാരും പിച്ചിനെക്കുറിച്ച് അമ്പരപ്പ് പ്രകടിപ്പിച്ചത്. ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയത്.
ഇന്ത്യന്‍ ടീം എത്തുന്നതിനും മുമ്പേ ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം ആരംഭിച്ചതാണ് ദക്ഷിണാഫ്രിക്ക. രണ്ടു ദിവസം ഇവിടെ പരിശീലനം നടത്തിയ തങ്ങള്‍ ഈ പിച്ചില്‍ ബൗളര്‍മാര്‍ക്ക് സഹായം ലഭിക്കുമെന്നു മനസിലാക്കിയിരുന്നെന്നും എന്നാല്‍ ഇത്രത്തോളം സഹായം പ്രതീക്ഷിച്ചിരുന്നില്ലെന്നും ബാവ്മ പറഞ്ഞു.
''രണ്ടു ദിനം ഈ പിച്ച് കണ്ട് പരിചയിച്ചതാണ്. ഇതില്‍ എന്തോ ഉണ്ടെന്നും ബൗളര്‍മാര്‍ക്ക് ആഹ്‌ളാദം പകരുമെനനും അറിയാമായിരുന്നു. അതിനാല്‍ത്തന്നെ ടോസ് കിട്ടിയാല്‍ ബൗളിങ് തെരഞ്ഞെടുക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ പിച്ച് ഇത്രകണ്ട് ബൗളര്‍മാരെ തുണയ്ക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല.''- ബാവ്മ പറഞ്ഞു.
ബാറ്റിങ് നിര പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ബൗളര്‍മാര്‍ക്ക് പ്രതിരോധിക്കാന്‍ മികച്ച സ്‌കോര്‍ സമ്മാനിക്കാതെ അവരില്‍ വിശ്വാസം അര്‍പ്പിച്ചിട്ടു കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാവ്മയ്ക്കു ശേഷം സംസാരിച്ച ഇന്ത്യന്‍ നായകന്‍ രോഹിതിനും സമാന അഭിപ്രായം തന്നെയായിരുന്നു. ''പിച്ചില്‍ ബൗളര്‍മാരെ സഹായിക്കുന്ന സ്വഭാവം ഒളിഞ്ഞിരുപ്പുണ്ടെന്ന് അറിയാമായിരുന്നു. എന്നാല്‍ അത് ഞങ്ങള്‍ എറിഞ്ഞ 20 ഓവറും നീണ്ടുനില്‍ക്കുന്നതായിരക്കുമെന്നു പ്രതീക്ഷിച്ചില്ല. പിച്ചില്‍ പന്ത് ബൗണ്‍സ് ചെയ്തുയരാന്‍ സമയമെടുക്കുന്നുണ്ടായിരുന്നു. കൂടാതെ നനവുമുണ്ടായിരുന്നു. ഡേ നൈറ്റ് മത്സരമായതിനാല്‍ അത് മാറിയതുമില്ല. മത്സരം മുഴുവന്‍ ആ സ്വഭാവം കാട്ടി''- രോഹിത് പറഞ്ഞു.
ഗ്രീന്‍ഫീല്‍ഡില്‍ ഇതിനു മുമ്പു നടന്ന മത്സരങ്ങളും ലോ സ്‌കോറിങ് ആയിരുന്നു. ഇതോടെ ഈ പിച്ച് വിമര്‍ശന വിധേയമാകുമെന്ന് തീര്‍ച്ചയായി. ട്വന്റി 20 ക്രിക്കറ്റിന് ഇത്തരത്തിലുള്ള പിച്ച് ഒരിക്കലും സഹായകരമാകില്ലെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.