ക്രിസ്റ്റിയാനോ റൊണാള്‍ഡോ
ക്രിസ്റ്റിയാനോ റൊണാള്‍ഡോ

മൗനം വെടിഞ്ഞ് റോണോ: സൗദി ക്ലബ്ബിലേക്കില്ല

ലോകകപ്പില്‍ പോര്‍ച്ചുഗലിനെ മുന്നോട്ട് നയിക്കാന്‍ ആഗ്രഹിച്ച ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഇവിടെയും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്
Updated on
2 min read

സൗദി ക്ലബ്ബ് അല്‍ നാസറിലേക്ക് ചേക്കേറുന്നു എന്ന പ്രചാരങ്ങളില്‍ മൗനം വെടിഞ്ഞ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. അല്‍ നാസറില്‍ നിന്ന് പ്രതിവര്‍ഷം 200 ദശലക്ഷം യൂറോ ഓഫര്‍ വന്നു എന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അല്‍ നാസറുമായി കരാറില്‍ എത്തി എന്ന വാര്‍ത്ത താരം നിഷേധിച്ചു. കരാര്‍ അവസാനിപ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട റൊണാള്‍ഡോ മാത്രമാണ് ഖത്തര്‍ ലോകകപ്പ് പോര്‍ച്ചുുഗല്‍ ടീമിലെ ക്ലബ്ബ് ഇല്ലാത്ത ഏക കളിക്കാരന്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ചിനെതിരെയും ടീമിനെതിരെയും വിവാദ പരാമര്‍ശങ്ങളുമായി റൊണാള്‍ഡോ രംഗത്തു വന്നിരുന്നു.ഇത് വലിയ തരത്തിലുള്ള വാഗ്വാദങ്ങളിലേക്ക് വഴി തെളിക്കുകയും ശേഷം പരസ്പര ധാരണയിലൂടെ താരത്തിന്റെ കരാര്‍ റദ്ദാക്കുകയുമായിരുന്നു എന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വ്യക്തമാക്കിയിരുന്നു.

കുറച്ച് മാസങ്ങളായി റൊണാള്‍ഡോയ്ക്ക് പ്രതിസന്ധികളുടെ കാലഘട്ടമാണ്. 2003 ല്‍ ആദ്യമായി ഇംഗ്ലീഷ് പ്രിമിയര്‍ലീഗ് ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഒപ്പുവെച്ചതാരം പിന്നീട് റയല്‍ മാഡ്രിനും യുവന്റസിനും ശേഷം വീണ്ടും തന്നെ വളര്‍ത്തിയ ടീമിലേക്ക് തന്നെ തിരിച്ചെത്തിയത് 2021 ലാണ്. ആ സീസണില്‍ യുണൈറ്റഡിനു വേണ്ടി മോശമല്ലാത്ത പ്രകടനം കാഴ്ച്ച വച്ചെങ്കിലും പതിയെ റൊണാള്‍ഡോയും ടീമുമായുള്ള അകല്‍ച്ച വര്‍ദ്ധിക്കുകയും പുറംലോകത്തേക്ക് വ്യാപിക്കാനും തുടങ്ങി. 2022 ല്‍ ടീമുമായുള്ള അതൃപ്തി പരസ്യമായി തന്നെ പ്രകടിപ്പിക്കാന്‍ തുടങ്ങിയ ക്രിസ്റ്റിയാനോയ്ക്ക് ആ സീസണിലെ പല മത്സരങ്ങളും നഷ്ടമായി. പരിശീലകന്‍ എറിക് ടെന്‍ഹാഗിനെയും ക്ലബിനെയും രൂക്ഷമായി വിമര്‍ശിച്ച് റൊണാള്‍ഡോ മുന്നോട്ട് വന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ അദ്ദേഹത്തിന്റെ നിലനില്‍പ്പ് കൂടുതല്‍ വഷളാക്കി. അനുമതിയില്ലാതെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ക്ലബ് തന്നെ വഞ്ചിക്കുകയാണ് എന്ന തരത്തിലുള്ള ഗുരുതര ആരോപണം താരം ഉയര്‍ത്തിയത്. ഇതോടെ പുറത്തേക്കുള്ള വഴി തുറന്നു.

വന്‍ പ്രതീക്ഷയോടെ ക്രിസ്റ്റിയാനോയെ ടീമില്‍ കൊണ്ടു വന്നെങ്കിലും വലിയ ഗുണമൊന്നുമുണ്ടായില്ലെന്ന് പറയാം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നായകനായി ക്രിസ്റ്റിയാനോ അവസാനമായി ഇറങ്ങിയത് ആസ്റ്റണ്‍വില്ലയ്‌ക്കെതിരെയുള്ള മാച്ചിലായിരുന്നു. എന്നാല്‍ ക്രിസ്റ്റിയാനോയുടെ ടീമിന് പരാജയമായിരുന്നു ഫലം. ഒക്ടോബറില്‍ ടോട്ടനത്തിനെതിരായ മാച്ചില്‍ പകരക്കാരനായി ഇറങ്ങാന്‍ റോണോ വിസമ്മതിച്ചതോടെ ചെല്‍സിക്കെതിരായ മത്സരത്തില്‍ പരിശീലകന്‍ ടെന്‍ഹാഗ് റോണോയെ പരിഗണിച്ചിരുന്നില്ല. ഇതെല്ലാം കരാര്‍ റദ്ദാക്കുന്നതിനുള്ള കാരണമാണ്.

ലോകകപ്പില്‍ പോര്‍ച്ചുഗലിനെ മുന്നോട്ട് നയിക്കാന്‍ ആഗ്രഹിച്ച റൊണാള്‍ഡോയ്ക്ക് ഇവിടെയും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. റൊണാള്‍ഡോയുടെ ചുമലില്‍ ലോകകപ്പ് പ്രതീക്ഷകള്‍ സമര്‍പ്പിച്ച ആരാധകര്‍ക്ക് അദ്ദേഹമില്ലാതെ മികച്ച പ്രകടനം നടത്തുന്ന പോര്‍ച്ചുഗലിനെയാണ് കാണാന്‍ സാധിച്ചത്. ലോകകപ്പിലും വിവാദങ്ങള്‍ റോണോയെ വിടാതെ പിന്‍തുടരുകയാണ്. ഉറുഗ്വേയ്ക്ക് എതിരായ മത്സരത്തിലെ ഗോള്‍ വിവാദവും, ദക്ഷിണകൊറിയക്കെതിരായ മത്സരത്തില്‍ എതിര്‍ ടീമിലെ താരത്തോട് അപമര്യാദയായി പെരുമാറിയതും ഫോമില്ലായ്മയും ഗോള്‍ സ്‌കോറിങ്ങില്‍ ഉണ്ടായ തളര്‍ച്ചയുമൊക്കെ താരത്തിന്റെ ലോകകപ്പ് യാത്രയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

സ്വിറ്റസര്‍ലാന്റിനെതിരായ പോര്‍ച്ചുഗലിന്റെ ആദ്യ നോക്കൗട്ട് മത്സരത്തില്‍ ആദ്യ പതിനൊന്നില്‍ റൊണാള്‍ഡോയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ആ മത്സരത്തില്‍ റോണോയുടെ പകരക്കാരനായി കയറിയ ഗോണ്‍സാലോ റാമോസ് ഹാട്രിക്കോടെ ടീമിനെ ജയത്തിലേക്ക് നയിച്ചു. ഇതോടെ മൊറോക്കോയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ റൊണാള്‍ഡോയുടെ ആദ്യ 11 ലെ സ്ഥാനം ആശങ്കയിലാണ്. ലോകകപ്പിലും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാന്‍ കഴിയാതെ വരുന്നത് ഇതിനുശേഷം ഒരു പുതിയ ക്ലബ്ബിനെ കണ്ടെത്തുന്നതില്‍ താരത്തിന് ബുദ്ധിമുട്ടുണ്ടാക്കും.

logo
The Fourth
www.thefourthnews.in