മെസിക്ക് ജയ് വിളിച്ച ആരാധകരോട് അശ്ലീല ആംഗ്യം, ക്രിസ്റ്റ്യാനോയ്ക്ക് വിലക്കും പിഴയും
ആരാധകരോട് മോശമായി പെരുമാറിയന്ന ആരോപണത്തില്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിലക്കും പിഴയും. സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ എത്തിക്‌സ് കമ്മിറ്റിയുടേതാണ് നടപടി. സൗദി ഫുട്‌ബോള്‍ പ്രോ ലീഗിലെ അല്‍-നസര്‍ അല്‍ഷബാബ് മത്സരത്തിനിടെയിലെ താരത്തിന്റെ പെരുമാറ്റമാണ് നടപടി ക്ഷണിച്ചുവരുത്തിയത്.
അല്‍ ഷബാബിന് എതിരായ മത്സരത്തില്‍ അല്‍ നസര്‍ 3-2 ന്റെ ജയം നേടിയതിന് പിന്നാലെ ആയിരുന്നു സംഭവങ്ങള്‍
അല്‍ നസര്‍ ക്ലബ് താരമായ റൊണാള്‍ഡോയ്ക്ക് ലീഗിലെ ഒരു കളിയിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം 10000 സൗദി റിയാല്‍ പിഴയും ക്രിസ്റ്റ്യാനോയ്ക്ക് എതിരെ ചുമത്തിയിട്ടുണ്ട്. 20000 സൗദി റിയാല്‍ അല്‍-നസര്‍ ക്ലബും പിഴയൊടുക്കണം.
കഴിഞ്ഞ ഞായറാഴ്ച അല്‍ ഷബാബിന് എതിരായ മത്സരത്തില്‍ അല്‍ നസര്‍ 3-2 ന്റെ ജയം നേടിയതിന് പിന്നാലെ ആയിരുന്നു സംഭവങ്ങള്‍. മത്സരത്തില്‍ 'മെസി... മെസി' എന്ന് ആര്‍ത്തുവിളിച്ച ആരാധകര്‍ക്ക് നേരെയായിരുന്നു മത്സരം കഴിഞ്ഞ് ഗ്രൗണ്ടില്‍ നിന്ന് താരങ്ങള്‍ മടങ്ങും മുമ്പ് താരത്തിന്റെ അശ്ലീല ആംഗ്യവിക്ഷേപം. ക്രിസ്റ്റ്യാനോയുടെ പെരുമാറ്റം മൈതാനത്തെ ടെലിവിഷന്‍ ക്യാമറകളില്‍ കാണിച്ചില്ലെങ്കിലും ചില ആരാധകര്‍ പകര്‍ത്തിയ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.
2023 ഏപ്രിലില്‍ അല്‍ ഹിലാലിനെതിരായ മത്സരത്തിന് ശേഷം ക്രിസ്റ്റ്യാനോയുടെ ആംഗ്യവും വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.