വിമര്‍ശനം താരങ്ങള്‍ക്കെതിരേയല്ല, പ്രശ്‌നം രാഷ്ട്രീയവത്കരിക്കുന്നതിനെതിരേ; വിശദീകരണവുമായി ഉഷ

വിമര്‍ശനം താരങ്ങള്‍ക്കെതിരേയല്ല, പ്രശ്‌നം രാഷ്ട്രീയവത്കരിക്കുന്നതിനെതിരേ; വിശദീകരണവുമായി ഉഷ

ഉഷയുടെ പരാമര്‍ശത്തിനെതിരേ കടുത്ത വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്
Updated on
1 min read

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണത്തില്‍ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കെതിരായ തന്റെ പരാമര്‍ശം വളച്ചൊടിക്കപ്പെട്ടുവെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷ.

''താരങ്ങള്‍ തെരുവില്‍ സമരം ചെയ്യാന്‍ പാടില്ലായിരുന്നു. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത് വരെയെങ്കിലും അവര്‍ കാത്തിരിക്കണമായിരുന്നു. ഗെയിമിനും രാജ്യത്തിനും നല്ലതല്ല അവരുടെ പ്രവൃത്തി. ഇതൊരു നെഗറ്റീവ് സമീപനമാണ്.''- എന്നായിരുന്നു ഉഷ മാധ്യമങ്ങളോടു പറഞ്ഞത്. എന്നാല്‍ താരങ്ങളുടെ പ്രതിഷേധത്തെക്കുറിച്ചല്ല താന്‍ അങ്ങനെ പറഞ്ഞതെന്നും താരങ്ങളുടെ പ്രതിഷേധത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരേയാണ് താന്‍ പ്രതികരിച്ചതെന്നും ഉഷ 'ദ ഫോര്‍ത്തിനോട്' പറഞ്ഞു.

''താരങ്ങള്‍ക്കെതിരേ താന്‍ സംസാരിച്ചുവെന്നത് ശുദ്ധ അസംബന്ധമാണ്. പ്രശ്‌നം രാഷ്ട്രീയവത്കരിക്കാനാണ് ചിലര്‍ നോക്കുന്നത്. അവരുടെ ഉദ്ദേശശുദ്ധി ശരിയല്ല. താരങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് വേണ്ടത്. പക്ഷേ അതിനു പകരം ചിലര്‍ താരങ്ങളുടെ പ്രതിഷേധങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. അതിനെയാണ് വിമര്‍ശിച്ചത്. എന്നാല്‍ തന്റെ വാക്കുകള്‍ ചിലര്‍ വളച്ചൊടിച്ച് താരങ്ങള്‍ക്കെതിരെ എന്നാക്കി മാറ്റി''- ഉഷ പറഞ്ഞു.

ഉഷയുടെ പരാമര്‍ശത്തിനെതിരേ കടുത്ത വിമര്‍ശനമാണ് നാനാ കോണുകളില്‍ നിന്ന് ഉയര്‍ന്നത്. ഉഷയുടെ വാക്കുകളെ നിശിതമായി വിമർശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര രംഗത്തു വന്നിരുന്നു. ഭരണകക്ഷിയിലെ എംപിക്കെതിരായ ആരോപണങ്ങളും അതിലെ ഡല്‍ഹി പോലീസിന്റെ അനാസ്ഥയും ഇന്ത്യയ്ക്ക് റോസാപ്പൂവിന്റെ മണം നല്‍കുന്നുണ്ടോ എന്നായിരുന്നു മഹുവയുടെ ചോദ്യം.

''ഇന്ത്യയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന തരത്തില്‍ ഗുസ്തിക്കാര്‍ തെരുവുകളില്‍ പ്രതിഷേധിക്കുന്നു എന്ന് പിടി ഉഷ പറയുന്നു, എന്നാല്‍ ഡബ്ല്യു എഫ് ഐ അധ്യക്ഷനായ ഭരണകക്ഷി എംപിയുടെ മേല്‍ ലൈംഗികാരോപണവും അധികാര ദുര്‍വിനിയോഗവും ആരോപിക്കപ്പെട്ടിട്ടും സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പോലീസ് മടിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് റോസാപൂവിന്റെ മണമാകുമോ?'' മഹുവ ട്വീറ്റ് ചെയ്തു.stopcrawling എന്ന ഹാഷ്ടാഗോടെയായിരുന്നു ട്വീറ്റ്.

അതേസമയം ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ദൈനംദിന കാര്യങ്ങള്‍ നടത്താന്‍ ഉഷയുടെ അധ്യക്ഷതയിലുള്ള ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ താത്കാലിക സമിതിയെ രൂപീകരിച്ചു. ഐ ഒ എയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് മൂന്നംഗ താത്കാലിക സമിതി രൂപീകരിക്കാന്‍ തീരുമാനമുണ്ടായത്.

മുന്‍ രാജ്യാന്തര ഷൂട്ടിങ് താരം സുമ ശിരൂര്‍, വുഷു അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഭൂപേന്ദ്രസിങ് ബജ്വ എന്നിവരെ കൂടാതെ വിരമിച്ച ഹൈക്കോടതി ജഡ്ജി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ബ്രിജ് ഭൂഷനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ശക്തമായ നടപടി എടുക്കണമെന്ന് ആരോപിച്ച് ഗുസ്തി താരങ്ങള്‍ സമരം പുനരാരംഭിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഐ ഒ എയുടെ ഇടപെടല്‍. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് താരങ്ങള്‍ പി ടി ഉഷയ്ക്ക് കത്തയച്ചിരുന്നു.

logo
The Fourth
www.thefourthnews.in