ഐശ്വര്യാ ബാബു(ഇടത്) ധനലക്ഷ്മി ശേഖര്‍.
ഐശ്വര്യാ ബാബു(ഇടത്) ധനലക്ഷ്മി ശേഖര്‍.

നാണക്കേടായി ഉത്തേജക വിവാദം; രണ്ട് ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് വിലക്ക്‌

സ്പ്രിന്റ് സെന്‍സേഷന്‍ ധനലക്ഷ്മി ശേഖറും ട്രിപ്പിള്‍ ജമ്പ് ദേശീയ ചാമ്പ്യന്‍ ഐശ്വര്യാ ബാബുവും പിടിയില്‍.
Updated on
1 min read

കോമണ്‍വെല്‍ത്ത് ഗെയിംസിന് തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിനു ഇരട്ടപ്രഹരമേല്‍പ്പിച്ച് ഉത്തേജക വിവാദം. മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട പുതിയ സ്പ്രിന്റ് സെന്‍സേഷന്‍ ധനലക്ഷ്മി ശേഖറിനും ട്രിപ്പിള്‍ ജമ്പ് ദേശീയ ചാമ്പ്യന്‍ ഐശ്വര്യാ ബാബുവിനും വിലക്ക് ഏര്‍പ്പെടുത്തി അഖിലേന്ത്യാ അത്‌ലറ്റിക് ഫെഡറേഷന്‍.

ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമില്‍ അടുത്താഴ്ച ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള 36 അംഗ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച താരങ്ങളാണ് ഇരുവരും. വിലക്ക് വന്നതോടെ ഇരുവര്‍ക്കും ഗെയിംസ് നഷ്ടപ്പെടും.

കഴിഞ്ഞ മാസം ചെന്നൈയില്‍ നടന്ന ദേശീയ അന്തര്‍ സംസ്ഥാന അത്‌ലറ്റിക് മീറ്റിനിടെയാണ് ഐശ്വര്യയുടെ മൂത്രസാമ്പിള്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡ പരിശോധനയ്ക്കായി എടുത്തത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന പരിശോധനാ ഫലത്തില്‍ ഇരുവരും നിരോധിത ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞു.

ദേശീയ മീറ്റില്‍ മാസ്മരിക പ്രകടനമാണ് ഇരുവരും കാഴ്ചവച്ചത്. മലയാളി താരം മയൂഖാ ജോണി 11 വര്‍ഷം മുമ്പ് സ്ഥാപിച്ച 14.11 മീറ്റര്‍ എന്ന ദേശീയ റെക്കോഡ് 14.14 മീറ്ററാക്കി തിരുത്തിക്കുറിച്ച് സ്വര്‍ണം നേടിയാണ് ഐശ്വര്യ മടങ്ങിയത്. ഇതേ ചാമ്പ്യന്‍ഷിപ്പില്‍ തന്നെ വനിതകളുടെ ലോങ്ജമ്പില്‍ 6.73 മീറ്റര്‍ ചാടിയും ഐശ്വര്യ ഞെട്ടിച്ചിരുന്നു. ഇതിഹാസ താരം അഞ്ജു ബോബി ജോര്‍ജ്ജിനു ശേഷം ലോങ്ജമ്പില്‍ ഏറ്റവും ദൂരം താണ്ടുന്ന താരവുമായി ഐശ്വര്യ.

ട്രാക്കിനു പുറത്ത് അത്‌ലറ്റ് ഇന്റഗ്രിറ്റി യൂണിറ്റ് നടത്തിയ ദ്രുതപരിശോധനയിലാണ് ധനലക്ഷ്മി കുടുങ്ങിയത്. ദേശീയ അന്തര്‍ സംസ്ഥാന അത്‌ലറ്റിക്‌സിനു പിന്നാലെ ഇപ്പോള്‍ അമേരിക്കയില്‍ നടന്നുവരുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ടിയിരുന്ന താരമായിരുന്നു ധനലക്ഷ്മി. എന്നാല്‍ ദുരൂഹ കാരണങ്ങളാല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാതെ താരം മുങ്ങിയിരുന്നു.

വിസാ ലഭിക്കുന്നതിലുള്ള കാലതാമസമെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി നല്‍കിയത്. തുടര്‍ന്ന് തിരുവനന്തപുരം എല്‍.എന്‍.സി.പി.ഇയില്‍ പരിശീലനത്തിലായിരുന്ന താരം ജൂണില്‍ കസാഖിസ്താനില്‍ നടന്ന അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 22.89 സെക്കന്‍ഡില്‍ 200 മീറ്റര്‍ ഫിനിഷ് ചെയ്തു മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്നു. ഇതിനു പിന്നാലെ നടന്ന പരിശോധനയിലാണ് താരം കുടുങ്ങിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 100, 200 മീറ്ററുകളിലും 4-100 മീറ്റര്‍ റിലേയിലും ഇന്ത്യന്‍ പ്രതീക്ഷയായിരുന്നു ധനലക്ഷ്മി. ഗെയിംസില്‍ താരത്തിനു പങ്കെടുക്കാനാകാതെ പോകുന്നതോടെ റിലേയില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് പൊലിയുന്നത്. തങ്ങള്‍ മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും വിലക്കിനെതിരേ അപ്പീല്‍ നല്‍കുമെന്നും ഇരുതാരങ്ങളും പറയുന്നെങ്കിലും കോമണ്‍വെല്‍ത്ത് ഗെയിംസിനു മുമ്പ് വിലക്ക സംബന്ധിച്ച് പുനപ്പരിശോധന നടക്കാന്‍ സാധ്യതയില്ലെന്നാണ് എ.എഫ്.ഐ. വൃത്തങ്ങള്‍ 'ദ ഫോര്‍ത്തിനോട് പറഞ്ഞു.

logo
The Fourth
www.thefourthnews.in