സോറി സൗത്ത്ഗേറ്റ്; വെംബ്ലിയിലെ ആ നിമിഷത്തിനായി കാത്തിരിപ്പ്

ഗാരേത്‌ സൗത്ത്ഗേറ്റ്, അയാള്‍ക്കായിരിക്കും ഇംഗ്ലണ്ട് ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള നിയോഗമെന്നായിരുന്നു ഫുട്ബോള്‍ ലോകം കരുതിയത്

1966 ജൂലൈ 30... കാല്‍പ്പന്തില്‍ ആദ്യ കാല്‍വച്ച ശേഷം ഇംഗ്ലീഷുകാര്‍ ആദ്യമായും അവസാനമായും ലോകം ജയിച്ചു ചിരിച്ച ദിനം...വിശ്വകിരീടപ്പോരില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ സ്കോർബോർഡില്‍ ഇംഗ്ലണ്ട് നാല്, വെസ്റ്റ് ജർമനി രണ്ട്. അന്ന് തകർത്തെറിഞ്ഞ ജർമനിയുടെ മണ്ണില്‍ 2024 യൂറോ കപ്പിന്റെ അവസാന നിമിഷം. മൈതാനത്ത് തലകുനിച്ചിരുന്ന വെള്ളക്കുപ്പായക്കാരുടെ കണ്ണുകളിലേക്ക് നോക്കാം, കിരീടമില്ലാത്ത 58 വർഷത്തെ നോവ് നിങ്ങള്‍ക്ക് കാണാം.

ഗാരേത്‌ സൗത്ത്ഗേറ്റ്, അയാള്‍ക്കായിരിക്കും ഇംഗ്ലണ്ട് ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള നിയോഗമെന്നായിരുന്നു ഫുട്ബോള്‍ ലോകം കരുതിയത്. കാരണം ചരിത്രമങ്ങനെയാണ്. സൗത്ത്ഗേറ്റ് കാലത്തിന് മുൻപ് ലോകത്തെ ഫുട്ബോളുതട്ടാൻ പഠിപ്പിച്ചവർ ഏതെങ്കിലും സുപ്രധാന ടൂർണമെന്റില്‍ ഫൈനലിലെത്തിയത് കേവലം ഒരു തവണ മാത്രമായിരുന്നു. എന്നാല്‍ സൗത്ത്ഗേറ്റിന് കീഴില്‍ കളിച്ച നാല് ടൂർണമെന്റില്‍ രണ്ടിലും ത്രീലയണ്‍സ് ഫൈനലിലെത്തി, ഒരു തവണ സെമിയിലും അവസാനിച്ചു.

സോറി സൗത്ത്ഗേറ്റ്; വെംബ്ലിയിലെ ആ നിമിഷത്തിനായി കാത്തിരിപ്പ്
മെയ്ഡ് ഇന്‍ ആഫ്രിക്ക ഫോര്‍ സ്‌പെയിന്‍; ആന്‍ഡ് ഇറ്റ്‌സ് എ ഗെയ്ന്‍

2016ല്‍ ഇംഗ്ലണ്ടിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് സൗത്ത്ഗേറ്റ് എത്തുമ്പോള്‍ ഒരു പുതിയ ടീമിനെ വാർത്തെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം കൂടിയുണ്ടായിരുന്നു. കാരണം, ഫ്രാങ്ക് ലാംപാര്‍ഡ്‌, സ്റ്റീവൻ ജെറാഡ്, ആഷ്‌ലി കോള്‍, ഗ്യാരി കാഹില്‍, വെയിൻ റൂണി തുടങ്ങിയവരടങ്ങിയ ഇംഗ്ലണ്ടിന്റെ സുവർണകാലഘട്ടം അവസാനിക്കുന്ന സമയംകൂടിയായിരുന്നു അത്. യുവനിരയെ വാർത്തെടുക്കാൻ സൗത്ത്ഗേറ്റ് മുട്ടാത്ത വാതിലുകളില്ലെന്ന് തന്നെ പറയാം. കാരണം പഠിയിറങ്ങുന്നവരുടെ പ്രൗഡി നഷ്ടപ്പെടാത്തൊരു ടീം വേണമായിരുന്നു.

അതുകൊണ്ട് തന്നെ 2018-ല്‍ റഷ്യയിലേക്ക് ഒരു ലോകകപ്പിനായി എത്തുമ്പോള്‍ ഫുള്‍ ഷേപ്പിലായിരുന്നില്ല ഇംഗ്ലണ്ട്, ഒരു ഡെവലപ്പിങ് ഇലവനെന്ന് വിശേഷിപ്പിക്കാം. യുവതാരങ്ങളും പരിചയസമ്പന്നരും ഉള്‍പ്പെട്ടൊരു ടീം. ജോണ്‍ സ്‌റ്റോണ്‍സ്‌, കൈല്‍ വാക്കർ, കീറൻ ട്രിപ്പിയർ, ഹാരി കെയിൻ തുടങ്ങിയവർ ഇംഗ്ലണ്ട് ജഴ്‌സിയിലെ സ്ഥിരസാന്നിധ്യമാകുന്നതും ഇക്കാലത്താണ്. പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ സെമി വരെയെത്തി, ക്രൊയേഷ്യയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ മടക്കം.

വെംബ്ലി കലാശപ്പോരിന് കാണിയാകുമെന്നത് ലോകമറിഞ്ഞ ദിവസം ഇംഗ്ലണ്ട് ആരാധകർ കുറിച്ചിട്ടിരുന്നു. 2020 യൂറൊ കിരീടത്തിലൂടെ ഒരു ഓർമപുതുക്കല്‍. സൗത്ത്ഗേറ്റിന് കീഴില്‍ ഇംഗ്ലണ്ട് സമ്പൂർണ ആധിപത്യം പുലർത്തിയ ടൂർണമെന്റ്. ഗ്രൂപ്പ് സ്റ്റേജില്‍ സ്കോട്ട്‌ലൻഡിനോട് വഴങ്ങിയ ഗോള്‍രഹിത സമനില മാറ്റിനിർത്തിയാല്‍ ഒരു പെർഫെക്ട് റണ്‍ തന്നെയായിരുന്നു ടൂർണമെന്റ്. ബുക്കായൊ സാക്ക, ഡെക്ലാന്‍ റൈസ്, ലൂക്ക് ഷൊ തുടങ്ങിയവരേയും സൗത്ത്ഗേറ്റ് വജ്രായധുങ്ങളാക്കി മാറ്റിയ ടൂർണമെന്റ്.

സോറി സൗത്ത്ഗേറ്റ്; വെംബ്ലിയിലെ ആ നിമിഷത്തിനായി കാത്തിരിപ്പ്
It's not coming home! യൂറോപ്പ് ചുവന്നു, കിരീടം ചൂടി സ്പെയിൻ

വെംബ്ലിയിലെ ജനലക്ഷങ്ങള്‍ സാക്ഷി, പെനാൽറ്റി ഷൂട്ടൗട്ടില്‍ ഇറ്റലി കിരീടം ചൂടി. സൗത്ത്ഗേറ്റിനും ഇംഗ്ലണ്ടിനും നിരാശ. പെനാൽറ്റി പാഴാക്കിയ സാക്കയേയും റാഷ്ഫോർഡിനേയും സാഞ്ചോയേയുമൊക്കെ ആശ്വസിപ്പിക്കുന്ന സൗത്ത്ഗേറ്റിന്റെ ദൃശ്യങ്ങള്‍ കാല്‍പ്പന്താരാധകർ മറക്കാനിടയില്ല. പൊസിഷൻ ഷിഫ്റ്റും, സബ്സ്റ്റിറ്റ്യൂഷൻ ബ്രില്യൻസും, കൗണ്ടർ അറ്റാക്കിങ്ങിലുമെല്ലാം സൗത്ത്ഗേറ്റിന്റെ തീരുമാനങ്ങള്‍ ശരിവെക്കുന്നതായിരുന്നു ഇംഗ്ലണ്ടിന്റെ പ്രകടനം. പക്ഷേ, കിരീടംമാത്രം അകന്നുനിന്നു.

2022 ലോകകപ്പായിരിക്കണം സൗത്ത്ഗേറ്റിന് കീഴിലെ ഏറ്റവും മികച്ച ഇംഗ്ലണ്ട് ടീം. തന്റെ വരവില്‍ ഒപ്പം കൂട്ടിയവരില്‍ പലർക്കും നോക്കൗകളുടെ ട്ടുകളുടെ കയ്പും മധുരവുമെല്ലാം അനുഭവിക്കാനായി. അതുകൊണ്ട് തന്നെ ഒരു ടൈറ്റില്‍ ഫേവറൈറ്റ്‌സ് എന്ന ടാഗ് ഇംഗ്ലണ്ടിനുമുണ്ടായി. മിശിഹായുടെ കൈകളിലേക്ക് കാവ്യനീതിപോലെ കനകക്കിരീടം എത്തിയ ടൂർണമെന്റില്‍ ഇംഗ്ലണ്ടിന്റെ കിരീടയാത്ര ക്വാർട്ടറില്‍ ഫ്രാൻസിനോട് അവസാനിക്കുന്നു.

ഇത്തവണ യൂറോയില്‍ ഇംഗ്ലണ്ട് എത്തുമ്പോള്‍ ബഹളങ്ങളുണ്ടായില്ല. മത്സരങ്ങളില്‍ വിരസത തളം കെട്ടി. ഗോള്‍ അടിക്കാനാണൊ ഇംഗ്ലണ്ട് കളിക്കുന്നതെന്ന് പോലും തോന്നിച്ചു. പക്ഷേ, ഒഴിച്ചുകൂടാനാകാത്ത ഒരു തിരിച്ചുവരവ് അവർക്കായി യൂറോ കാത്തുവെച്ചു. പ്രീ ക്വാർട്ടറിലും, ക്വാർട്ടറിലും, സെമിയിലുമെല്ലാം പിന്നില്‍ നിന്ന ശേഷം വിജയിച്ചായിരുന്നു കളം വിട്ടതും കലാശപ്പോരിലേക്ക് പന്തുതട്ടാനിറങ്ങിയതും.

ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമായ സ്പെയിനെതിരെ ഇറങ്ങുമ്പോള്‍ സൗത്ത്ഗേറ്റിന്റെ തന്ത്രങ്ങള്‍ മതിയാവില്ലെന്ന് പലരുമെഴുതി. പക്ഷേ, ആദ്യ പകുതി കണ്ടത് സ്പെയിന്റെ മധ്യനിരയ്ക്ക് അവസരം കൊടുക്കാത്ത ഇംഗ്ലണ്ടിനെയായിരുന്നു. അതിനായി സൗത്ത്‌ഗേറ്റ് ഫോര്‍മേഷനുകള്‍ പൊളിച്ചെഴുതി. സ്‌ട്രൈക്കര്‍ ഡിഫന്‍ഡറായി, ഡിഫന്‍ഡര്‍ സ്‌ട്രൈക്കറും. മിഡ്ഫീല്‍ഡ് എന്നൊരു സംവിധാനത്തെ കയറ്റിയും ഇറക്കിയും കളിച്ചു. സ്ട്രൈക്കറായ ഹാരി കെയിൻ പലകുറി പ്രതിരോധത്തില്‍ രക്ഷകനായി. ലാമിൻ യമാലിനെ ലൂക്ക് ഷോയും കെയില്‍ വാക്കറും മാറിമാറി പൂട്ടിട്ടു.

യമാല്‍-വില്യംസ് ബ്രില്യൻസില്‍ പിക്ഫോർഡ് നിസാഹയനായപ്പോള്‍ മറ്റൊരു ഫൈനല്‍ ദുരന്തം ഇംഗ്ലണ്ട് പ്രതീക്ഷിച്ചു. എന്നാല്‍ നായകൻ ഹാരി കെയിനേയും മധ്യനിരയിലെ മുതല്‍ക്കൂട്ടായ കോബി മൈനോയേയും തിരിച്ചെടുത്തു. പകരം സൗത്ത്ഗേറ്റ് സമീപിച്ചത് ഡച്ചുപടയ്ക്കെതിരെ തുണച്ച വാറ്റ്കിൻസന്റേയും പാമറുടേയും ബൂട്ടുകളായിരുന്നു. 76-ാം മിനുറ്റിലെ പാമറിന്റെ ഇടംകാല്‍ഷോട്ട് സൗത്ത്ഗേറ്റിന് മുഖത്ത് ആത്മവിശ്വാസം വീണ്ടുമെത്തിച്ചു.

ഒയാർസബലിന്റെ ഫിനിഷും ഓല്‍മോയുടെ ഗോള്‍ലൈൻ സേവും ഒരിക്കല്‍ക്കൂടി സൗത്ത്ഗേറ്റിനും സംഘത്തിനും മുന്നില്‍ നിന്ന് കിരീടത്തെ അകറ്റുകയായിരുന്നു. സൗത്ത്ഗേറ്റ് കാലം അവസാനിച്ചേക്കും, പക്ഷേ കിരീടക്കാത്തിരിപ്പ് തുടരുകയാണ്. സുവർണകാലം സ്പെയിൻ വീണ്ടെടുക്കുമ്പോള്‍ ഇംഗ്ലണ്ട് 66ലെ ആഘോഷത്തിന്റെ വീണ്ടെടുപ്പിനായുള്ള പോരാട്ടത്തിലാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in