2034 ഫുട്ബോള്‍ ലോകകപ്പിനൊരുങ്ങുന്ന സൗദി; അറബ് രാജ്യത്തെ തൊഴില്‍ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഫിഫ അവഗണിക്കുന്നതായി ആരോപണം

2034 ഫുട്ബോള്‍ ലോകകപ്പിനൊരുങ്ങുന്ന സൗദി; അറബ് രാജ്യത്തെ തൊഴില്‍ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഫിഫ അവഗണിക്കുന്നതായി ആരോപണം

സൗദിയിലെ വിദേശ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നതിനെപ്പറ്റി ചർച്ച ചെയ്യാനുള്ള ശ്രമങ്ങള്‍ ഫിഫ അവഗണിച്ചതായാണ് ദ ബില്‍ഡിങ് ആൻഡ് വുഡ് വർക്കേഴ്‌സ് ഇന്റർനാഷണല്‍ (ബിഡബ്ല്യുഐ) എന്ന ട്രേഡ് യൂണിയൻ വ്യക്തമാക്കുന്നത്
Updated on
1 min read

കായികലോകം അറബ്‍‌ രാജ്യങ്ങളിലേക്ക് ചുരുങ്ങുന്നതായാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാണുന്നത്. പ്രത്യേകിച്ചും ഫുട്ബോള്‍. സൗദി അറേബ്യ ഇതിനകം ഫുട്ബോള്‍ ഹബ്ബായി തന്നെ മാറിക്കഴിഞ്ഞു. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, നെയ്‌മർ, കരിം ബെൻസിമ, സാദിയൊ മാനെ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം നിലവില്‍ സൗദി പ്രോ ലീഗിന്റെ ഭാഗമാണ്. 2034 ഫിഫ ഫുട്ബോള്‍ ലോകകപ്പിന്റെ ആതിഥേയത്വം വഹിക്കുന്നതും സൗദിയാണ്. ഡിസംബറില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.

എന്നാല്‍, സൗദി അറേബ്യയിലെ തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അഭിസംബോധന ചെയ്യാൻ ഫിഫയ്ക്ക് സാധിച്ചിട്ടില്ലെന്ന ഗുരുതര ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. 2022 ലോകകപ്പിന്റെ നിർമാണ പ്രവർത്തനങ്ങളില്‍ ഖത്തറിലും തൊഴിലാളികള്‍ വലിയ ചൂഷണം നേരിട്ടിരുന്നു. സൗദിയിലെ വിദേശ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നതിനെപ്പറ്റി ചർച്ച ചെയ്യാനുള്ള ശ്രമങ്ങള്‍ ഫിഫ അവഗണിച്ചതായാണ് ദ ബില്‍ഡിങ് ആൻഡ് വുഡ് വർക്കേഴ്‌സ് ഇന്റർനാഷണല്‍ (ബിഡബ്ല്യുഐ) എന്ന ട്രേഡ് യൂണിയൻ വ്യക്തമാക്കുന്നത്. ഫിഫയുമായി സഹകരിച്ച് പ്രവർത്തിക്കുകയും ഭരണസമിതിയുമായി ധാരണപത്രത്തില്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുള്ള ട്രേഡ് യൂണിയനാണിത്.

ഗള്‍ഫ് രാജ്യങ്ങളിലുള്ള കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന ചൂഷണത്തെക്കുറിച്ച് ബിഡബ്ല്യുഐ അന്താരാഷ്ട്ര തൊഴില്‍ സംഘടനയ്ക്ക് പരാതി നല്‍കിയിരുന്നു. തൊഴിലുടമകള്‍ വേതനം നിഷേധിച്ച ആയിരത്തിലധികം ഫിലിപ്പിനൊ തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധിയായിരുന്നു ഉദാഹരണമായി ബിഡബ്ല്യുഎ ചൂണ്ടിക്കാണിച്ചത്. സൗദി ഭരണകൂടത്തില്‍ നിന്ന് സാമ്പത്തിക സഹായത്തിനായി കാത്തിരിക്കുകയാണ് ഈ തൊഴിലാണികള്‍. ഇത്തരം ചൂഷണങ്ങള്‍ ഒഴിവാക്കുന്നതിന് ആതിഥേയത്വം അനുവദിക്കുന്നതിനായി കൃത്യമായ മാനദണ്ഡങ്ങളുണ്ടാക്കണമെന്ന് ഫിഫയോട് അഭ്യർഥിച്ചിരുന്നതായും ബിഡബ്ല്യുഐ പറയുന്നു.

2034 ഫുട്ബോള്‍ ലോകകപ്പിനൊരുങ്ങുന്ന സൗദി; അറബ് രാജ്യത്തെ തൊഴില്‍ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഫിഫ അവഗണിക്കുന്നതായി ആരോപണം
'ആ 1500 തൊഴിലാളി മരണങ്ങള്‍ അത്ര സ്വാഭാവികമല്ല'; സൗദി ലോകകപ്പിന് ഒരുങ്ങുമ്പോള്‍ ഖത്തര്‍ ആവര്‍ത്തിക്കുമോ?

വ്യക്തമായ വിലയിരുത്തലുകള്‍ നടത്താതെയാണ് സൗദിക്ക് ആതിഥേയത്വം നല്‍കാനുള്ള തീരുമാനത്തിലേക്ക് ഫിഫ എത്തിയതെന്ന് ബിഡബ്ല്യുഐ ജനറല്‍ സെക്രട്ടറിയായ ആംബെറ്റ് യൂസണ്‍ പറയുന്നു. ഫിഫയുടെ മനുഷ്യാവകാശ ഉപദേശക സമിതിയില്‍ അംഗമായിരുന്നു യൂസണ്‍. 2020ലാണ് സമിതി പിരിച്ചുവിട്ടത്.

"താഴെത്തട്ടില്‍ പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടനകളില്‍ നിന്നുള്ള വിവരങ്ങളില്ലാതെ സൗദിയുടെ മനുഷ്യാവകാശ പദ്ധതികളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കില്ല. ദശാബ്ദത്തിലധികമായി ചൂഷണം അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് നീതി ഉറപ്പാക്കാനായി ഫിഫ കൃത്യമായ ഇടപെടലുകള്‍ നടത്തണം. ഇപ്പോഴാണ് നടപടിയെടുക്കാനുള്ള സമയം. അന്തിമ തീരുമാനത്തിലെത്തും മുൻപ് ഒരു നടപടിയുണ്ടെയില്ലെങ്കില്‍ അത് കായികഭൂപടത്തില്‍ കളങ്കമായി നിലനില്‍ക്കും," യൂസണ്‍ വ്യക്തമാക്കി.

21,000 കുടിയേറ്റ തൊഴിലാളികള്‍ക്കെതിരായ ചൂഷണങ്ങള്‍ ബിഡബ്ല്യുഐ അന്താരാഷ്ട്ര തൊഴിലാളി സംഘടനയ്ക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഫിലിപ്പീൻസ്, നേപ്പാള്‍, പാകിസ്താൻ, ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരാണ് സൗദിയില്‍ നിർമാണ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നത്.

പരാതികളോടുള്ള സൗദി ഭരണകൂടത്തിന്റെ പ്രതികരണം മന്ദഗതിയിലാണെന്നും ട്രേഡ് യൂണിയൻ ആരോപിച്ചു. ഫിലിപ്പീൻസില്‍ നിന്നുള്ള പതിനായിരത്തോളം തൊഴിലാളികളാണ് ചൂഷണം ചെയ്യപ്പെട്ടത്. എന്നാല്‍, 1,352 പേർക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്.

logo
The Fourth
www.thefourthnews.in