കോണ്‍ഗ്രസിലും കിരീടപ്പോര്: കപ്പ് ബ്രസീലെടുക്കുമെന്ന് പ്രതിപക്ഷ നേതാവ്, 'അർജന്റീനക്കുള്ളതാണ് സതീശാ' ന്ന് ടിഎന്‍ പ്രതാപന്‍
ലോകകപ്പിന് പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ലോകം ഖത്തറിലേക്ക് ചുരുങ്ങുകയാണ്. കേരളത്തിന്റെ സമസ്ത മേഖലയിലും ആവേശം കൊട്ടിത്തയറുകയാണ്. രാഷ്ട്രീയ വിഷയങ്ങളേറെയെങ്കിലും ലോകകപ്പ് മാമാങ്കത്തെ മറക്കാതെ ചേര്‍ത്തുപിടിക്കുകയാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളും.
പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ഫുട്ബോള്‍ ആവേശം തുറന്ന് കാട്ടുകയാണ്. ഇഷ്ട ടീമായ ബ്രസീലിനെക്കുറിച്ചാണ് അദ്ദേഹം പോസ്റ്റില്‍ പങ്കു വയ്ക്കുന്നത്. '' ബ്രസീല്‍... ബ്രസീലാണ് എനിക്ക് എക്കാലത്തും മികച്ച ടീം'' എന്ന് തുടങ്ങുന്ന പോസ്റ്റിലൂടെ ബ്രസീലിയന്‍ ഫുട്‌ബോൡന്റ സൗന്ദര്യം പറയുകയാണ് വി ഡി.
ലോകകപ്പ് ഫുട്‌ബോളിന്റെ ആരവങ്ങളുയര്‍ത്തി ഇന്നലെ എറണാകുളത്ത് വച്ച് നടന്ന എറണാകുളം ഡിസിസി ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും സോക്കര്‍ ഫീവര്‍ മത്സരത്തിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. മത്സരത്തില്‍ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള എംഎല്‍എമാരുടെയും എംപിമാരുടെയും ബ്രസീലിനെ ഡിസിസിയുടെ അര്‍ജന്റീന ടീം തോല്‍പ്പിച്ചിരുന്നു.
ഐതിഹാസികമായ തനിമയാണ് ബ്രസീലിയന്‍ ഫുട്‌ബോളിനെ നിലനിര്‍ത്തുന്നത്. അവരുടെ സവിശേഷമായ ശൈലിയാണ് ആരാധകരെ അവരിലേക്ക് അടുപ്പിക്കുന്നതെന്നാണ് വി ഡി പറയുന്നത്. ബ്രസീലിന്റെ മഞ്ഞയും പച്ചയും കലര്‍ന്ന ജേഴ്‌സി തനിക്കൊരു വൈകാരികതയാണെന്നും തന്റെ തലമുറ ഫുട്‌ബോള്‍ ഇതിഹാസം പെലെയെ ഒരു അനുഭവമായി കൊണ്ടു നടന്നവരാണ് അതുകൊണ്ടു തന്നെ ബ്രസീലല്ലാതെ മറ്റാര് എന്ന ചോദ്യം പോലും മനസ്സിലില്ല എന്നും വിഡി കൂട്ടിച്ചേര്‍ക്കുന്നു.
പ്രതിപക്ഷ നേതാവിന്റെ പോസ്റ്റിന് താഴെ അര്‍ജന്റീന ആരാധകനായ ടി എന്‍ പ്രതാപന്‍ എംപിയും രസകരമായ കമന്റുമായി എത്തിയിട്ടുണ്ട്. കൂടാതെ ബ്രസീല്‍ ആരാധകരും മറ്റ് ടീമുകളുടെ ആരാധകരും കമന്റ് ബോക്‌സില്‍ കളം പിടിച്ചു തുടങ്ങിയിട്ടുണ്ട്.
ഇതിനിടെ, പ്രതിപക്ഷ നേതാവിനെ പരസ്യമായി വെല്ലുവിളിച്ചാണ് തൃശ്ശൂര്‍ എംപി ടി എന്‍ പ്രതാപന്‍ രംഗത്തെത്തിയത്. വിഡി സതീശന്റെ പോസ്റ്റിന് താഴെയാണ് അര്‍ജന്റീന ആരാധകനായ പ്രതാപന്റെ വെല്ലുവിളി. 'കപ്പ് അര്‍ജന്റീനക്കുള്ളതാണ് സതീശാ... മെസ്സി ഖത്തര്‍ ലോകകപ്പ് ഇങ്ങെടുക്കുവാ...?? വാമോസ് അര്‍ജന്റീന!' തൃശ്ശൂര്‍ എംപി ആവേശം കൊണ്ടു.
അപ്പോഴും വിട്ടുകൊടുക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറായില്ല. അല്‍പം രാഷ്ട്രീയ ഹാസ്യം കൂട്ടിച്ചേര്‍ത്തായിരുന്നു ഇത്തവണ വിഡി സതീശന്റെ മറുപടി.
'ഇത് നമ്മുടെ രണ്ടു പേരുടെയും സ്‌നേഹിതന്‍ സുരേഷ് ഗോപി തൃശൂരിങ്ങെടുക്കുകയാ എന്ന് പറഞ്ഞത് പോലെയാണ്. തൃശൂര്‍ നിങ്ങളല്ലെ എടുത്തത്. അത് പോലെ കപ്പ് ബ്രസീലെടുക്കും പ്രതാപാ...' എന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഇതിനു മുന്‍പും രാഷ്ട്രീയത്തിലെ പ്രമുഖരുടെ ഫുട്‌ബോള്‍ ഫാന്‍ ഫൈറ്റുകള്‍ക്ക് ഫെയ്‌സ്ബുക്ക് ഇതിന് മുന്‍പും സാക്ഷ്യം വഹിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഫുട്‌ബോള്‍ ആരാധകരായ ഇടതു നേതാക്കളുടെ പോസ്റ്റുകളും കമന്റുകളും സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചത്.