കോപ്പ അമേരിക്ക: യുറുഗ്വായ് വീണു, 23 വര്‍ഷങ്ങള്‍ക്കു ശേഷം കൊളംബിയ ഫൈനലില്‍

കോപ്പ അമേരിക്ക: യുറുഗ്വായ് വീണു, 23 വര്‍ഷങ്ങള്‍ക്കു ശേഷം കൊളംബിയ ഫൈനലില്‍

ജൂലൈ 15-ന് പുലര്‍ച്ചെ 5:30ന് നടക്കുന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയാണ് കൊളംബിയയുടെ എതിരാളികള്‍
Updated on
1 min read

2024 കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അര്‍ജന്റീനയും കൊളംബിയയും ഏറ്റുമുട്ടും. ഇന്നു നടന്ന രണ്ടാം സെമി ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ യുറുഗ്വായെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പിച്ചാണ് കൊളംബിയ കലാശപ്പോരിന് ടിക്കറ്റെടുത്തത്.

യുഎസിലെ നോര്‍ത്ത് കരോളിന ബാങ്ക് ഓഫ് അമേരിക്ക സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 39-ാം മിനിറ്റില്‍ ജെഫേഴ്‌സണ്‍ ലെര്‍മ നേടിയ ഗോളാണ് കൊളംബിയയ്ക്ക് ഫൈനലിലേക്ക് വഴിതുറന്നത്.

കോപ്പാ ചരിത്രത്തില്‍ കൊളംബിയയുടെ മൂന്നാം ഫൈനല്‍ കൂടിയാണിത്. ഇതിനു മുമ്പ് 1975, 2001 എന്നീ വര്‍ഷങ്ങളിലാണ് അവര്‍ കലാശപോരാട്ടത്തിനിറങ്ങിയിട്ടുള്ളത്. അതില്‍ 75-ല്‍ റണ്ണറപ്പ് സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കില്‍ 2001-ല്‍ കന്നിക്കിരീടം നേടി. പിന്നീട് നീണ്ട 23 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴാണ് അവര്‍ ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടുന്നത്.

ഇന്നത്തെ മത്സരത്തില്‍ ആദ്യപകുതിയില്‍ തന്നെ പത്ത് പേരായി ചുരുങ്ങിയ ശേഷമായിരുന്നു കൊളംബിയ തകര്‍പ്പന്‍ ജയം നേടിയതെന്നതും ശ്രദ്ധേയമായി. നായകനും സൂപ്പര്‍ താരവുമായി ഹാമിഷ് റോഡ്രിഗസിന്റെ പാസില്‍ നിന്ന് 39-ാം മിനിറ്റില്‍ ലെര്‍മ നേടിയ ഗോളിലാണ് അവര്‍ മുന്നിലെത്തിയത്.

ലീഡ് നേടി ആറു മിനിറ്റിനകം അവര്‍ പത്തുപേരായി ചുരുങ്ങി. തുടരെ രണ്ടാം മഞ്ഞക്കാര്‍ഡ് നേടി ഡാനിയേല്‍ മുനോസ് പുറത്തുപോയതാണ് തിരിച്ചടിയായത്. എന്നാല്‍ ആളെണ്ണത്തിലെ കുറവ് പുറത്തുകാട്ടാതെ രണ്ടാം പകുതിയില്‍ മികച്ച പന്തടക്കവും കൃത്യതയുമായി കളം നിറഞ്ഞാണ് അവര്‍ കലാശക്കളിക്ക് ടിക്കറ്റ് ഉറപ്പാക്കിയത്.

logo
The Fourth
www.thefourthnews.in