പ്രീമിയര്‍ ലീഗില്‍ ഗോള്‍മഴ; ഒമ്പതടിച്ചു ലിവര്‍പൂള്‍, വീഴാതെ പിടിച്ചു സിറ്റി

പ്രീമിയര്‍ ലീഗില്‍ ഗോള്‍മഴ; ഒമ്പതടിച്ചു ലിവര്‍പൂള്‍, വീഴാതെ പിടിച്ചു സിറ്റി

ഇന്ന്‌ ഇതുവരെ നടന്ന ആറു മത്സരങ്ങളില്‍ പിറന്നത് 22 ഗോളുകള്‍. ഒമ്പതു ഗോളുകള്‍ക്കു ജയിച്ചു ലിവര്‍പൂള്‍ വമ്പുകാട്ടി.
Updated on
1 min read

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ ദിനം അക്ഷരാര്‍ത്ഥത്തില്‍ സൂപ്പര്‍ സാറ്റര്‍ഡേ. ഇതുവരെ നടന്ന ആറു മത്സരങ്ങളില്‍ പിറന്നത് 22 ഗോളുകള്‍. വമ്പന്മാരെല്ലാം ജയിച്ചു കയറിയ ദിനത്തില്‍ ഒമ്പതു ഗോളുകള്‍ക്കു ജയിച്ചു ലിവര്‍പൂള്‍ വമ്പുകാട്ടി.

ബോണ്‍മത്തിനെതിരേയായിരുന്നു ലിവര്‍പൂളിന്റെ ഗോള്‍വര്‍ഷം. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ലൂയിസ് ഡയസിന്റെയും റോബര്‍ട്ടോ ഫിര്‍മിനോയുടെയും ഇരട്ടഗോളുകളും ഹാര്‍വി എലിയട്ട്, ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, ഫാബിയോ കാര്‍വാലോ എന്നിവരുടെ ഗോളുകളും ബോണ്‍മത്ത് താരം മെഫാനോയുടെ സെല്‍ഫ് ഗോളുമാണ് ലിവര്‍പൂളിന് തകര്‍പ്പന്‍ ജയമൊരുക്കിയത്.

ഇന്നു നടന്ന ശ്രദ്ധേയമായ മറ്റൊരു മത്സരം മാഞ്ചസ്റ്റര്‍ സിറ്റിയും ക്രിസ്റ്റല്‍ പാലസും തമ്മിലായിരുന്നു. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം. മത്സരത്തിന്റെ ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്കു പിന്നിലായ ശേഷമായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ തിരിച്ചുവരവ്.

ഹാട്രിക് നേടിയ സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ടിന്റെ പ്രകടനമാണ് സിറ്റിക്ക് നിര്‍ണായകമായത്. മത്സരത്തിന്റെ നാലാം മിനിറ്റില്‍ ജോണ്‍ സ്‌റ്റോണ്‍സിന്റെ സെല്‍ഫ് ഗോളില്‍ ലീഡ് വഴങ്ങിയ സിറ്റിയെ ഞെട്ടിച്ച് 21-ാം മിനിറ്റില്‍ യോക്വിം ആന്‍ഡേഴ്‌സണ്‍ പാലസിന്റെ ലീഡ് വര്‍ധിപ്പിച്ചു.

രണ്ടുഗോള്‍ ലീഡുമായി ഇടവേളയ്ക്കു പിരിഞ്ഞ ക്രിസ്റ്റല്‍ പാലസ് തിരിച്ചുവരവില്‍ കണ്ടത് സിറ്റിയുടെ മറ്റൊരു മുഖമായിരുന്നു. രണ്ടാം പകുതിയുടെ ആദ്യ സെക്കന്‍ഡ് മുതല്‍ കൃത്യമായ പദ്ധതിയോടെ ആക്രമിച്ചു കളിച്ച അവര്‍ 53-ാം മിനിറ്റില്‍ ബെര്‍നാഡോ സില്‍വയിലൂടെ ഒരു ഗോള്‍ മടക്കി.

അതിനു ശേഷം പിന്നീട് ഹാലണ്ട് ഷോയായിരുന്നു. 62, 70, 81 മിനിറ്റുകളില്‍ യഥാക്രമം ഫില്‍ ഫോഡന്‍, ജോണ്‍ സ്‌റ്റോണ്‍സ്, ഇല്‍കെ ഗുണ്ടോഗന്‍ എന്നിവരുടെ പാസുകളില്‍ നിന്നു ഗോള്‍വല കുലുക്കിയ ഹാലണ്ട് സിറ്റിക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു.

മറ്റു മത്സരങ്ങളില്‍ മുന്‍ ചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ ചെല്‍സി ലെസ്റ്റര്‍ സിറ്റിയെ 2-1ന് തോല്‍പിച്ചപ്പോള്‍ ലീഡ് യുണൈറ്റഡിനെ ബ്രൈറ്റണ്‍ ഹോവ്‌സ് ഒരു ഗോളിനു വീഴ്ത്തി. ബ്രെന്റ്‌ഫോര്‍ഡും എവര്‍ട്ടണും ഓരോ ഗോളടിച്ചു പിരിയുകയും ചെയ്തു. ഇന്നു നടന്ന ആദ്യ മത്സരത്തില്‍ നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് സതാംപ്ടണെ തോല്‍പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in