ഇന്ത്യയുടെ 'റോമിങ് കോച്ച്‌'; എന്നും കാര്‍ക്കശ്യത്തിന്റെ സൗമ്യഭാവം

ഇന്ത്യയുടെ 'റോമിങ് കോച്ച്‌'; എന്നും കാര്‍ക്കശ്യത്തിന്റെ സൗമ്യഭാവം

ടി കെ ചാത്തുണ്ണിയെന്ന പേരിന് ഇന്ത്യന്‍ ഫുട്‌ബോളില്‍ ഒരൊറ്റ പര്യായമേയുള്ളു... കാര്‍ക്കശ്യം
Updated on
3 min read

നാന്‍ ഒരു തടവ് സൊന്നാല്‍, നൂറ് തടവ് സൊന്ന മാതിരി... ഇന്ത്യന്‍ സിനിമയിലെ ഒരേയൊരു സൂപ്പര്‍ താരം സ്‌റ്റൈല്‍ മന്നന്‍ രജിനീകാന്തിന്റെ സുപ്രസിദ്ധ സിനിമാ ഡയലോണിത്. ഈ ഡയലോഗ് ജീവിതത്തിലും കളത്തിലും അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കിയ ഒരാളുണ്ട് ഇന്ത്യന്‍ ഫുട്‌ബോളില്‍. എക്കാലത്തെയും മികച്ച സൂപ്പര്‍ താരങ്ങളായ ഐ എം വിജയന്‍, ബൈച്ചുങ് ബൂട്ടിയ, ബ്രൂണോ കുടീഞ്ഞോ തുടങ്ങിയവര്‍ പോലും ഒരുനോക്കു കണ്ടാല്‍ ഒരു സ്‌കൂള്‍കുട്ടിയുടെ ഭവ്യതയോടെയും ഭയത്തോടെയും ഇന്നും എഴുന്നേറ്റു നിന്നുപോകുന്ന അവരുടെ പ്രിയപ്പെട്ട കോച്ച് ടി കെ ചാത്തുണ്ണി.

ടി കെ ചാത്തുണ്ണിയെന്ന പേരിന് ഇന്ത്യന്‍ ഫുട്‌ബോളില്‍ ഒരൊറ്റ പര്യായമേയുള്ളു... കാര്‍ക്കശ്യം. ഏതു സൂപ്പര്‍ താരത്തെയും വരച്ച വരയില്‍ നിര്‍ത്താന്‍ ചാത്തുണ്ണിക്ക് വെറുമൊരു നോട്ടം മാത്രം മതി, ആഫ്രിക്കന്‍ കരുത്ത് മറന്ന് ആറടി പൊക്കത്തിലുള്ള ചീമ ഒകേരി പോലും കണ്ണിമചിമ്മാതെ ഭയന്നുനില്‍ക്കുന്ന കുട്ടിയായി മാറും.

കളത്തിനകത്തും പുറത്തും ഫുട്‌ബോളിനെ സ്വജീവിതത്തോടു ചേര്‍ത്തുനിര്‍ത്തിയ ആളാണ് അദ്ദേഹം. അവസാന വിസില്‍ വരെ പൊരുതണമെന്ന ജീവിതപാഠം അദ്ദേഹം ഫുട്‌ബോളില്‍ നിന്നും സ്വയം പഠിക്കുകയും തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുകയും ചെയ്തു. അതുകൊണ്ടാകണം പ്രതികാരമെന്നോണം ഗോവന്‍ വമ്പന്മാരായ സാല്‍ഗോക്കര്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടുവന്ന വിലക്കിനു പോലും പുല്ലുവില നല്‍കി മോഹന്‍ ബഗാന് കളിയോതി കൊടുക്കാന്‍ ചാത്തുണ്ണിക്ക് പ്രചോദനമായത്.

ഏതു സൂപ്പര്‍ താരത്തെയും വരച്ച വരയില്‍ നിര്‍ത്താന്‍ ചാത്തുണ്ണിക്ക് വെറുമൊരു നോട്ടം മാത്രം മതി, ആഫ്രിക്കന്‍ കരുത്ത് മറന്ന് ആറടി പൊക്കത്തിലുള്ള ചീമ ഒകേരി പോലും കണ്ണിമചിമ്മാതെ ഭയന്നുനില്‍ക്കുന്ന കുട്ടിയായി മാറും.

1990-കളിലാണ് അത്. സാല്‍ഗോക്കറിന്റെ പരിശീലകനായ ചാത്തുണ്ണി കൊല്‍ക്കത്തന്‍ വമ്പന്മാരായ മോഹന്‍ ബഗാനിലേക്ക് കൂടുമാറുന്നു. അതും വ്യക്തിപരമായ ഒരനിഷ്ടത്തെത്തുടര്‍ന്ന്. ക്ഷണിച്ചിട്ടും മകളുടെ കല്യാണത്തിന് സാല്‍ഗോക്കര്‍ പ്രതിനിധികള്‍ എത്താഞ്ഞതാണ് ചാത്തുണ്ണിയെ ചൊടിപ്പിച്ചത്.

എന്നാല്‍ തങ്ങളെ ഫെഡറേഷന്‍ കപ്പ് ജേതാക്കളായ ചാത്തുണ്ണിയുടെ കൂടുമാറ്റം ഇഷ്ടപ്പെടാഞ്ഞ ഗോവന്‍ ടീം അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനില്‍ സമ്മര്‍ദ്ദം ചെലുത്തി ചാത്തുണ്ണിക്കെതിരേ വിലക്ക് കൊണ്ടുവന്നു. ഇന്ത്യന്‍ ഫുട്‌ബോളിലെ തന്നെ വന്‍ ശക്തിയായ ബഗാനെ പരിശീലിപ്പിച്ച് സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലിറക്കാന്‍ കൊതിക്കാത്ത പരിശീലകര്‍ ആരുണ്ട്. ചാത്തുണ്ണിയും ആ ആഗ്രഹത്തിലായിരുന്നു. അതിനാണ് ഗോവക്കാര്‍ ഇടങ്കോലിട്ടത്.

പന്തുമായി പായുന്ന കളിക്കാരന്‍ എതിര്‍ഗോള്‍മുഖത്തേക്കോ കളത്തിലെ സഹതാരങ്ങളിലേക്കോ ശ്രദ്ധിക്കാതെ ഗ്യാലറിയിലേക്കു മാത്രം ഉറ്റുനോക്കി പായുന്ന കാഴ്ച അന്നാദ്യമായി ഇന്ത്യന്‍ ഫുട്‌ബോള്‍ രംഗം കണ്ടു. അത്തരമൊരു കാഴ്ച അതിനു മുമ്പോ പിമ്പോ കണ്ടിട്ടില്ല.

ചാത്തുണ്ണിയുണ്ടോ വിട്ടുകൊടുക്കുന്നു. സൈഡ്‌ലൈനില്‍ നില്‍ക്കാനല്ലെ വിലക്കുള്ളു, കളി കാണാന്‍ ഗ്യാലറിയില്‍ ഇരിക്കുന്നതിനു വിലക്കില്ലല്ലോ? ടിക്കറ്റെടുത്ത് കാണികള്‍ കയറുന്ന ഗ്യാലറിയില്‍ കയറിനിന്ന് ചാത്തുണ്ണി ടീമിന് കളി പറഞ്ഞുകൊടുത്തു. അദ്ദേഹത്തിന് സഹായത്തിനായി ചുറ്റും എന്തിനും പോന്ന ബഗാന്‍ ആരാധകരും.

ആര്‍ത്തലയ്ക്കുന്ന ഒന്നര ലക്ഷത്തോളം കാണികളുടെ ശബ്ദത്തിനിടെ തന്റെ നിര്‍ദേശങ്ങള്‍ താരങ്ങള്‍ കേള്‍ക്കുന്നില്ലെങ്കിലോ എന്ന് ചാത്തുണ്ണി ആലോചിച്ചിരുന്നു. അതുകൊണ്ടു തന്നെ ചില ആംഗ്യ ഭാഷകള്‍ അദ്ദേഹം തന്റെ ടീമംഗങ്ങളെ പഠിപ്പിക്കുകയും ചെയ്തിരുന്നു. താന്‍ കാണിക്കുന്ന ആംഗങ്ങളുടെ അര്‍ഥമെന്താണെന്നും പറഞ്ഞു നല്‍കിയിരുന്നു. പന്തുമായി പായുന്ന കളിക്കാരന്‍ എതിര്‍ഗോള്‍മുഖത്തേക്കോ കളത്തിലെ സഹതാരങ്ങളിലേക്കോ ശ്രദ്ധിക്കാതെ ഗ്യാലറിയിലേക്കു മാത്രം ഉറ്റുനോക്കി പായുന്ന കാഴ്ച അന്നാദ്യമായി ഇന്ത്യന്‍ ഫുട്‌ബോള്‍ രംഗം കണ്ടു. അത്തരമൊരു കാഴ്ച അതിനു മുമ്പോ പിമ്പോ കണ്ടിട്ടില്ല.

ഗോവന്‍ ടീമിനോടുള്ള വാശി അവരെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബഗാനെ ആദ്യമായി ദേശീയ ലീഗ് കിരീടം അണിയിച്ചാണ് ചാത്തുണ്ണി തീര്‍ത്തത്. അതായിരുന്നു അദ്ദേഹം ഒന്നിനോടും വിട്ടുവീഴ്ച ചെയ്യാത്ത പ്രകൃതം. തന്റെ ശിഷ്യന്മാരും അങ്ങനെ ആയിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പിടിവാശി, അത് കളത്തിനകത്തായാലും പുറത്തായാലും.

കേരളത്തിന് കളിക്കാതെ കിരീടം നേടിക്കൊടുത്ത ചാത്തുണ്ണി

ടി കെ ചാത്തുണ്ണിയെന്ന പരിശീലകനെ ആര്‍ക്കും പരിചയപ്പെടുത്തിക്കൊടുക്കേണ്ടി വരില്ല. എന്നാല്‍ ചാത്തുണ്ണിയെന്ന ഫുട്‌ബോള്‍ താരത്തെ 80-കള്‍ വരെയുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്കു മാത്രമേ പരിചയമുണ്ടാകൂ. വാസ്‌കോ ഗോവ, സര്‍വീസസ്, ഗോവ തുടങ്ങിയ ടീമുകളുടെ പ്രതിരോധ നിരയിലെ വിശ്വസ്ത താരമായിരുന്നു ചാത്തുണ്ണി. ഇന്ത്യക്കു വേണ്ടി നിരവധി മത്സരങ്ങള്‍ കളിച്ച അദ്ദേഹം മെര്‍ദേക്ക കപ്പില്‍ മികച്ച പ്രകടനം വച്ചിരുന്നു. ഇന്ത്യന്‍ ജഴ്‌സിയില്‍ ജര്‍മനി, റഷ്യ ടീമുകള്‍ക്കെതിരേ ചാത്തുണ്ണി നടത്തിയ പ്രകടനങ്ങളും ഓര്‍മയില്‍ നില്‍ക്കുന്നതാണ്.

ടി കെ ചാത്തുണ്ണി ക്യാപ്റ്റനായിരുന്ന വാസ്‌കോ ഗോവ ടീം 1972-73 സീസണില്‍ നേടിയ ട്രോഫികളുമായി.
ടി കെ ചാത്തുണ്ണി ക്യാപ്റ്റനായിരുന്ന വാസ്‌കോ ഗോവ ടീം 1972-73 സീസണില്‍ നേടിയ ട്രോഫികളുമായി.

പിന്നീട് വിരമിച്ച ശേഷം ഇന്ത്യയിലെ വിവിധ ക്ലബുകളുടെ പരിശീലകനായി 'റോമിങ് കോച്ച്' എന്ന പേരുനേടിയ ചാത്തുണ്ണി പക്ഷേ ഒരിക്കല്‍പ്പോലും കേരളത്തിനായോ, കേരള ക്ലബുകള്‍ക്കായോ കളിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. താരമായിരിക്കെ കേരളത്തിലെ പ്രശസ്ത ടീമായ പ്രീമിയേഴ്‌സ് ടയേഴ്‌സിന്റെ ഭാഗമായിരുന്നെങ്കിലും കളത്തിലിറങ്ങാന്‍ അവസരം ഉണ്ടായിട്ടില്ല.

എന്നാല്‍ പരിശീലകനായി കേരളത്തിനായി മിന്നുന്ന നേട്ടങ്ങളാണ് ചാത്തുണ്ണി നേടിക്കൊടുത്തത്. 1990-ല്‍ കേരളാ പോലീസ് ആദ്യമായി വിഖ്യാതമായ ഫെഡറേഷന്‍ കപ്പ് നേടുമ്പോള്‍ പരിശീലകനായിരുന്നു ചാത്തുണ്ണി.

'റോമിങ് കോച്ച്' എന്ന പേരുനേടിയ ചാത്തുണ്ണി പക്ഷേ ഒരിക്കല്‍പ്പോലും കേരളത്തിനായോ, കേരള ക്ലബുകള്‍ക്കായോ കളിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ഫുട്‌ബോളില്‍ വലുപ്പച്ചെറുപ്പമില്ലെന്ന് തെളിയിച്ചയാള്‍

ഫുട്‌ബോളിന് വലുപ്പച്ചെറുപ്പമില്ലെന്നു തെളിയിച്ചയാള്‍ കൂടിയാണ് ടി കെ ചാത്തുണ്ണി. മോഹന്‍ ബഗാന്‍, സാല്‍ഗോക്കര്‍, ഡെംപോ ഗോവ, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, എഫ് സി കൊച്ചിന്‍ തുടങ്ങി ഇന്ത്യയിലെ വമ്പന്‍ ക്ലബുകളുടെ പരിശീലകനായി തിളങ്ങിയ ചാത്തുണ്ണിക്ക് കേരളത്തിലെയും മറ്റും ചെറിയ ക്ലബുകള്‍ക്ക് കളിയോതിക്കൊടുക്കാനും മടിയുണ്ടായില്ല.

കേരളത്തിലെ പ്രമുഖ ക്ലബായി വളര്‍ന്ന വിവാ കേരള രൂപീകരിക്കുന്നതും ചാത്തുണ്ണിയാണ്. കേരളം മുഴുവന്‍ സ്‌കൗട്ട് ചെയ്താണ് അന്ന് അദ്ദേഹം പുതിയ ക്ലബിന് രൂപം നല്‍കാന്‍ ടീം മാനേജ്‌മെന്റിന് ഒപ്പം നിന്നത്. ഡെന്‍സണ്‍ ദേവദാസ്, ധനരാജന്‍, ഷൈജു, സലാം, രാജേഷ് തുടങ്ങി പിന്നീട് കേരള ഫുട്‌ബോളില്‍ നിറഞ്ഞു നിന്ന താരങ്ങളെ അങ്ങനെയാണ് അദ്ദേഹം കണ്ടെത്തിയത്.

ജോസ്‌കോ എഫ്‌സി, ചിരാഗ് യുണൈറ്റഡ് എന്നീ ടീമുകള്‍ക്കും കളിപറഞ്ഞു നല്‍കിയ അദ്ദേഹം അവസാന കാലത്ത് കൊച്ചിയിലെയും പാലായിലെയും ഫുട്‌ബോള്‍ അക്കാദമികളുടെ മേല്‍നോട്ടവും വഹിച്ചിരുന്നു. മരിക്കുന്നതിനു മുമ്പും പാലായില്‍ കുട്ടികള്‍ക്കായുള്ള അക്കാദമിയില്‍ അവര്‍ക്ക് കളി പറഞ്ഞുനല്‍കാന്‍ കൃത്യമായി എത്തിയ ചാത്തുണ്ണിയെയാണ് ഫുട്‌ബോള്‍ ലോകത്തിന് പരിചയം. കാര്‍ക്കശ്യത്തിന്റെ മുഖംമൂടി എപ്പോഴും അണിഞ്ഞിരുന്നെങ്കിലും ശിഷ്യന്മാര്‍ക്ക് എന്നും പ്രിയപ്പെട്ട ഗുരുനാഥനായിരുന്നു സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി...

logo
The Fourth
www.thefourthnews.in