എം ആര്‍ ജോസഫ്: വിടവാങ്ങിയത് എഴുപതുകളിലെ 'കുട്ടിപ്പട്ടാളങ്ങളുടെ' ഹീറോ
1973 സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന സമയത്ത് എനിക്ക് ഒന്‍പത് വയസ് തികഞ്ഞിട്ടില്ല. എറണാകുളത്തുള്ള എന്റെ പിതാവിന്റെ അമ്മായിയുടെ വീട്ടില്‍ വളര്‍ന്നത് കൊണ്ട് അക്കാലത്ത് തന്നെ എനിക്കും എന്റെ ഒരേയൊരു സഹോദരനും ചെറുപ്പം മുതല്‍ തന്നെ സ്‌പോര്‍ട്‌സ് വാര്‍ത്തകള്‍ കായികപ്രേമവും ഫോളോ ചെയ്യുന്ന ശീലവും കുറച്ചധികം തന്നെ ഉണ്ടായിരുന്നു. അതിന് പ്രധാന കാരണം ആ വീട്ടിലെ മുതിര്‍ന്ന രണ്ട് സഹോദരന്മാര്‍ ആയിരുന്ന ബേബിച്ചായനും രാജുച്ചായനുമാണ്. ഒപ്പം അവരുടെ സഹോദരി ഭര്‍ത്താവും അഭിഭാഷകനും ആയ വി സി ജെയിംസും.
ആ വര്‍ഷം(1973) ഡിസംബര്‍ മാസത്തില്‍ എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ സന്തോഷ് ട്രോഫി വന്നെത്തുന്നു. അന്ന് അത് കേവലമൊരു ഫുട്‌ബോള്‍ ടൂര്‍ണമെന്റ് എന്ന് മാത്രമേ എനിക്ക് അറിയു. ഞാന്‍ ഒരു നാലാം ക്ലാസ്സുകാരന്‍ വിദ്യാര്‍ഥി. ഞാന്‍ പഠിച്ചിരുന്ന പ്രൈമറി സ്‌കൂള്‍ മഹാരാജാസ് ഗ്രൗണ്ടില്‍ നിന്നും വളരെ അടുത്തുള്ള സെന്റ് തെരേസാസ് ക്യാമ്പസിലായിരുന്നു. അതുകൊണ്ടുതന്നെ സന്തോഷ് ട്രോഫിയില്‍ എനിക്ക് ആ സമയത്ത് വളരെ താല്പര്യം വന്നിരുന്നു.
വൈകുന്നേരം സ്‌കൂള്‍ കഴിയുമ്പോള്‍ ഞങ്ങള്‍ താമസിച്ചിരുന്ന പുല്ലേപ്പടിയില്‍ നിന്ന് കുട്ടികളെ സ്‌കൂളില്‍ എത്തിച്ചിരുന്ന മാധവന്റെ സൈക്കിള്‍ റിക്ഷ സ്റ്റേഡിയത്തിന്റെ വടക്കേ അതിര്‍ത്തിയില്‍ ഉള്ള മുല്ലശേരി കനാല്‍ റോഡിലൂടെ ആയിരുന്നു പലപ്പോഴും സ്‌കൂളില്‍ നിന്ന് തിരികെ വന്നിരുന്നത്.
സന്തോഷ് ട്രോഫിക്കായി മുള ഗ്യാലറി പണിയുന്നതും ഉദ്ഘാടന മത്സരത്തിന് ഞാനും സഹോദരനും അമ്മായിയുടെ ഒരു മകനും മരുമകനുമൊപ്പം പോയതുമൊക്കെ ഓര്‍മയുടെ ഷെല്‍ഫിലുണ്ട്. സര്‍വീസസും ഉത്തര്‍പ്രദേശും തമ്മിലായിരുന്നു ആദ്യ മത്സരം. ഞാന്‍ ആദ്യമായി കണ്ട സന്തോഷ് ട്രോഫി ഗോള്‍ അന്നായിരുന്നു പിറന്നത്. സ്‌കോര്‍ ചെയ്തത് ഒരു മലയാളിയും, സര്‍വീസിന്റെ മലപ്പുറം അസീസ്. (രണ്ടു വര്‍ഷങ്ങള്‍ മുന്‍പ് അദ്ദേഹം അന്തരിച്ചു).
അന്ന് ആഭ്യന്തര മന്ത്രി ആയിരുന്ന കെ കരുണാകരന്‍ ആയിരുന്നു ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തത്. ഒരു ബോള്‍ നേവിയുടെ ഹെലികോപ്ടറില്‍ നിന്ന് താഴേക്ക് ഇടുന്നതു ഒക്കെ കൗതുകത്തോടെ ഞങ്ങള്‍ വടക്കുവശത്തുള്ള മുള ഗാലറിയില്‍ നിന്നും നോക്കിയിരുന്നത് ഇന്നലെ നടന്നത് പോലെ മനസിലുണ്ട്.
ആ സന്തോഷ് ട്രോഫിയില്‍ മൊത്തം മൂന്നോ അതിലധികമോ ഗോളുകള്‍ എം ആര്‍ ജോസഫ് നേടിയിരുന്നു എന്നാണു എന്റെ ഓര്‍മ. സെമിഫൈനലിന്റെ ആദ്യ പാദത്തില്‍ മഹാരാഷ്ട്രയ്ക്ക് എതിരെയും ക്വാര്‍ട്ടറില്‍ ആന്ധ്രയെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് തോല്‍പിക്കുമ്പോഴും ജോസഫ് സ്‌കോര്‍ ചെയ്തിരുന്നു. അത് നന്നായി ഓര്‍ക്കുന്നു.
അന്ന് മണിപ്പൂരിനെ തോല്‍പ്പിക്കുമ്പോഴും അദേഹം സ്‌കോര്‍ ചെയ്തിരുന്നതായാണ് ഓര്‍മ. അങ്ങനെ കാണികളുടെ ഇടയില്‍ ശ്രദ്ധ നേടിയിരുന്നു ജോസഫ്. അതുകൊണ്ടു അന്നത്തെ കുട്ടിപട്ടാളങ്ങള്‍ക്കു പോലും പരിചിതമായ പേര് ആയിരുന്നു അദ്ദേഹത്തിന്റേത്.
പിന്നീട് നാല് മാസത്തിനു ശേഷം വേനല്‍ അവധിക്ക് എന്റെ സ്വദേശമായ ചങ്ങനാശേരിയില്‍ അക്കാലത്തുണ്ടായിരുന്ന ഓള്‍ ഇന്ത്യ കെ.എഫ്.എ ഷീല്‍ഡ് മത്സരങ്ങള്‍ കാണിക്കാന്‍ എന്നെ എന്റെ മാതൃസഹോദരന്‍ ജോസ്‌കുട്ടിയും എന്റെ കസിന്‍ ജോജോയും (ജോജോ അന്ന് ഒന്‍പതില്‍ പഠിക്കുന്നു) കൊണ്ടുപോയത് ഓര്‍ക്കുന്നു. ആ ടൂര്‍ണമെന്റില്‍ ആണ് എം.ആര്‍ ജോസഫിനെ കൂടുതല്‍ അടുത്തു നിന്നും കണ്ടറിഞ്ഞത്.
അദ്ദേഹം അന്ന് എഫ്.എ.സി.ടിയ്ക്കു വേണ്ടിയായിരുന്നു കളിച്ചിരുന്നത്. സെമിഫൈനലില്‍ ജെസിടി മില്‍സ് ഫഗ്വാരയെയായിരുന്നു എഫ്.എ.സി.ടിപരാജയപ്പെടുത്തിയത് എന്നാണ് എന്റെ ഓര്‍മ. (അതോ ടൈറ്റാനിയത്തെയോ). അന്ന് കേരളത്തിന്റെ ഗ്ലാമര്‍ ടീം ആയി ഉയര്‍ന്നു വന്നിരുന്ന പ്രീമിയര്‍ ടയേഴ്‌സിനെ ഒരു ഗോളിനു തോല്‍പ്പിച്ചു എഫ്.എ.സി.ടി അവിടെ ചാമ്പ്യന്മാരായി. നാല് മാസങ്ങള്‍ മുന്‍പ് സന്തോഷ് ട്രോഫി ആദ്യമായി ജയിച്ച കേരള ടീമിന്റെ ക്യാപ്റ്റന്‍ ടി കെ സുബ്രമണി എന്ന മണി തന്നെ ആയിരുന്നു എഫ്.എ.സി.ടിയുടെ നായകന്‍. ഗോളി മുടി നീണ്ട ഒരു ഗഫൂര്‍. ടീമിലെ ആ ടീമിലെ നെടുംതൂണുകളില്‍ ഒരാള്‍ ആയിരുന്നു ജോസഫ്. അന്ന് മത്സരം മുഴുവന്‍ കണ്ടതും ഓര്‍ക്കുന്നു.
പിന്നീട് ഏതാണ്ട് രണ്ടു ദശകം കഴിഞ്ഞായിരുന്നു ഞാന്‍ ജോസഫിനെ കുറിച്ച് കേള്‍ക്കുന്നത്. അദ്ദേഹം കൊച്ചി പോര്‍ട്ട് ട്രസ്റ്റില്‍ വര്‍ഷങ്ങള്‍ മുന്‍പ് തന്നെ ജോലിയില്‍ കയറിയത് പോലും അന്നാണ് അറിയുന്നത്. അങ്ങനെ 1993 ഫെബ്രുവരിയില്‍ ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ട്രോഫി കൊച്ചിയില്‍ വീണ്ടും വരുമ്പോള്‍ മുന്‍കാല താരങ്ങളെ തിരക്കി നടക്കുന്ന സമയത്തായിരുന്നു അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നത്.
ഞാന്‍ അന്ന് കൊച്ചി ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തില്‍ സ്‌പോര്‍ട്‌സ് ലേഖകന്‍ ആയിരുന്നു. അദ്ദേഹത്തെ അഭിമുഖം നടത്തിയത് എന്റെ കൂടെയുണ്ടായിരുന്ന കെ പ്രദീപ് ആയിരുന്നു. വൈറ്റിലയ്ക്കു അടുത്ത് തൈക്കൂടം ഭാഗത്തായിരുന്നു ജോസഫ് അന്ന് താമസിച്ചിരുന്നത്. പ്രദീപ് വളരെയേറെ ബുദ്ധിമുട്ടിയാണ് അദ്ദേഹത്തെ അന്ന് കണ്ടുപിടിച്ചത്. അന്ന് 1973 യിലെ വിജയത്തേക്കാള്‍ കൂടുതല്‍ ആയി ജോസഫ് പങ്കുവച്ചത് ജീവിതത്തില്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു. അതിനു ശേഷം പിനീട് ആരും തന്നെ ഫുട്‌ബോളിലെ ആ താരത്തിന്റെ നേട്ടങ്ങള്‍ സംസാരിക്കുന്നത് കേട്ടിട്ടില്ല. എന്തുകൊണ്ടാണെന്ന് എനിക്ക് ഇന്നും മനസിലായിട്ടില്ല. ഇന്നലെകളുടെ താരങ്ങളില്‍ പ്രമുഖന്‍ ആയിരുന്ന ജോസഫ് ചേട്ടന് ആദാഞ്ജലികള്‍. എഴുപത്തിമൂന്നിലെ സന്തോഷ് ട്രോഫി വിജയിച്ച ടീമിലെ നമ്മെ വിട്ടു പോകുന്ന ഒന്‍പതാമത്തെ താരം ആണ് ജോസഫ് .