മകളേ നിനക്കായ്...
ഫോട്ടോ- അജയ് മധു.

മകളേ നിനക്കായ്...

ഗോള്‍ ആഘോഷിക്കാന്‍ ഒത്തുകൂടിയ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പിന്നീട് ലൂണയെ ആശ്വസിപ്പിക്കാന്‍ പാടുപെടുന്ന കാഴ്ച ഏവരുടെയും ഹൃദയത്തെ സ്പര്‍ശിച്ചുകാണുമെന്നു തീര്‍ച്ചയാണ്.
Updated on
2 min read

മഞ്ഞക്കടലിനു നടുവില്‍... 11 അംഗ എതിര്‍പ്പടയ്‌ക്കെതിരേ 72-ാം മിനിറ്റില്‍ നേടിയ ഗോള്‍... കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തെ പ്രകടമ്പനം കൊള്ളിച്ച ആ ഗോള്‍... ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2022-23 സീസണിലെ ആദ്യ ഗോള്‍, കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോള്‍... വിശേഷണങ്ങള്‍ പലതുണ്ടാകാം അതിന്.

പക്ഷേ അഡ്രിയാന്‍ നിക്കോളാസ് ലൂണ റെറ്റാമര്‍ എന്ന യുറുഗ്വേയ്ക്കാരന് ആ ഗോള്‍ ഈ പറഞ്ഞതൊന്നുമായിരുന്നുന്നില്ല. ഇന്നേക്ക് കൃത്യം ആറു മാസം മുമ്പ് തന്നെയും കുടുംബത്തെയും വിട്ട് ഈ ലോകത്തോടു തന്നെ വിടപറഞ്ഞു പോയ ആറു വയസുകാരി മകള്‍ ജൂലിയറ്റയ്ക്കുള്ള സ്‌നേഹ സമ്മാനമായിരുന്നു.

ഈ വര്‍ഷം ഏപ്രില്‍ ഒമ്പതിനായിരുന്നു സിസ്റ്റിക് ഫൈബ്രോസിസ് എന്ന ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച് ലൂണയുടെ മകള്‍ ജൂലിയറ്റ മരണമടഞ്ഞത്. തന്റെ ട്വിറ്റര്‍ പേജിലൂടെ ലൂണ തന്നെയാണ് ഹൃദയഭേദകമായ വാര്‍ത്ത അന്ന് ആരാധകരെ അറിയിച്ചത്.

അഡ്രിയാന്‍ ലുണ മകള്‍ ജൂലിയറ്റയ്‌ക്കൊപ്പം. -ഇന്‍സ്റ്റാഗ്രാം ചിത്രം.
അഡ്രിയാന്‍ ലുണ മകള്‍ ജൂലിയറ്റയ്‌ക്കൊപ്പം. -ഇന്‍സ്റ്റാഗ്രാം ചിത്രം.

മകളുടെ മരണത്തെത്തുടര്‍ന്ന് ഏതാനും നാളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നു വിട്ടുനിന്ന ലൂണ ഏറെ സമയമെടുത്താണ് തിരിച്ചെത്തിയത്. തന്നെ ഇഷ്ടപ്പെടുന്ന മലയാളി ആരാധകരോട് താന്‍ തിരിച്ചെത്തുമെന്ന വാക്കു പാലിച്ച ലൂണ തുടര്‍ച്ചയായ രണ്ടാം സീസണിലും ടീമിന്റെ കുന്തമുനയാകുമെന്ന സൂചന കൂടിയാണ് ഇന്നലെ ഗോള്‍ നേടി തെളിയിച്ചത്.

മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഗോളടിക്കാന്‍ വിടാതെ ഈസ്റ്റ്ബംഗാള്‍ പ്രതിരോധം വരിഞ്ഞുകെട്ടിയിരുന്ന നിമിഷത്തിലാണ് ഹര്‍മന്‍ജ്യോത് ഖാബ്ര നല്‍കിയ ലോങ് ലോബ് സ്വീകരിച്ച് തകര്‍പ്പനൊരു വോളിയിലൂടെ ലൂണ ടീമിന്റെ രക്ഷകനായത്. ഗോള്‍വീണതോടെ സ്‌റ്റേഡിയം പ്രകമ്പനം കൊണ്ടപ്പോള്‍ മകളുടെ ഓര്‍മയില്‍ ഹൃദയം വിങ്ങുകയായിരുന്നു ലൂണയ്ക്ക്.

ഗോള്‍ നേടിയ ശേഷം ജഴ്‌സിയുടെ കൈ ചുരുട്ടിക്കയറ്റി മകളുടെ രൂപം പച്ചകുത്തിയ ഭാഗത്ത് ചുംബിച്ച ലൂണ ആരാധകര്‍ കാത്തിരുന്ന ഗോള്‍ തന്റെ മകള്‍ക്ക് സമര്‍പ്പിക്കുകയാണ് ചെയ്തത്. പിന്നീട് നിറകണ്ണുകളോടെ ആകാശത്തേക്ക് ഇരുകൈകളും ഉയര്‍ത്തിയ താരം വികാരവിക്ഷോഭത്താല്‍ നിലത്തു മുട്ടുകുത്തി മുഖം അമര്‍ത്തി വിങ്ങിപ്പൊട്ടുകയും ചെയ്തു.

ഗോള്‍ ആഘോഷിക്കാന്‍ ഒത്തുകൂടിയ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പിന്നീട് ലൂണയെ ആശ്വസിപ്പിക്കാന്‍ പാടുപെടുന്ന കാഴ്ച ഏവരുടെയും ഹൃദയത്തെ സ്പര്‍ശിച്ചുകാണുമെന്നു തീര്‍ച്ചയാണ്. സഹതാരങ്ങള്‍ക്കൊപ്പം കളി തുടരാന്‍ വീണ്ടും ഓടി നീങ്ങുമ്പോഴും ആ കണ്ണുകളില്‍ നികത്താനാകാത്ത നഷ്ടദുഃഖം കാണാമായിരുന്നു.

കഴിഞ്ഞ സീസണിലാണ് ലൂണ ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുന്നത്. ആദ്യ സീസണില്‍ തന്നെ മിന്നും പ്രകടനവുമായി ടീമിന്റെയും ആരാധകരുടെയും പ്രിയതാരമായി മാറിയ ലൂണയെയാണ് ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ആദ്യം നിലനിര്‍ത്തിയതും. കഴിഞ്ഞ സീസണില്‍ നിര്‍ത്തിയിടത്തു നിന്നു തന്നെയാണ് ലൂണ ആരംഭിച്ചിരിക്കുന്നതും. വരുന്ന ദിനങ്ങളില്‍ ആ ബൂട്ടില്‍ നിന്ന് കൂടുതല്‍ ഗോളുകളാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

logo
The Fourth
www.thefourthnews.in