ഏഷ്യന്‍കപ്പ്: ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു, നിര്‍ണായക മത്സരത്തില്‍ ഉസ്‌ബെക്കിസ്താന് ജയം
ഏഷ്യന്‍കപ്പ് ഫുട്ബാളിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഉസ്‌ബെക്‌സ്താനെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. മികച്ച പന്തടക്കവും പാസുകളുമായി കളം നിറഞ്ഞ് കളിച്ചെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഒന്നാം പകുതിയില്‍ തന്നെ മൂന്ന് ഗോളുകളാണ് ഇന്ത്യയ്ക്ക് വഴങ്ങേണ്ടിവന്നത്.
തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി എഎഫ്‌സി ഏഷ്യന്‍ കപ്പിൽ നിന്നും ഇന്ത്യന്‍ ടീം പുറത്തായി. ഇതിനു മുൻപ് ഓസ്ട്രേലിയയോടാണ് സുനില്‍ ഛേത്രിയും സംഘവും തോൽവിയേറ്റുവാങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ നിന്നും വ്യത്യസ്തമായി മൂന്ന് മാറ്റങ്ങളോടെയാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക് ഉസ്ബെക്കിസ്ഥാനെതിരെ ഇന്ത്യന്‍ ടീമിനെ നിരത്തിലിറക്കിയത്.
അബൂബെക്കര്‍ ഫൈസുല്ലയേവ്, ഇഗോര്‍ സെർജീവ്, ഷെര്‍സൂദ് നസ്രുല്ലോവ് എന്നിവരാണ് ഉസ്ബെക്കിസ്താന് വേണ്ടി ഗോള്‍ നേടിയത്. മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ഉസ്ബെക്കിസ്താന് വേണ്ടി ഫൈസുല്ലയേവ് ഇന്ത്യന്‍ വലകുലുക്കി. തുടര്‍ന്ന് 18ാം മിനിറ്റിലും ഒന്നാം പകുതിയുടെ അധിക സമയത്തും ഇന്ത്യ ഗോള്‍ വഴങ്ങുകയായിരുന്നു.
രണ്ടാം മത്സരത്തിലും തോല്‍വിയേറ്റുവാങ്ങിയതോടെ പോയിന്റ് പട്ടിയില്‍ ഇന്ത്യ ഗ്രൂപ്പ് ബിയില്‍ അവസാന സ്ഥാനത്തായി. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ ആറ് പോയിന്റുകള്‍ നേടി ഗ്രൂപ്പില്‍ ഒന്നാമതായി. ഇന്ത്യയ്ക്ക് എതിരായ മത്സരത്തില്‍ ജയിച്ച ഉസ്‌ബെക്കിസ്താന്‍ രണ്ടാം സ്ഥാനത്തെത്തി. സിറിയയാണ് മൂന്നാമത്.