പ്രാര്‍ത്ഥിക്കാം, നമ്മുടെ പന്തുകളിക്കാര്‍ക്ക് വേണ്ടി!

പ്രാര്‍ത്ഥിക്കാം, നമ്മുടെ പന്തുകളിക്കാര്‍ക്ക് വേണ്ടി!

സ്വന്തം പ്രതിരോധത്തെ വെട്ടിച്ചുകടന്ന് സ്വന്തം പോസ്റ്റിലേക്ക് നിറയൊഴിക്കാന്‍ ജന്മസിദ്ധമായ കഴിവുള്ളവരാണ് നമ്മുടെ പല സംഘാടക പ്രഭൃതികളും
Updated on
3 min read

മുന്തിയ കളിക്കാരാണ് നമ്മുടെ ഫുട്ബാള്‍ സംഘാടകര്‍ പലരും. കളി കളത്തിലല്ല പുറത്താണെന്ന് മാത്രം. നിയമങ്ങളും വേറെ. കളിക്കാരന്‍ ഞൊടിയിടയില്‍ കോച്ചാകും ഇക്കളിയില്‍, കോച്ച് ചിലപ്പോള്‍ റഫറിയാകും. റഫറി വെറും കാണിയും. ഗോളുകള്‍ക്കുമുണ്ടാവില്ല പഞ്ഞം. മിക്കതും ശൂന്യതയില്‍ നിന്ന് പൊട്ടിവിരിയുന്ന അത്ഭുതഗോളുകള്‍.

മൊത്തത്തില്‍ ഒരു ന്യൂജന്‍ സസ്‌പെന്‍സ് ത്രില്ലറിന്റെ കെട്ടും മട്ടും ട്വിസ്റ്റുകളും. ഗ്യാലറിയില്‍ അന്തം വിട്ടിരുന്നു കയ്യടിക്കേണ്ട കാര്യമേയുള്ളൂ നമ്മള്‍ കളിഭ്രാന്തന്മാര്‍ക്ക്.

പ്രശ്നം അതല്ല; ഇങ്ങനെ വീഴുന്ന ഗോളുകള്‍ മിക്കതും സെല്‍ഫ് ഗോളുകളായിരിക്കും. സ്വന്തം പ്രതിരോധത്തെ വെട്ടിച്ചുകടന്ന് സ്വന്തം പോസ്റ്റിലേക്ക് നിറയൊഴിക്കാന്‍ ജന്മസിദ്ധമായ കഴിവുള്ളവരാണ് നമ്മുടെ പല സംഘാടക പ്രഭൃതികളും; അവരിലധികവും ഫുള്‍ടൈം രാഷ്ട്രീയക്കാര്‍ ആയതുകൊണ്ടുള്ള ഗുണം. അത്തരമൊരു സെല്‍ഫ് ഗോള്‍ ഇന്ത്യന്‍ ഫുട്ബാളിന്റെ വലയില്‍ വന്നു വീഴുന്നത് ഇക്കഴിഞ്ഞ ദിവസം നെഞ്ചിടിപ്പോടെ നാം കണ്ടു; ഫിഫയുടെ വിലക്കിന്റെ രൂപത്തില്‍.

അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്റെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തുനിന്നുള്ള കൈകടത്തല്‍ ഉണ്ടായതാണത്രേ നിരോധനത്തിന് കാരണം. കാലാകാലങ്ങളായി ആ സംഘടനയുടെ ചെയ്തികള്‍ പിന്തുടരുന്ന ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ചിരി വരുന്നുണ്ടാകും ഇത് കേള്‍ക്കുമ്പോള്‍. അകത്തു നിന്നുള്ള "കൈകടത്തല്‍'' ഒന്നവസാനിച്ചിട്ടുവേണ്ടേ പുറത്തുള്ളവര്‍ക്ക് ചെറുവിരലെങ്കിലും കടത്താനുള്ള ഗ്യാപ്പ് കിട്ടാന്‍.

1960-70 കാലഘട്ടത്തില്‍ ഏഷ്യന്‍ നിലവാരത്തില്‍ ഏറ്റവും ഔന്നത്യമുള്ള ഫുട്ബാള്‍ ടീമുകളില്‍ ഒന്നായിരുന്ന, കൊറിയയേയും ഇറാനേയും ജപ്പാനെയും പോലുള്ള ഘടാഘടിയന്‍ ടീമുകളെപ്പോലും വെള്ളം കുടിപ്പിച്ചിരുന്ന നമ്മുടെ ഇന്ത്യ എങ്ങനെ ബംഗ്ലാദേശിനെയും പാകിസ്താനെയും നേപ്പാളിനെയും പോലുള്ള "കുറുഞ്ചാത്ത''ന്മാരെ കണ്ടാല്‍ പോലും മുട്ടുവിറക്കുന്ന പരുവത്തിലെത്തി? അതിന്റെ പൊരുളറിയാന്‍ 1956 ലെ ചരിത്രപ്രസിദ്ധമായ മെല്‍ബണ്‍ ഒളിമ്പിക്‌സിലേക്ക് തിരിച്ചു നടക്കണം നാം. ചരിത്രത്തിലാദ്യമായും അവസാനമായും ഇന്ത്യ സെമിഫൈനല്‍ കാണുകയും നാലാം സ്ഥാനത്തെത്തുകയും ചെയ്ത ഗെയിംസ്.

ഫുട്ബാളിന്റെ തലപ്പത്തെ "രാഷ്ട്രീയം'' ആദ്യമായി മറനീക്കി പുറത്തുവന്നത് മെല്‍ബണ്‍ ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിനിടയിലാണ്.

ആ അഭിമാന നിമിഷത്തില്‍ അപമാനത്തിന്റെ കണികകള്‍ കൂടി ചേര്‍ന്നിരുന്നു എന്നത് പലര്‍ക്കും അറിയാത്ത കാര്യം. ഫുട്ബാളിന്റെ തലപ്പത്തെ "രാഷ്ട്രീയം'' ആദ്യമായി മറനീക്കി പുറത്തുവന്നത് മെല്‍ബണ്‍ ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിനിടയിലാണ്. ഗുസ്തി പിടിക്കാന്‍ ഗോദയില്‍ മുഖാമുഖം നിന്നത് ചില്ലറക്കാരല്ല; അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷനും (എഐഎഫ്എഫ്) ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും (ഐ ഒ എ).

ആ വര്‍ഷം ഓഗസ്റ്റില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഫെഡറേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് ദേശീയ ടീമിനെ ഒളിമ്പിക്‌സിനയക്കാനുള്ള തീരുമാനം വരുന്നത്. മൂന്ന് ഘട്ടങ്ങളായുള്ള പരിശീലന ക്യാമ്പിന്റെ ഷെഡ്യൂളും താമസിയാതെ പുറത്തിറങ്ങി. ആദ്യ രണ്ടു ഘട്ടങ്ങള്‍ കൊല്‍ക്കത്തയില്‍; അവസാന ക്യാമ്പ് മുംബൈയിലും. എസ് എ റഹീമിനെ കോച്ചായും ഫെഡറേഷന്റെ ഇഷ്ടക്കാരന്‍ സമര്‍ ബോദ്രു ബാനര്‍ജിയെ ക്യാപ്റ്റനായും നിയമിച്ചുകൊണ്ടുള്ള ഉത്തരവുകളും പിന്നാലെ വന്നു. അധികമാര്‍ക്കുമില്ല പരാതി. എല്ലാം ക്ലീന്‍.

ഇന്ത്യന്‍ സംഘത്തിന്റെ ഔദ്യോഗിക തലവനായി അന്നത്തെ എ ഐ എഫ് എഫ് പ്രസിഡന്റ് പങ്കജ് ഗുപ്ത നിയോഗിക്കപ്പെട്ടതോടെയാണ് മുറുമുറുപ്പിന്റെ തുടക്കം. ദേശീയ ടീമിനെ ഒളിമ്പിക്‌സിനയക്കേണ്ട ചുമതല പതിറ്റാണ്ടുകളായി ഏറ്റെടുത്തു നിര്‍വഹിച്ചു വരികയായിരുന്ന ഐ ഒ എക്ക് ആ "ധിക്കാരം'' രുചിക്കാതെ പോയത് സ്വാഭാവികം. ഗുപ്തയുടെ നിയമനം റദ്ദ് ചെയ്ത് സ്വന്തക്കാരില്‍ ഒരാളെ സംഘത്തലവനായി നിയോഗിക്കുന്നു അവര്‍. ഗുപ്തയും ഐ ഒ എയുടെ പുതിയ തലവന്‍ അശ്വിനീ കുമാറും തമ്മിലുള്ള വാള്‍പ്പയറ്റ് തുടങ്ങിയത് അവിടെനിന്നാണ്.

ദേശീയ ടീമിനോടും ഫുട്ബാളിനോടുമുള്ള സ്‌നേഹം അതോടെ അതിന്റെ പാട്ടിന് പോയി. അധികാരത്തില്‍ കണ്ണുനട്ടുള്ള നാണം കെട്ട "അവകാശസമര''മായി പിന്നെ.

ഒളിമ്പിക്‌സിനുള്ള ദേശീയ ടീമുകളെ സ്‌പോണ്‍സര്‍ ചെയ്യേണ്ട ബാധ്യത ഐഒഎയ്ക്കായിരുന്നു അതുവരെ. "യുദ്ധം'' കൊടുമ്പിരിക്കൊണ്ടതോടെ വിദേശ യാത്രക്ക് പണം മുടക്കാനാവില്ല എന്നായി അസോസിയേഷന്‍. എന്തു വിലകൊടുത്തും ഇന്ത്യന്‍ ടീമിന്റെ മെല്‍ബണ്‍ യാത്ര മുടക്കുകയായിരുന്നു ഐഒ എയുടെ ലക്ഷ്യം. പക്ഷേ, പങ്കജ് ഗുപ്തക്ക് പുറമെ ടീം മാനേജരായി ഖലീഫ സിയാവുദ്ദീനെയും അസിസ്റ്റന്റ് മാനേജരായി ഫെലു മൊഹാപത്രയേയും ടീമിനൊപ്പം ഓസ്ട്രേലിയയിലേക്കയക്കാന്‍ തീരുമാനിച്ചിരുന്ന എഐഎഫ്എഫിന് എങ്ങനെ സ്വന്തം നിലപാടില്‍ നിന്ന് പിന്മാറാനാകും?

ആ ഘട്ടത്തില്‍ ഒളിമ്പിക് അസോസിയേഷന്‍ മറ്റൊരു ഉപാധി കൂടി മുന്നോട്ടുവെക്കുന്നു: ടീമിന് മെല്‍ബണിലേക്ക് പോകാന്‍ അനുമതി നല്‍കണമെങ്കില്‍ ഫെഡറേഷന്‍ 33,000 രൂപ കെട്ടിവെക്കണം; അതും ഏറ്റവും ചുരുങ്ങിയ സമയത്തില്‍. അന്നത് അത്ര ചെറിയ സംഖ്യയല്ല. ഫെഡറേഷന്‍ വലിയ സാമ്പത്തിക പിന്തുണയുള്ള സംഘടനയുമല്ല. തൊട്ടു മുന്‍പത്തെ ഒളിമ്പിക് മേളകള്‍ക്ക് (ലണ്ടന്‍ 1948, ഹെല്‍സിങ്കി 1952) പോയതുതന്നെ സംസ്ഥാന അസോസിയേഷനുകളില്‍ നിന്ന് നിര്‍ബന്ധപൂര്‍വം പിരിച്ചെടുത്ത "നക്കാപ്പിച്ച'' കൊണ്ടാണ്.

നിശ്ചിത സമയത്തിനുള്ളില്‍ പണം കെട്ടിവെച്ചില്ലെങ്കില്‍ ഒളിമ്പിക്‌സിനുള്ള എന്‍ട്രി നിരുപാധികം പിന്‍വലിക്കും എന്നായിരുന്നു ഐഒഎയുടെ ഭീഷണി. വീണ്ടും അനിശ്ചിതത്വം. ഒടുവില്‍ വിദേശയാത്രക്ക് കച്ചകെട്ടി ഇരിക്കുകയായിരുന്ന സിയാവുദ്ദീന്‍ സാഹിബ് തന്നെ എഐഎഫ്എഫിന്റെ രക്ഷക്കെത്തുന്നു. കെട്ടിവെക്കാനുള്ള തുക ഏര്‍പ്പാടാക്കിയത് സിയാവുദ്ദീന്‍.

ടീം മെല്‍ബണില്‍ എത്തിയിട്ടും ഫുട്ബാള്‍ ഫെഡറേഷന്റെ കഴുത്തിലെ പിടി അയച്ചുവിട്ടില്ല ഒളിമ്പിക് അസോസിയേഷന്‍.

അനുമതി തരാം, ഓസ്‌ട്രേലിയയിലേക്കുള്ള വിമാനയാത്രക്കൂലി ഫെഡറേഷന്‍ വഹിക്കണം എന്നായിരുന്നു ഐഒഎയുടെ അടുത്ത നിബന്ധന. പങ്കജ് ഗുപ്തയുണ്ടോ വിടുന്നു? അടുത്ത സുഹൃത്തുക്കളുടെ ഉടമസ്ഥതയിലുള്ള മെര്‍ക്കുറി ട്രാവല്‍സുമായി ചേര്‍ന്ന് മെല്‍ബണ്‍ യാത്രാ സംവിധാനം ചുരുങ്ങിയ ചെലവില്‍ തട്ടിക്കൂട്ടുന്നു ഗുപ്ത.

ടീം മെല്‍ബണില്‍ എത്തിയിട്ടും ഫുട്ബാള്‍ ഫെഡറേഷന്റെ കഴുത്തിലെ പിടി അയച്ചുവിട്ടില്ല ഒളിമ്പിക് അസോസിയേഷന്‍. അസിസ്റ്റന്റ് മാനേജര്‍ എന്ന പേരില്‍ ടീമിനൊപ്പം പോയ മൊഹാപത്ര ആയിരുന്നു അടുത്ത ഇര. ടിയാന് ഔദ്യോഗിക ഐഡന്റിറ്റി കാര്‍ഡ് അനുവദിക്കാന്‍ വിസമ്മതിച്ചു അസോസിയേഷന്‍. മറ്റൊരു ടീമിനും ഇല്ലാത്ത അസിസ്റ്റന്റ് മാനേജര്‍ എന്ന പദവി നമുക്ക് മാത്രം എന്തിന് എന്നായിരുന്നു അവരുടെ ചോദ്യം. അത് ന്യായമായിരുന്നു താനും. ഒടുവില്‍ ഗെയിംസ് വേദിയുടെ ചുറ്റുവട്ടത്ത് "തിരിഞ്ഞുകളിച്ച'' ശേഷം കളിയൊന്നും കാണാനാവാതെ തിരിച്ചുപോരേണ്ടി വന്നു മൊഹാപത്രക്ക്.

ശരിക്കും ഒരു വിനോദസഞ്ചാരം. പില്‍ക്കാലത്ത് ദേശീയ ടീമുകള്‍ക്കൊപ്പം അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്റെ അനുഗ്രഹാശിസ്സുകളോടെ ചുളുവില്‍ വിദേശയാത്ര തരപ്പെടുത്തുന്ന ഇത്തരം നിരവധി ടൂറിസ്റ്റുകളെ കണ്ടു നാം. (ഒരു തമാശ കൂടി. എല്ലാ ടീമുകളും കോച്ചുകളും അസിസ്റ്റന്റ് കോച്ചുകളുമായി ടൂര്‍ണമെന്റുകള്‍ക്ക് എത്തുമ്പോള്‍ നമ്മള്‍ മാത്രം വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ ജോലിയും കൂലിയും ഇല്ലാത്ത രാഷ്ട്രീയക്കാരെയോ മാനേജര്‍മാരാക്കി ടീമിനൊപ്പം വിടുന്ന പതിവ് ഇപ്പോഴുമുണ്ട് നിലവില്‍).

കളത്തിനു പുറത്തെ നാണം കെട്ട അധികാരത്തര്‍ക്കങ്ങളൊന്നും ഭാഗ്യവശാല്‍ മെല്‍ബണിലെ ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചില്ല എന്നതിന് അവരുടെ പ്രകടനം സാക്ഷ്യം. ആതിഥേയരായ ഓസ്ട്രേലിയയെ സെന്റര്‍ ഫോര്‍വേഡ് നെവില്‍ ഡിസൂസയുടെ മിന്നുന്ന ഹാട്രിക്കോടെ 4--2 ന് കെട്ടുകെട്ടിച്ചു സെമിയിലെത്തിയ ടീം അവിടെ വെച്ച് യുഗോസ്ലാവ്യയോട് പൊരുതിതോറ്റെങ്കിലും അതിനകം ഫുട്ബാള്‍ ലോകത്ത് ഏറെ ആരാധകരെ നേടിയെടുത്തിരുന്നു റഹീമിന്റെ കുട്ടികള്‍; വിഖ്യാത ഫുട്ബാള്‍ നിരീക്ഷകന്‍ വില്ലി മെയ്‌സലും സര്‍ സ്റ്റാന്‍ലി റൂസും ഉള്‍പ്പെടെ. ലോക ഫുട്ബാളില്‍ ഇനി ഇന്ത്യന്‍ യുഗം എന്നായിരുന്നു ഡ്യൂക്ക് ഓഫ് എഡിന്‍ബറോയുടെ പ്രവചനം.

എന്നിട്ടെന്തുണ്ടായി എന്നത് നമുക്കെല്ലാമറിയുന്ന സത്യം. ഇന്ത്യന്‍ ഫുട്ബാളിന്റെ വഞ്ചി ഇന്നും തിരുനക്കരെ തന്നെ; ആറര പതിറ്റാണ്ടിനിപ്പുറവും.

ഒരു സൂപ്പര്‍ ട്വിസ്റ്റ് കൂടി കേട്ടോളൂ: മെല്‍ബണിലേക്കുള്ള യാത്രാനുമതിക്കായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായി കൊമ്പുകോര്‍ത്ത അതേ പങ്കജ് ഗുപ്ത പില്‍ക്കാലത്ത് ഐഒഎയുടെ സെക്രട്ടറി പദവിക്ക് വേണ്ടി ഗുസ്തി പിടിക്കുന്നതും കാണേണ്ടിവന്നു നമ്മള്‍ കളിക്കമ്പക്കാര്‍ക്ക്.

അപ്പോള്‍, അതാണ് കൂട്ടരേ ഇന്ത്യന്‍ ഫുട്ബാള്‍. കവി പാടിയപോലെ ഈ കളിയില്‍ ഇന്നത്തെ യാചകന്‍ നാളത്തെ മന്നവന്‍; ഇന്നത്തെ മന്നവന്‍ നാളത്തെ യാചകന്‍. അവശ്യ ഘട്ടത്തില്‍ യാചകനും മന്നവനും ഒന്നാവാനും മതി. അധികാരമാണല്ലോ മുഖ്യം. പൊതുജനം മാത്രം എന്നും പുറത്ത്.

ഫിഫയുടെ വിലക്ക് വരാന്‍ എന്തിത്ര വൈകി എന്നൊരു ചോദ്യം മാത്രം ബാക്കി. വേദന മുഴുവന്‍ നമ്മുടെ പാവം പന്തുകളിക്കാരുടെ ഭാവിയോര്‍ത്താണ്. തലപ്പത്തുള്ള ചില വിദ്വാന്മാരുടെ കസേരകളിക്കും തൊഴുത്തില്‍ക്കുത്തിനും വന്‍വില കൊടുക്കേണ്ടിവന്നത് അവരാണല്ലോ. അവര്‍ക്ക് വേണ്ടിയാകട്ടെ നമ്മുടെ പ്രാര്‍ത്ഥനകള്‍.

logo
The Fourth
www.thefourthnews.in