ബ്ലാസ്റ്റേഴ്സിന്റേത് അച്ചടക്ക ലംഘനം; പിഴ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികളുണ്ടാകും
വിവാദ ഗോളിനെ തുടര്‍ന്ന് ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ മത്സരം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഗ്രൗണ്ട് വിട്ട കേരളാ ബ്ലാസ്റ്റേഴ്‌സിന് പിഴ ചുമത്തിയേക്കും. ബ്ലാസ്റ്റേഴ്‌സ് അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ തള്ളി. കുറഞ്ഞത് ആറ് ലക്ഷം രൂപ പിഴയടയ്ക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. സംഭവം ചര്‍ച്ച ചെയ്യാന്‍ അഖിലേന്ത്യാ ഫുഡ്‌ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ അച്ചടക്ക സമിതി യോഗം ചേരുകയും, ഇരുവിഭാഗങ്ങളുടെയും വാദം കേള്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സിനെതിരെ അച്ചടക്ക സ്വീകരിക്കാനുള്ള തീരുമാനം. ഇനി വരാനിരിക്കുന്ന സീസണില്‍ ബ്ലാസ്റ്റേഴ്‌സ് വിലക്ക് നേരിടാനും സാധ്യതയുണ്ട്.
ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരുവരും ഗോളടിച്ചിരുന്നില്ല. എന്നാല്‍ എക്‌സ്ട്രാ ടൈമിന്റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന് പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ തയാറെടുക്കും മുൻപേ അടിച്ച് ഗോളാക്കിയതാണ് വിവാദമായത്.
ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഗോളിയും ഫ്രീ കിക്ക് തടയാനുള്ള പ്രതിരോധ മതില്‍ ഒരുക്കുന്നതിനിടെയാണ് ഛേത്രി ഗോളടിച്ചത്. റഫറി ഇത് ഗോളായി കണക്കാക്കുകയായിരുന്നു. എന്നാല്‍, ഗോള്‍ ഒഴിവാക്കണമെന്നുള്ള ബ്ലാസ്റ്റേഴ്സിന്റെ ആവിശ്യം നടക്കാതെ വന്നതോടെ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന്റെ നിര്‍ദേശ പ്രകാരം ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ മത്സരം ബഹിഷ്‌കരിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ടതോടെ ഛേത്രിയുടെ ഗോളില്‍ ബെംഗളൂരു 1-0ന് ജയിച്ചതായി റഫറി പ്രഖ്യാപിച്ചു. ഐഎസ്എല്ലിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ബഹിഷ്‌കരണം.
ബ്ലാസ്റ്റേഴ്സിനെ മാറ്റിനിര്‍ത്തിയാല്‍ അത് ടൂര്‍ണമെന്റിന് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അതിനാല്‍ തന്നെ ബ്ലാസ്റ്റേഴ്സിനെ വിലക്കാനുള്ള സാധ്യതകളില്ലെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു
മൈതാനം വിട്ടുപോകാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ തീരുമാനത്തിന് വലിയ പിന്തുണയാണ് ആരാധകര്‍ നല്‍കിയിരുന്നത്. സംഭവത്തിന് പിന്നാലെ ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരം വീണ്ടും നടത്തണമെന്ന് ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടിരുന്നു. ഐഎസ്എല്ലില്‍ വലിയ ആരാധക പിന്തുണയുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ടീമിന്റെ സ്പോണ്‍സര്‍ഷിപ്പിനെയും ചാനല്‍ സംപ്രേഷണത്തെയടക്കം സ്വാധീനിക്കാന്‍ കഴിവുള്ള ടീമാണ് ബ്ലാസ്റ്റേഴ്സ്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സിനെ മാറ്റിനിര്‍ത്തിയാല്‍ അത് ടൂര്‍ണമെന്റിന് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അതിനാല്‍ തന്നെ ബ്ലാസ്റ്റേഴ്സിനെ വിലക്കാനുള്ള സാധ്യതകളില്ലെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടുള്ള പുതിയ തീരുമാനം.