ബ്ലാസ്‌റ്റേഴ്‌സിനു പിന്തുണയുമായി മുന്‍ താരം വാസ്‌ക്വാസ്; 'ധീരത'യെന്ന് ഗോവന്‍ താരം
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം ബംഗളുരു എഫ്.സിക്ക് അനുവദിച്ച വിവാദ ഗോളിന്റെ പേരില്‍ കളിക്കളത്തില്‍ നിന്നു താരങ്ങളെ പിന്‍വലിച്ച കേരളാ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകുമനോവിച്ചിനു പിന്തുണയുമായി കൂടുതല്‍പ്പേര്‍ രംഗത്ത്. ബ്ലാസ്‌റ്റേഴ്‌സ് മുന്‍ താരവും നിലവില്‍ എഫ്.സി. ഗോവ താരവുമായ ആല്‍വാരോ വാസ്‌ക്വസാണ് ബ്ലാസ്‌റ്റേഴ്‌സിനു പിന്തുണയുമായി ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.
''ഒരു നോക്കൗട്ട് മത്സരം ഇത്തരത്തില്‍ അവസാനിച്ചതില്‍ സങ്കടമുണ്ട്. പക്ഷേ കോച്ച് ഇവാന്‍ ചെയ്തത് ധീരമായ കാര്യമാണ്. അത് ലീഗിന് ഒരു 'നല്ല നാളെ' സമ്മാനിക്കും. അദ്ദേഹത്തിന്റെ പ്രവൃത്തി ലീഗില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.''- വാസ്‌ക്വസ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ബ്ലാസ്റ്റേഴ്സിനെതിരേ ബംഗളുരു എഫ്.സി. നായകന്‍ സുനില്‍ ഛേത്രി എക്സ്ട്രാ ടൈമില്‍ നേടിയ ഗോളാണ് വിവാദമായത്. റഫറി ഗോള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഗ്രൗണ്ട് വിടുകയും ചെയ്തു. പിന്നീട് ബ്ലാസ്റ്റേഴ്സ് മത്സരത്തിന് ഇറങ്ങാഞ്ഞതിനേത്തുടര്‍ന്ന് ബംഗളുരുവിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
ആ ഗോള്‍ അനുവദിക്കാന്‍ പാടില്ലാത്തതാണെന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വാദം. ബംഗളുരുവിന് ലഭിച്ച് ഫ്രീകിക്ക് എടുക്കാന്‍ ഛേത്രി എത്തുന്ന സമയത്ത് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പ്രതിരോധഭിത്തി കെട്ടാനുള്ള ശ്രമത്തിലായിരുന്നുവെന്നും കിക്കെടുക്കുന്ന പോയിന്റില്‍ നിന്നു നിശ്ചിത അകലത്തില്‍ താരങ്ങളെ നില്‍ക്കാന്‍ പോലും റഫറി അനുവദിച്ചില്ലെന്നും അത് നിയമവിരുദ്ധമാണെന്നുമാണ് അവര്‍ വാദിക്കുന്നത്. ആ വാദത്തിന് ഇപ്പോള്‍ കൂടുതല്‍ പിന്തുണയേറുകയെന്നാണ് വാസ്‌ക്വസിലൂടെ മനസിലാകുന്നത്.