ആന്ദ്രെ എസ്‌കോബാര്‍; കാല്‍പ്പന്ത് കളിയിലെ രക്തസാക്ഷി

ആന്ദ്രെ എസ്‌കോബാര്‍; കാല്‍പ്പന്ത് കളിയിലെ രക്തസാക്ഷി

Updated on
3 min read

ഫുട്‌ബോള്‍ ഗ്രൗണ്ടിലെ ആദ്യ രക്തസാക്ഷി... കളിക്കളത്തില്‍ അറിയാതെ ചെയ്തുപോയ ഒരു പിഴവിന്റെ പ്രായശ്ചിത്തമെന്നോണം സ്വന്തം ജീവന്‍ തന്നെ ബലികൊടുത്ത ഒരു നിര്‍ഭാഗ്യവാനുണ്ട്... ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരു ഗദ്ഗദത്തോടെയല്ലാതെ ഉച്ഛരിക്കാനാകില്ല ആ പേര്... ആന്ദ്രെ എസ്‌കോബാര്‍.

1994-ല്‍ യു.എസില്‍ നടന്ന 15-ാമത് ലോകകപ്പ് ചാമ്പ്യന്‍ഷിപ്പില്‍ കൊളംബിയയുടെ ജഴ്‌സയണിഞ്ഞെത്തിയ എസ്‌കോബാറിന്റെ വലതുകാലിലെ ബൂട്ടില്‍ നിര്‍ഭാഗ്യം പതിയിരിക്കുകയായിരുന്നു. ഒരു കാല്‍പ്പന്ത് പ്രേമിക്കും പൊറുക്കാന്‍ കഴിയുന്ന തെറ്റായിരുന്നില്ല എസ്‌കോബാര്‍ വരുത്തിയത്... എന്നാല്‍ അതിനു ജീവന്‍ തന്നെ നല്‍കേണ്ടി വരുമെന്നു സ്വപ്‌നേനി വിചാരിച്ചു കാണില്ല.

ആദ്യ റൗണ്ടിലെ കൊളംബിയയുടെ രണ്ടാം മല്‍സരം. എതിരാളികള്‍ ആതിഥേയരും ദുര്‍ബലരുമായ യു.എസ്.എ. ആദ്യ മത്സരത്തില്‍ റുമാനിയയോടു തോറ്റ കൊളംബിയയ്ക്ക് ജീവന്‍ നിലനിര്‍ത്താന്‍ യു.എസിനെ തോല്‍പിച്ചേ പറ്റൂ.

പാസദേനയിലെ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 90,000ത്തോളം കാണികള്‍ക്കു മുന്നിലേക്ക് ആ സമ്മര്‍ദ്ദം ലവലേശം കാട്ടാതെയാണ് കൊളംബിയ ഇറങ്ങിയത്. എന്നാല്‍ ആദ്യ പകുതിയുടെ 34-ാം മിനിറ്റില്‍ എസ്‌കോബാറിന്റെ ബൂട്ടിനു പിഴച്ചു.

യു.എസ്. താരം ജോണ്‍ ഹാര്‍ക്സിന്റെ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ വിശ്വസത് പ്രതിരോധഭടന്റെ ബൂട്ടില്‍ത്തട്ടി പന്ത് കൊളംബിയന്‍ ഗോള്‍ വലയക്ക്. സ്ഥാനം തെറ്റി നില്‍ക്കുകയായിരുന്ന ഗോളി ഓസ്‌കര്‍ കൊര്‍ഡൊസെയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കും മുമ്പേ പന്ത് വലചലിപ്പിച്ചു.

52-ാം മിനിറ്റില്‍ എര്‍നിസ്റ്റുവാര്‍ട്ട് ആതിഥേയരുടെ ലീഡ് ഉയര്‍ത്തി. പിന്നീട് അഡോള്‍ഫോ വലെന്‍സിയയിലൂടെ കൊളംബിയ ഒരുഗോള്‍ മടക്കിയെങ്കിലും യു.എസ്.എ. 2-1ന് ജയം പിടിച്ചെടുത്തതോടെ ഫുട്‌ബോള്‍ ഇതിഹാസം പെലെ കിരീട സാധ്യത കല്‍പിച്ച കൊളംബിയ ആദ്യ റൗണ്ടില്‍ത്തന്നെ പുറത്ത്.

''ജീവിതം ഇവിടെ അവസാനിക്കുന്നില്ല'' എന്നായിരുന്നു മത്സരശേഷം തന്റെ സെല്‍ഫ് ഗോളിനെക്കുറിച്ച് എസ്‌കോബാര്‍ പ്രതികരിച്ചത്. എന്നാല്‍ വിധി തീരുമാനിച്ചതു മറ്റൊന്നായിരുന്നു.

ദേശീയ ടീം അപ്രതീക്ഷിതമായി തോറ്റു പുറത്തായതോടെ കൊളംബിയയിലെങ്ങും ടീമിനെതിരേ രോഷമുയര്‍ന്നു. ആരാധകരെക്കാള്‍ ടീമിന്റെ തോല്‍വി തകര്‍ത്തുകളഞ്ഞത് വാതുവയ്പുകാരടങ്ങുന്ന മാഫിയാ സംഘങ്ങളെയാണ്. കോടിക്കണക്കിനു രൂപയാണ് അവര്‍ക്കു ഒറ്റ മത്സരം കൊണ്ടു നഷ്ടമായത്.

തങ്ങളുടെ നഷ്ടത്തിനു കാരണക്കാരായ കൊളംബിയന്‍ താരങ്ങളെ അവര്‍ ശത്രുക്കളായി പ്രഖ്യാപിച്ചു. പ്രത്യേകിച്ച് സെല്‍ഫ് ഗോളിലൂടെ ടീമിന്റെ സാധ്യതകള്‍ തകര്‍ത്ത എസ്‌കോബാര്‍ നോട്ടപ്പുള്ളിയായി. യു.എസിനെതിരായ മത്സരം കഴിഞ്ഞ ഒരാഴ്ച പൂര്‍ത്തിയാകും മുമ്പേ ആ പിഴവിന് എസ്‌കോബാര്‍ വില നല്‍കേണ്ടി വന്നു... വലിയ വില.

ജൂലൈ ഒന്നിന് കൊളംബിയയിലെ കുപ്രസിദ്ധമായ മെഡലിന്‍ നഗരത്തിലെ നിശാക്ലബില്‍ കൂട്ടുകാരുമായി ഉല്ലസിക്കാന്‍ പോയ എസ്‌കോബാറിന് അറിയില്ലായിരുന്നു അവിടെ തന്നെ കാത്തു മരണം പതിയിരുപ്പുണ്ടെന്ന്. അതറിയാതെ രാവെളുക്കുവോളം ഉല്ലസിച്ച എസ്‌കോബാറിനെ ശ്രദ്ധിച്ച് 12 അംഗ സംഘം തൊട്ടടുത്ത മേശയ്ക്കു ചുറ്റുമുണ്ടായിരുന്നു.

ജൂലൈ രണ്ടിന് പുലര്‍ച്ചെ മൂന്നുമണിയോടെ നൈറ്റ് പാര്‍ട്ടി കഴിഞ്ഞ് ഇറങ്ങാന്‍ ഒരുങ്ങവെ അവര്‍ എസ്‌കോബാറിനെ വളഞ്ഞു. സെല്‍ഫ് ഗോള്‍ വഴങ്ങി രാജ്യത്തെ നാണംകെടുത്തി എന്നാക്രോശിച്ച് അവര്‍ താരത്തെ പുലഭ്യം പറയാന്‍ ആരംഭിച്ചു.

അപ്പോഴെല്ലാം എസ്‌കോബാര്‍ പ്രകോപിതാനാകാതെനിന്നു. എന്നാല്‍ മാഫിയ സംഘം എസ്‌കോബാറിനെ വിടാന്‍ ഉദ്ദേശിച്ചിരുന്നില്ല. അവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. കാറിനടുത്തുവരെ ചെന്ന് പ്രകോപിപ്പിച്ചു. അപ്പോഴും സമചിത്തത പുലര്‍ത്തിയ എസ്‌കോ 'താന്‍ ഒരു തെറ്റും ചെയ്തില്ലെന്ന്' ശാന്തമായി മറുപടി പറഞ്ഞു.

ഇതോടെ അക്രമികളില്‍ ഒരാള്‍ തോക്കെടുത്തു താരത്തിനു നേര്‍ക്ക് നിറയൊഴിച്ചു. ഒന്നല്ല, 12 വെടിയുണ്ടകളാണ് ഒരു സെല്‍ഫ്‌ഗോളിന്റെ പേരില്‍ എസ്‌കോബാറിന്റെ ശരീരത്തില്‍ തുളഞ്ഞുകയറിയത്. അക്രമിയുടെ ഒരു നിറയൊഴിക്കലിനും കൂട്ടാളികള്‍ 'ഗോള്‍' എന്ന് അലറിവിളിച്ച് ആവേശം പ്രകടിപ്പിച്ചിരുന്നുവത്രേ.

താരത്തെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിപ്പോയിരുന്നു. ഒരു പിഴവിന്റെ പേരില്‍ ജീവന്‍ ബലി നല്‍കി എസ്‌കോ നിത്യതയിലേക്കു മടങ്ങി.

ഫുട്ബോള്‍ ലോകകപ്പിലെ ഏറ്റവും വലിയ ദുരന്തം ഏതെന്നു ചോദിച്ചാല്‍ എസ്‌കോയുടെ രക്തസാക്ഷിത്വമാണെന്ന് കായികപ്രേമികള്‍ ഒന്നടങ്കം പറയും. ഞെട്ടലോടെയാണ് കാല്‍പ്പന്ത് ലോകം അന്ന് ഉണര്‍ന്നെഴുന്നേറ്റത്. എസ്‌കോയുടെ ദുരന്തം കൊളംബിയയെ ആകെ വേദനിപ്പിക്കുന്നുവെന്നാണ് അന്നത്തെ പ്രസിഡന്റ് സീസര്‍ ഗവിറിയ പറഞ്ഞത്.

ഹംബര്‍ട്ടോ കാര്‍ലോസ് മുനോസ്
ഹംബര്‍ട്ടോ കാര്‍ലോസ് മുനോസ്

കൊളംബിയന്‍ മയക്കുമരുന്ന് മാഫിയയുടെ ഭാഗമായ ഗാലന്‍ ബ്രദേഴ്‌സാണ് എസ്‌കോയുടെ ജീവനെടുത്തത്. മരിക്കുമ്പോള്‍ 27 വയസായിരുന്നു എസ്‌കോബാറിന്. ഹംബര്‍ട്ടോ കാര്‍ലോസ് മുനോസ് എന്നയാളാണ് എസ്‌കോബാറിന്റെ ഘാതകന്‍ എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. 1994ല്‍ ഇയാളെ 43 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 2005ല്‍ നല്ലനടപ്പിന്റെ പേരില്‍ മുനോസിനെ മോചിപ്പിച്ചു.

സെല്‍ഫ് ഗോളുകള്‍ എന്നും ഫുട്ബോളിന്റെ ശാപമാണ്. പക്ഷേ, സെല്‍ഫ് ഗോള്‍ എന്നാല്‍ മരണം എന്നു കൂടി അര്‍ഥമുണ്ടെന്നു ലോകമറിഞ്ഞത് എസ്‌കോബാറിന്റെ മരണത്തിലൂടെയാണ്.

logo
The Fourth
www.thefourthnews.in