പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍: സിറ്റിക്ക് പിന്നാലെ ആഴ്‌സണലും ജയത്തോടെ തുടങ്ങി
കഴിഞ്ഞതവണ കൈവിട്ട് കളഞ്ഞ പ്രീമിയര്‍ ലീഗ് കിരീടം ലക്ഷ്യമിട്ട് ആഴ്‌സണല്‍ ജയത്തോടെ പുതിയ സീസണ്‍ ആരംഭിച്ചു. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിക്കു പിന്നാലെ റണ്ണറപ്പുകളായ പീരങ്കിപ്പടയ്ക്കും ജയത്തുടക്കം. ഇന്നു നടന്ന മത്സരത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെയാണ് അവര്‍ തോല്‍പിച്ചത്.
സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ആഴ്‌സണലിന്‍െ ജയം. ആദ്യപകുതിയില്‍ എഡ്ഡി എങ്കിറ്റിയും ബുക്കായോ സാക്കയുമാണ് അവരുടെ ഗോളുകള്‍ നേടിയത്. തായ്‌വോ അവോനിയിയാണ് നോട്ടിങഹാമിന്റെ ആശ്വാസ ഗോള്‍ നേടിയത്.
മത്സരത്തിന്റെ ആദ്യ മിനിറ്റുമുതല്‍ ആഴ്‌സണലിന്റെ ആധിപത്യമാണ് കണ്ടത്. 26-ാം മിനിറ്റില്‍ തന്നെ ലീഡ് നേടാനും അവര്‍ക്കായി. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി നല്‍കിയ പാില്‍ നിന്ന് എങ്കിറ്റിയായിരുന്നു ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത്. മനോഹരമായ ഒരു അസിസ്റ്റാണ് മാര്‍ട്ടിനെല്ലി സമ്മാനിച്ചത്.
ആറു മിനിറ്റിനകം ലീഡ് ഇരട്ടിയാക്കാനും ആഴ്‌സണലിായി. ഇക്കുറി സാക്കയുടെ ഊഴമായിരുന്നു. വില്യം സാലിബ നല്‍കിയ പാസ് സ്വീകരിചച്ച് തകര്‍പ്പനൊരു ഇടങ്കാലന്‍ ഷോട്ടിലൂടെയാണ് സാക്ക ലക്ഷ്യം കണ്ടത്. ഇതോടെ 2-0 ലീഡ് നിലനിര്‍ത്തിയാണ് ആഴ്‌സണല്‍ ആദ്യപകുതി അവസാനിപ്പിച്ചത്.
പിന്നീട് രണ്ടം പകുതിയിലും ആധിപത്യം തുടര്‍ന്നെങ്കിലും കൂടുതല്‍ ഗോളുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്നത് അവര്‍ക്ക് തിരിച്ചടിയായി. മത്സരത്തിന്റെ 82-ാം മിനിറ്റില്‍ എലാംഗ നടത്തിയ നീക്കത്തിനൊടുവില്‍ അവോനിയി നോട്ടിങ്ഹാമിനായി ഒരു ഗോള്‍ മടക്കിയെങ്കിലും ശേഷിച്ച മിനിറ്റുകള്‍ പിടിച്ചുനിന്ന് ആഴ്‌സണല്‍ ജയം ഉറപ്പാക്കി.