ആഴ്‌സണലിന് ഞെട്ടിക്കുന്ന തോല്‍വി; സിറ്റിക്ക് കിരീടം ഒരു ജയമകലെ

ആഴ്‌സണലിന് ഞെട്ടിക്കുന്ന തോല്‍വി; സിറ്റിക്ക് കിരീടം ഒരു ജയമകലെ

21-ന് ചെല്‍സിക്കെതിരേ സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരം ജയിക്കാന്‍ കഴിഞ്ഞാല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് രണ്ടു റൗണ്ട് ബാക്കിനില്‍ക്കെ തന്നെ കിരീടം ചൂടാം.
Updated on
1 min read

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന്റെ കിരീടപ്രതീക്ഷകള്‍ ഏറെക്കുറേ അസ്തമിച്ചു. ഇന്നു നടന്ന ഹോം മത്സരത്തില്‍ ദുര്‍ബലരായ ബ്രൈറ്റണ്‍ ഹോവ്‌സിനോട് നേരിട്ട ഞെട്ടിക്കുന്ന തോല്‍വിയാണ് പീരങ്കിപ്പടയ്ക്കു തിരിച്ചടിയായത്. സ്വന്തം തടക്കത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ നാണംകെട്ടത്.

ഇന്ന് നേരത്തെ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി എവര്‍ട്ടണിനെ തോല്‍പിച്ച് ഒന്നാം സ്ഥാനത്ത് നാലു പോയിന്റിന്റെ ലീഡ് വര്‍ധിപ്പിച്ചിരുന്നു. അതിനാല്‍ത്തന്നെ കിരീടപ്രതീക്ഷ നിലനിര്‍ത്താന്‍ ഈ മത്സരം ജയിച്ചേ തീരുവെന്ന നിലയിലാണ് ആഴ്‌സണല്‍ ബ്രൈറ്റനെ നേരിടാനിറങ്ങിയത്. എന്നാല്‍ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ തുടരെ മൂന്നു ഗോളുകള്‍ വഴങ്ങിയ ആഴ്‌സണല്‍ പരാജയത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു.

ആഴ്‌സണലിന്റെ തോല്‍വിയോടെ സിറ്റി കിരീടത്തിലേക്ക് കൂടുതല്‍ അടുത്തു. 21-ന് ചെല്‍സിക്കെതിരേ സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരം ജയിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് രണ്ടു റൗണ്ട് ബാക്കിനില്‍ക്കെ തന്നെ കിരീടം ചൂടാം. നിലവില്‍ 35 മത്സരങ്ങളില്‍ നിന്ന് 85 പോയിന്റുമായാണ് സിറ്റി ഒന്നാമത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിന് 36 മത്സരങ്ങളില്‍ നിന്ന് 81 പോയിന്റാണുള്ളത്. ശേഷിക്കുന്ന രണ്ടു മത്സരങ്ങളും ജയിച്ചാല്‍ പോലും 87 പോയിന്റ് മാത്രമേ അവര്‍ക്കു ലഭിക്കു. അതിനാല്‍ത്തന്നെ ഒരേയൊരു ജയത്തിലൂടെ പോയിന്റ് നേട്ടം 88 ആക്കി സിറ്റിക്ക് കഴിഞ്ഞ ആറു സീസണുകള്‍ക്കിടയിലെ തങ്ങളുടെ അഞ്ചാം കിരീടം സ്വന്തമാക്കാനാകും.

ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷമാണ് ആഴ്‌സണല്‍ മൂന്നു ഗോളുകളും നേടിയത്. ജൂലിയോ എന്‍കിസോ, ഡെനിസ് ഉന്‍ഡാവ്, പെര്‍വിസ് എസ്റ്റുപിനാന്‍ എന്നിവരാണ് ബ്രൈറ്റനു വേണ്ടി സ്‌കോര്‍ ചെയ്തത്. 51-ാം മിനിറ്റില്‍ എന്‍കിസോയിലൂടെയാണ് ബ്രൈറ്റണ്‍ ലീഡ് നേടിയത്.

അപ്രതീക്ഷിതമായി വഴങ്ങിയ ഈ ഗോള്‍ സമ്മാനിച്ച ആഘാതത്തില്‍ നിന്നു പിന്നീട് ആഴ്‌സണലിന് മുക്തരാകാനായില്ല. 86-ാം മിനിറ്റില്‍ ഉന്‍ഡാവ് ബ്രൈറ്റന്റെ ലീഡ് ഉയര്‍ത്തിയതോടെ ആഴ്‌സണല്‍ കൂടുതല്‍ പരുങ്ങിലിലായി. പിന്നീട് മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ എസ്റ്റപിനാന്‍ കൂടി സ്‌കോര്‍ ചെയ്തതോടെ ആതിഥേയരുടെ തകര്‍ച്ച പൂര്‍ണമായി.

logo
The Fourth
www.thefourthnews.in