ആൻസലോട്ടി ബ്രസീൽ പരിശീലകനാകും? ഈ സീസണോടെ റയൽ വിടുമെന്ന് റിപ്പോർട്ട്

ആൻസലോട്ടി ബ്രസീൽ പരിശീലകനാകും? ഈ സീസണോടെ റയൽ വിടുമെന്ന് റിപ്പോർട്ട്

വാർത്ത സ്ഥിരീകരിക്കാതെ റയൽ മാഡ്രിഡും ആൻസലോട്ടിയും
Updated on
1 min read

ഖത്തർ ലോകകപ്പിന് തോൽവിക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞ ബ്രസീൽ പരിശീലകൻ ടിറ്റെക്ക് പകരക്കാരനായി കാർലോ ആൻസലോട്ടി എത്തുമെന്ന് റിപ്പോർട്ട്. പ്രമുഖ സ്പോർട്സ് മാധ്യമമായ ഇഎസ്പിഎൻ ബ്രസീലാണ് ബ്രസീൽ ഫുട്ബോൾ അസോസിയേഷനെ ഉദ്ധരിച്ച് വാർത്ത നൽകിയത്. ആൻസലോട്ടി ഇതിനോടകം തന്നെ ബ്രസീൽ ഫുട്ബോൾ ഫെഡറേഷന്റെ ആവശ്യം അംഗീകരിച്ചു എന്നും ഈ സീസൺ അവസാനിക്കുന്നതോടെ റയൽമാഡ്രിഡിൽ നിന്ന് ഇറങ്ങുമെന്നുമായിരുന്നു റിപ്പോർട്ട്. എന്നാൽ വാർത്ത ആൻസലോട്ടിയും റയൽ മാഡ്രിഡും സ്ഥിരീകരിച്ചിട്ടില്ല.

2024 വരെയാണ് റയലുമായി ആൻസലോട്ടിയുടെ കരാർ. അത് അവസാനിക്കും വരെ ടീമിനൊപ്പം തുടരുമെന്നാണ് റയലും ആൻസലോട്ടിയും നടത്തിയ പ്രതികരണം. ക്ലബ് ഫുട്ബോളിൽ മികച്ച പ്രവർത്തന പരിചയമുള്ള ആൻസലോട്ടി ഇതുവരെ ഒരു ദേശീയ ടീമിനെ പരിശീലിപ്പിച്ചിട്ടില്ല. സീസണിൽ റയലിന്റെ മോശം പ്രകടനം അദ്ദേഹത്തെ സമ്മർദത്തിലാക്കിയിട്ടുണ്ട്.

ലോകകപ്പിന് പിന്നാലെ ടിറ്റെ സ്ഥാനമൊഴിഞ്ഞതിന് ശേഷം ബ്രസീലിന് പരിശീലകനെ കണ്ടെത്താനായിട്ടില്ല. ഡിസംബറിലാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ആൻസലോട്ടിയെ ആദ്യം സമീപിച്ചത്. എന്നാൽ തന്നെ സമീപിച്ചിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ ബ്രസീലിയൻ ഇതിഹാസ താരം റൊണാൾഡോ നസാരിയോ കാർലോയെ എത്തിക്കാൻ ടീമിനെ സഹായിക്കുമെന്നതടക്കമുള്ള റിപ്പോർട്ടുകൾ പിന്നാലെ വരികയായിരുന്നു. ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം പരിശീലകനായി വന്നേക്കാം എന്നും , റൊണാൾഡോ അദ്ദേഹവുമായി ചർച്ചകൾ നടത്തുണ്ട് എന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പെപ് ഗ്വാർഡിയോള, മൗറീന്യോ, സിദാൻ തുടങ്ങിയ പേരുകളും ബ്രസീൽ പരിഗണിച്ചതായാണ് റിപ്പോർട്ടുകൾ.

റയൽ മാഡ്രിഡിലെ ബ്രസീൽ താരങ്ങളായ എഡർ മിലിറ്റാവോ, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ ഗോസ് നല്ല ബന്ധം പുലർത്തുന്നയാളാണ് ആൻസലോട്ടി. ഇതും അദ്ദേഹത്തെ ടീമിലെത്തിക്കുന്നതിലേക്ക് വഴി വെക്കാം എന്നാണ് കരുതുന്നത്. അതേസമയം ക്ലബ് ലോകകപ്പിൽ റയൽ മാഡ്രിഡ് - അൽ ഹിലാൽ ഫൈനൽ മത്സരം ഞായറാഴ്‌ച നടക്കും. വ്യാഴാഴ്ച നടന്ന സെമി ഫൈനലിൽ ഈജിപ്റ്റ് അൽ അഹ്ലി എസ് സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് റയൽ ഫൈനലിൽ എത്തിയത്. ഒന്നാം സെമിയിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്രസീലിയൻ ക്ലബ് ഫ്ലെമെംഗോയെ തോൽപ്പിച്ചാണ് അൽ ഹിലാൽ ഫൈനലുറപ്പിച്ചത്. ഉച്ചയ്ക്ക് 12.30നാണ് റയൽ മാഡ്രിഡ് അൽ ഹിലാൽ ഫൈനൽ.

logo
The Fourth
www.thefourthnews.in