ആരോണ്‍ റഫേൽ  ജര്‍മന്‍ താരം ടോണി ക്രൂസിനൊപ്പം. അച്ഛന് റഫേൽ തോമസും അമ്മ മഞ്ജു റഫേലും സമീപം.
ആരോണ്‍ റഫേൽ ജര്‍മന്‍ താരം ടോണി ക്രൂസിനൊപ്പം. അച്ഛന് റഫേൽ തോമസും അമ്മ മഞ്ജു റഫേലും സമീപം.

ആരോണിന് ഇത് 'ചില്‍ഡ്രന്‍സ് ഡേ'യല്ല; അതുക്കും മേലെ!

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച ആയിരക്കണക്കിന് വീഡിയോകളിൽ നിന്ന് ആരോണ്‍ വിജയിയായ കാര്യം ടോണി ക്രൂസ് തന്നെയായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.
Updated on
2 min read

ഈ ശിശുദിനത്തില്‍ മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനമായ ഒരു കുഞ്ഞുതാരത്തെ പരിചയപ്പെടാം. കാർട്ടൂണുകള്‍ കണ്ടു  നടക്കേണ്ട പ്രായത്തിൽ റയൽ മാഡ്രിഡ് താരം ടോണി ക്രൂസിനൊപ്പം സ്‌പെയിനിൽ ഫുട്ബോൾ പരിശീലനം നടത്തുകയാണ് ആരോൺ റാഫേൽ എന്ന അഞ്ചുവയസ്സുകാരന്‍.

കിക്ക് ഇൻ ടു 2022 ചലഞ്ച്

ടോണി ക്രൂസിന്റെ  ഇന്‍സ്റ്റഗ്രാം  ഫോളോവർ ആണ് ആരോണിന്റെ അച്ഛൻ റഫേൽ തോമസ്. ടോണി ക്രൂസിന്റെ അക്കാദമി 'കിക്ക് ഇന്‍ ടു 2022 ചാലഞ്ച്' എന്ന പേരില്‍ ആഗോളതലത്തില്‍ മത്സരം നടത്തുന്നതായി അതുവഴി ആയിരുന്നു അറിഞ്ഞത്.  'ട്രിക്ക് ഷോട്ട്' മത്സരമായിരുന്നു അത് . ഇതിലേക്ക് തൊട്ടു മുൻപത്തെ  ക്രിസ്മസ് അവധിക്ക് നാട്ടിൽ ( തൃശൂർ ) പോയപ്പോള്‍ എടുത്ത ആരോണിന്റെ ഒരു ട്രിക്ക് ഷോട്ട് റഫേൽ തോമസ്   അയച്ചു കൊടുത്തു. ഉരുണ്ടുകൊണ്ടിരിക്കുന്ന  ഒരു  ടയറിനകത്തേക്ക് കൃത്യതയോടെ പന്ത് കിക്ക് ചെയ്യുന്ന വീഡിയോ ആയിരുന്നു അത്  . ഈ വീഡിയോ ഒന്നാം സ്ഥാനമാണ് ആരോണിന് നേടിക്കൊടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച ആയിരകണക്കിന്  വീഡിയോകളിൽ ആരോണ്‍ വിജയിയായ കാര്യം ടോണി ക്രൂസ് തന്നെയായിരുന്നു  ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

ഇന്ത്യയിൽ നിന്ന് ടോണി ക്രൂസ് അക്കാദമിയിൽ എത്തുന്ന ആദ്യത്തെ കുട്ടി

ട്രിക്ക് ഷോട്ട് വീഡിയോയിലൂടെ ലോകത്തിൽ ഒന്നാമനായ ആരോണിന് സമ്മാനമായി ലഭിച്ചതാണ്  ടോണി ക്രൂസ് അക്കാദമിയിലേക്കു ഫുട്ബോൾ പരിശീലനത്തിനുള്ള ക്ഷണം .ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു കുട്ടി ടോണി ക്രൂസിനൊപ്പം പരിശീലനത്തിൽ പങ്കെടുക്കുന്നത് . നവംബർ 11 ആയിരുന്നു സ്പെയിനിൽ ആരോൺ -  ടോണി ക്രൂസ് കൂടിക്കാഴ്ച . ആരോണിനൊപ്പം റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ മൈതാനത്തു പന്ത് തട്ടിയും ആരോണിന് സമ്മാനം നേടിക്കൊടുത്ത ട്രിക്ക് ഷോട്ട് ആവർത്തിച്ചും ഇരുവരും ഒരു ദിവസത്തിന്റെ പകുതിയോളം ചിലവഴിച്ചു . സ്വന്തം ജേഴ്സിയിൽ കയ്യൊപ്പു ചാർത്തി നൽകിയാണ് ടോണി ക്രൂസ് കുഞ്ഞു താരത്തെ യാത്രയാക്കിയത് . അച്ഛൻ റഫേൽ തോമസ് 'അമ്മ മഞ്ജു റഫേൽ എന്നിവർക്കൊപ്പമായിരുന്നു ആരോണിന്റെ യാത്ര.

ഒരു വയസിൽ തുടങ്ങിയ ഫുട്ബോൾ കമ്പം
കുട്ടിക്കളിപ്പാട്ടങ്ങളൊക്കെ ആരോൺ കണ്ടിട്ടുണ്ടോയെന്നു ചോദിച്ചാൽ ഇല്ലെന്നു തന്നെ പറയേണ്ടി വരും . ബെംഗളൂരു രാജ രാജേശ്വരി നഗറിലെ ഫ്ലാറ്റിൽ അവനായുള്ള 'കളിപ്പാട്ടങ്ങളെല്ലാം ' ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ടതാണ് . കുഞ്ഞു ഗോൾ പോസ്റ്റും കുറെ ഫുട്ബോളുകളും .

ഒരു വയസുള്ളപ്പോൾ തന്നെ ഫുട്ബോളിനോട് ആരോൺ താല്പര്യം കാണിച്ചു തുടങ്ങിയതായി അച്ഛൻ റഫേൽ തോമസ് ഓർത്തെടുക്കുന്നു. ഒരു വയസു തികഞ്ഞപ്പോൾ ഒരു ഗോൾപോസ്റ്റും കുറെ ഫുട് ബോളുകളും അച്ഛൻ അവനു സമ്മാനമായി നൽകി. പന്ത് തട്ടിയും ഗോൾ വല കുലുക്കിയും അവൻ പതുക്കെ പിച്ച വെച്ചു. ടോണി ക്രൂസിന്റെ മനം കവർന്ന ട്രിക്ക് ഷോട്ട് എടുക്കുമ്പോൾ ആരോണിന് പ്രായം നാലര  വയസു മാത്രം.

ബംഗളുരു എഫ് സി സോക്കർ സ്കൂൾസിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ആരോൺ . ആറു വയസിൽ കുറഞ്ഞ കുട്ടികളെ  ബംഗളുരു എഫ് സി പരിശീലനത്തിന് എടുക്കാറില്ല. എന്നാൽ ആരോണിന്റെ കാര്യത്തിൽ ആ പതിവ് അവർ തെറ്റിച്ചു . അവന്റെ കഴിവ് കണ്ടു നാല് വയസിൽ തന്നെ പരിശീലന കളരിയിലേക്കു പ്രവേശനം നൽകി. ആഴ്ചയിൽ മൂന്നു ദിവസം ബി എഫ് സിയിലും മറ്റു ദിവസങ്ങളിൽ അച്ഛനോടൊപ്പം വീടിനടുത്തുള്ള ടർഫിലും പരിശീലനം.  കാൽപ്പന്തു കളിയിൽ ലോകമറിയുന്ന താരമായി മകൻ മാറുമെന്ന് സ്വപ്നം കാണുകയാണ് ഫുട്ബോൾ കമ്പക്കാരനായ അച്ഛൻ റഫേൽ തോമസ്.

logo
The Fourth
www.thefourthnews.in