ന്യൂസിലന്‍ഡിനു പിന്നാലെ ഓസ്‌ട്രേലിയയും; വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ ആതിഥേയര്‍ക്ക് വിജയത്തുടക്കം
ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും സംയുക്തമായി ആതിഥ്യം വഹിക്കുന്ന വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ ആതിഥേയര്‍ക്ക് വിജയത്തുടക്കം. നേരത്തെ ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ നോര്‍വെയെ അട്ടിമറിച്ച് ന്യൂസിലന്‍ഡ് കരുത്ത് കാട്ടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ അയര്‍ലന്‍ഡിനെയാണ് ഓസ്‌ട്രേലിയ തോല്‍പിച്ചത്.
സിഡ്‌നിയിലെ ഒളിമ്പിക് സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 75,000-ത്തോളം ആരാധകര്‍ക്കു മുന്നിലായിരുന്നു ഓസ്‌ട്രേലിയന്‍ ടീമിന്റെ മിന്നും പ്രകടനം. പരുക്കിനെത്തുടര്‍ന്ന് സൂപ്പര്‍ താരം സാം കെര്‍ ഇല്ലാതെയിറങ്ങിയാണ് അവര്‍ കരുത്തരായ അയര്‍ലന്‍ഡിനെ വീഴ്ത്തിയത്.
ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു വിജയഗോള്‍. 52-ാം മിനിറ്റില്‍ ഐറിഷ് പ്രതിരോധതാരത്തിന്റെ പരുക്കനടവിനു പകരം ഓസ്‌ട്രേലിയയ്ക്കു സമ്മാനിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സ്‌റ്റെഫാനി കാറ്റ്‌ലിയാണ് ആതിഥേയര്‍ക്ക് മൂന്നു പോയിന്റ്് സമ്മാനിച്ചത്. ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളുടെ അടുത്ത മത്സരത്തില്‍ 27-ന് നൈജീരിയയെയാണ് ഓസ്‌ട്രേലിയ നേരിടുക. 31-ന് കാനഡയ്‌ക്കെതിരേയാണ് അവരുടെ അവസാന ഗ്രൂപ്പ് മത്സരം.