ഗാരെത് ബെയ്ല്‍; ചരിത്ര ഗോളുകളുടെ തമ്പുരാന്‍

ഗാരെത് ബെയ്ല്‍; ചരിത്ര ഗോളുകളുടെ തമ്പുരാന്‍

നിര്‍ണായക നിമിഷങ്ങളില്‍ സ്വന്തം ടീമിന്റെ രക്ഷകനായുള്ള ബെയ്‌ലിന്റെ അവതാരപ്പിറവികള്‍ പലകുറി ആരാധകര്‍ കണ്ടുകഴിഞ്ഞു.
Updated on
2 min read

ഫുട്‌ബോളിലെ വലിയ വലിയ നിമിഷങ്ങളില്‍ താരമാകാന്‍ വേണ്ടി ജനിച്ചവനാണ് ഗാരെത് ബെയ്ല്‍. നിര്‍ണായക നിമിഷങ്ങളില്‍ സ്വന്തം ടീമിന്റെ രക്ഷകനായുള്ള ബെയ്‌ലിന്റെ അവതാരപ്പിറവികള്‍ പലകുറി ആരാധകര്‍ കണ്ടുകഴിഞ്ഞു.

ഇന്നലെ ഖത്തര്‍ ലോകകപ്പില്‍ വെയ്ല്‍സിന്റെ അരങ്ങേറ്റ മത്സരത്തിലും സ്ഥിതി വ്യത്യസ്തമായില്ല. നിര്‍ണായക നിമിഷത്തില്‍ ടീമിനായി നിര്‍ണായക പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് 'കാവല്‍ മാലാഖയാണ്' താനെന്ന് ഗെയ്ല്‍ വീണ്ടും തെളിയിച്ചു.

യുഎസിനെതിരായ മത്സരത്തില്‍ 85-ാം മിനിറ്റില്‍ ബെയ്ല്‍ ലക്ഷ്യത്തിലെത്തിച്ച പെനാല്‍റ്റിയാണ് വെയ്ല്‍സിനെ തോല്‍വിയില്‍ നിന്നു രക്ഷിച്ചത്. ഇതിനു മുമ്പും ഒട്ടേറെത്തവണ അവസാന നിമിഷങ്ങളില്‍ വെയ്ല്‍സിന്റെ രക്ഷകനായി ബെയ്ല്‍ അവതരിച്ചിട്ടുണ്ട്. വെയ്ല്‍സിനു മാത്രമല്ല ഈ അനുഭവം. സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ്, മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ലോസ് ഏഞ്ചലസ് ഗ്യാലക്‌സി എന്നീ ടീമുകളും ഇത്തരത്തില്‍ 'ബെയ്ല്‍ ബ്രേസ്' അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്.

2014- കോപ്പാ ഡെല്‍ റേ ഗോള്‍

ടോട്ടനം ഹോട്‌സ്പറില്‍ നിന്ന് റെക്കോഡ് തുകയ്ക്ക് റയല്‍ മാഡ്രിഡിലേക്ക് കൂടുമാറിയ ബെയ്‌ലിന്റെ ആദ്യ പ്രധാന സ്പാനിഷ് മത്സരം റയലിന്റെ ചിരവൈരികളായ ബാഴ്‌സലോണയ്‌ക്കെതിരായ കോപ്പാ ഡെല്‍ റെ ഫൈനലായിരുന്നു.

2014 ഏപ്രില്‍ 16-ന് മെസ്റ്റല്ലയില്‍ നടന്ന മത്സരത്തില്‍ 85-ാം മിനിറ്റില്‍ ബെയ്‌ലിന്റെ ബൂട്ടില്‍ പന്തെത്തുമ്പോള്‍ ബാഴ്‌സയുടെ ആധിപത്യവും സ്‌കോര്‍ 1-1 സമനിലയുമായിരുന്നു. പന്തുമായി ബെയ്ല്‍ നടത്തിയ കുതിപ്പ് ഒരു അവിശ്വസനീയ സോളോ ഗോളിലാണ് അവസാനിച്ചത്. ആ ഗോള്‍ മികവില്‍ റയല്‍ കിരീടം തലയിലേറ്റിയപ്പോള്‍ ബെയ്‌ലിനെ ആരാധകര്‍ നെഞ്ചേറ്റി.

2018 - ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഗോള്‍

നാലു വര്‍ഷം മുമ്പ് യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളായിരുന്നു റയല്‍ മാഡ്രിഡിന്റെ എതിരാളികള്‍. മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം കരീം ബെന്‍സേമയുടെ ഗോളില്‍ ലീഡ് നേടിയ റയലിനെ ഞെട്ടിച്ച് സാദിയോ മാനെയുടെ ഗോളില്‍ ലിവര്‍പൂള്‍ ഒപ്പമെത്തി.

പിന്നീട് കണ്ടത് ഇഞ്ചോടിഞ്ച് പോരാട്ടം. വിട്ടുകൊടുക്കാതെ പൊരുതുന്ന ലിവര്‍പൂളിനെതിരേ റയല്‍ മാഡ്രിഡ് കോച്ച് സിനദിന്‍ സിദാന്‍ 61-ാം മിനിറ്റില്‍ തുറുപ്പ് ചീട്ടായി ഇറക്കിയത് ബെയ്‌ലിനെ. കളത്തിലിറങ്ങി മൂന്നാം മിനിറ്റില്‍ തകര്‍പ്പനൊരു ബൈസിക്കിള്‍ കിക്കിലൂടെ റയലിന് ലീഡ് സമ്മാനിച്ച ബെയ്ല്‍ 83-ാം മിനിറ്റില്‍ മാസ്മരികമായ ഒരു ലോങ് റേഞ്ചര്‍ ഗോള്‍ കൂടി നേടി അവരെ യൂറോപ്യന്‍ ചാമ്പ്യന്മാരാക്കി.

ലീഗ് സോക്കര്‍ ഫൈനല്‍

മേജര്‍ ലീഗ് സോക്കറില്‍ അത്രയധികം പ്രകടനങ്ങള്‍ ബെയ്ല്‍ പുറത്തെടുത്തിട്ടില്ല. ഡേവിഡ് ബെക്കാമിന്റെ ലോസ് ഏഞ്ചലസ് എഫ്.സിക്കായി ബെയ്ല്‍ മുഴുവന്‍ സമയമൊന്നും കളിക്കാനിറങ്ങിയിട്ടില്ല. എന്നാല്‍ ടീമിന്റെ നിര്‍ണായക നിമിഷങ്ങളിലൊക്കെ ബെയ്ല്‍ രക്ഷകനായി അവതരിച്ചു. അതിലെ ഏറ്റവും നിര്‍ണായക മത്സരമായിരുന്നു ലീഗ് ഫൈനലിലേത്.

ഫിലാഡെല്‍ഫിയ യൂണിയനെതിരായ മത്സരത്തില്‍ എക്‌സ്ട്രാ സെമിലായിരുന്നു ബെയ്‌ലിന്റെ അവതാരപ്പിറവി. നിശ്ചിത സമയം ഗോള്‍രഹിതമായി തുടര്‍ന്നതിനേത്തുടര്‍ന്ന് അധികസമയത്തേക്ക് നീണ്ട മത്സരത്തിന്റെ 123-ാം മിനിറ്റില്‍ ഫിലാഡെല്‍ഫിയ ലീഡ് നേടി. അതോടെ അവര്‍ അട്ടിമറി ജയം ഉറപ്പിച്ചു. എന്നാല്‍ ബെയ്ല്‍ അതിന് ചെക്ക് പറഞ്ഞത് 128-ാം മിനിറ്റില്‍. വെല്‍ഷ് താരത്തിന്റെ ഗോളില്‍ ജീവന്‍ നീട്ടിയ ലോസ് ഏഞ്ചലസ് പിന്നീട് ഷൂട്ടൗട്ടില്‍ 3-0ന് കിരീടം ചൂടി.

logo
The Fourth
www.thefourthnews.in