ഫുട്ബോൾ മതിയാക്കിയത് ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ; ഗാരെത് ബെയ്‌ലിന്റെ ഭാവി പരിപാടി ഇങ്ങനെ!

ഫുട്ബോൾ മതിയാക്കിയത് ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ; ഗാരെത് ബെയ്‌ലിന്റെ ഭാവി പരിപാടി ഇങ്ങനെ!

അനവധി ബിസിനസ്‌ താല്പര്യങ്ങളുള്ള ബെയ്‌ൽ ഇനി അവയിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് വെയിൽസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
Updated on
2 min read

ഗാരെത് ബെയ്‌ലിന്റെ വിരമിക്കൽ പ്രഖ്യാപനം അദ്ഭുതത്തോടെയാണ് കായികലോകം ഇന്നലെ കേട്ടത്. ഈ സീസൺ തുടക്കത്തിലാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് വിട്ട് എംഎൽഎസ് ക്ലബായ ലോസാഞ്ചൽസ്‌ എഫ്‌സിയിൽ ചേർന്നത്. എംഎൽഎസ് കപ്പിൽ ലോസാഞ്ചൽസ്‌ എഫ്‌സി കിരീടം ചൂടുന്നതിൽ ബെയ്‌ലിന്റെ പങ്ക് ഏറെ നിർണായകമായിരുന്നു. മത്സരത്തെ ഷൂട്ടൗട്ടിലേക്ക് നയിച്ചത് ബെയ്‌ൽ നേടിയ ഗോളാണ്.

മുപ്പത്തിമൂന്നാം വയസിൽ ഫുട്ബോളിന്റെ എല്ലാ ഫോമിൽ നിന്നും വിരമിച്ച ബെയ്ലിന്റെ ഭാവി പരിപാടി തേടിയുള്ള അന്വേഷണത്തിലാണ് ഫുട്ബോൾ ലോകം. നിലവിലെ കണക്ക് പ്രകാരം 119 മില്യൺ പൗണ്ടാണ്‌ അദ്ദേഹത്തിന്റെ ആസ്തി. ഫുട്ബോളിന് പുറമെ അനവധി ബിസിനസ്‌ താല്പര്യങ്ങളുള്ള ബെയ്‌ൽ ഇനി അവയിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് വെയ്ൽസിൽ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വെയ്ൽസിൽ ഒന്നിലധികം ഔട്ട്‌ലെറ്റുകളുള്ള ബാർ ശൃംഖലകൾ അദ്ദേഹത്തിനുണ്ട്. 2017ൽ കാർഡിഫിൽ ആരംഭിച്ച 'ഇലവന്‍സി'ലൂടെ ആയിരുന്നു ഈ രംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് ഫുട്ബോളിന് പുറമെ തന്റെ ഇഷ്ട കായിക ഇനമായ ഗോൾഫും ഉൾപ്പെടുത്തി മേഖല അദ്ദേഹം വിപുലീകരിച്ചു. 'പാര്‍ 59', 'ദി ഡിപോട്ട്‌' തുടങ്ങിയ സ്ഥാപനങ്ങളും അദ്ദേഹം തുടങ്ങി. കഴിഞ്ഞ വർഷം പെൻഡറിൻ ഡിസ്റ്റില്ലെറിയിൽ നടത്തിയ നിക്ഷേപത്തിലൂടെ വിസ്കി നിർമാണ കമ്പനിയിലും അദ്ദേഹം പങ്കാളിയായി.

ഇവയ്ക്ക്പുറമേ ഗോൾഫ് താരങ്ങളായ ടൈഗർവുഡ്‌സും റോറി മക്കിൽറോയും ചേർന്ന് തുടങ്ങുന്ന ടിജിഎൽ എന്ന പുതിയ ഗോൾഫ് സംരംഭവുമായും ബെയ്ൽ സഹകരിക്കുന്നുണ്ട്. നിരവധി കായികതാരങ്ങളടക്കമുള്ള പ്രമുഖരാണ് ഈ സംരംഭത്തിൽ കൈകോർക്കുന്നത്. പിജിഎ ടൂറിനോടൊപ്പം ഒരു ഗോൾഫ് കോഴ്സ് കേന്ദ്രീകരിച്ച്‌ നടത്തുന്ന ആധുനിക ടൂർണമെന്റാണ് ടിജിഎൽ. അടുത്ത വർഷം ജനുവരിയിലാണ് ടൂർണമെന്റ് ആരംഭിക്കാനാണ് പദ്ധതി. കൂടാതെ അഡിഡാസ്, ബിടി സ്പോർട്സ്, ഇഎ സ്പോർട്സ് തുടങ്ങിയ മുൻനിര ബ്രാന്ഡുകളുമായും അദ്ദേഹത്തിന് കരാറുണ്ട്.

logo
The Fourth
www.thefourthnews.in