യുവേഫ ചാമ്പ്യൻസ് ലീഗ്‌: ബാഴ്‌സയ്ക്ക് വീണ്ടും തോൽവി

യുവേഫ ചാമ്പ്യൻസ് ലീഗ്‌: ബാഴ്‌സയ്ക്ക് വീണ്ടും തോൽവി

ഇറ്റാലിയൻ ക്ലബ്ബ് ഇന്റർ മിലനാണ്‌ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സയെ തോൽപ്പിച്ചത്
Updated on
1 min read

ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സയ്ക്ക് വീണ്ടും തോൽവി. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ ഇറ്റാലിയൻ ക്ലബ്ബ് ഇന്റർ മിലനാണ്‌ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സയെ തോൽപ്പിച്ചത്. ഹകാൻ സൽഹാനോഗ്ലുവാണ് ഇന്ററിന്റെ ഗോൾ നേടിയത്. അടുത്തയാഴ്ച ഇന്ററിനെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം.

ഒന്നാം പകുതിയുടെ അധിക സമയത്താണ് ടർക്കിഷ് താരം ഇറ്റാലിയൻ ക്ലബ്ബിന്റെ വിജയ ഗോൾ നേടിയത്. ബോക്സിന് വെളിയിൽ നിന്ന് നിലംപറ്റെ എടുത്ത ഷോട്ട് ബാഴ്‌സ കീപ്പർ ടെർ സ്റ്റീഗന്‌ അവസരം നൽകാതെ വലത്തേ മൂലയിൽ കയറുകയായിരുന്നു. രണ്ടാം പകുതിയിൽ ഗോൾ കണ്ടെത്താൻ ബാഴ്‌സ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 66ാം മിനുട്ടിൽ യുവതാരം പെഡ്രി ഗോൾ നേടിയെങ്കിലും ഗോളിന് മുൻപ് സഹതാരം അന്‍സു ഫാറ്റിയുടെ കയ്യിൽ തട്ടിയതിനാൽ ഗോൾ നിഷേധിക്കപ്പെട്ടു.

സ്പാനിഷ് ടീം ആയ അത്ലറ്റികോ മാഡ്രിഡും ഇന്നലത്തെ മത്സരത്തിൽ തോറ്റു. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ക്ലബ് ബ്രൂഗയോടായിരുന്നു അത്ലറ്റികോ മാഡ്രിഡിന്റെ തോൽവി. കമാൽ സോവ, ഫെറാൻ ജട്ട്ഗ്ല എന്നിവരാണ് ബെൽജിയം ക്ലബ്ബിനായി ഗോൾ നേടിയത്. ഒരു ജയം മാത്രമുള്ള അത്ലറ്റികോ മാഡ്രിഡ് ഗ്രൂപ്പ് എയിൽ അവസാന സ്ഥാനത്താണ്.

മറ്റ് മത്സരങ്ങളിൽ നാപോളി അയാക്സിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ ആറ് ഗോളിന്റെ വലിയ ജയമാണ് നാപോളി സ്വന്തമാക്കിയത്. ജിയാകോമോ റാസ്പഡോറി, ജിയോവാനി ലോറെൻസോ, പിയോറ്റർ സീലിൻസ്കി, ഖ്വിച ക്വാരത്സ്ഖേലിയ, ജിയോവന്നി സിമിയോണി എന്നിവരാണ് ഗോൾ നേടിയത്. അയാക്സിന്റെ ഗോൾ മുഹമ്മദ് കുഡൂസിന്റെ വകയായിരുന്നു.

ലിവർപൂൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് റേഞ്ചേഴ്‌സിനെ തോൽപ്പിച്ചപ്പോൾ, ബയേൺ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് ദുർബലരായ എഫ്‌സി വിക്ടോറിയ പ്ലസെനെ തകർത്തുവിട്ടു. ലിയോറി സാനെ ഇരട്ട ഗോള്‍ നേടിയപ്പോള്‍, സെർജ് ഗ്നാബ്രി, സാദിയെ മാനെ, ചൗപോ-മോട്ടിംഗ് എന്നിവരായിരുന്നു ബയേണിന്റെ സ്കോറർമാർ. ലിവർപൂളിനായി അലക്സാണ്ടർ അർണോൾഡ്, മുഹമ്മദ് സല എന്നിവർ ഗോൾ നേടി.

മാര്‍സെയില്‍ ഒന്നിനെതിരെ നാല്‌ ഗോളുകൾക്ക് സ്പോർട്ടിങ്ങിനെയും, പോർട്ടോ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബയേർ ലെവർക്യൂസനെയും തോൽപ്പിച്ചപ്പോൾ ടോട്ടൻഹാം ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.

logo
The Fourth
www.thefourthnews.in